
- 'നിൽക്കക്കള്ളിയില്ലെങ്കിൽ' നടപടി: കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് ഭയന്ന്
- ശബരിമല കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ സി.പി.എം. നേതാക്കൾക്കെതിരെ നടപടി
- പാർട്ടിക്ക് ഔദ്യോഗിക 'വക്താക്കളില്ല'; ജോൺ ബ്രിട്ടാസിനെ നിയോഗിച്ചിട്ടില്ല
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെപ്പറ്റി എൽ.ഡി.എഫിനോ സി.പി.എമ്മിനോ യാതൊരു ഭയവുമില്ലെന്നും കേരളം ഇനി എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്നും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കഴിഞ്ഞ പത്തുവർഷത്തെ ഇടതു ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന വിഷയങ്ങളിലെ എം.എ. ബേബിയുടെ പ്രതികരണങ്ങൾ:
തദ്ദേശ തിരഞ്ഞെടുപ്പ്: കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽ.ഡി.എഫ് നേടും. കാശുകൊടുത്ത് വോട്ട് വാങ്ങുന്നതല്ല, ജനം ഹൃദയത്തിൽ നിന്ന് നൽകുന്നതാണ്.
സർക്കാർ വിലയിരുത്തൽ: കേരളം തുടർച്ചയായി പത്തുവർഷം ഇടതുപക്ഷം ഭരിക്കുന്നത് ചരിത്രമാണ്. വികസന പ്രവർത്തനങ്ങളും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലുള്ള ഇടപെടലുമാണ് ഇതിന് കാരണം. 'പവർ കട്ട്' ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്.
ക്ഷേമ പ്രവർത്തനങ്ങൾ: പെൻഷൻ വർധനവും ആനുകൂല്യങ്ങളും കൈക്കൂലിയല്ല; സാധാരണക്കാർക്ക് അർഹതപ്പെട്ടതാണ്. തീവ്ര ദാരിദ്ര്യ നിർമാർജനമാണ് കേരളത്തിൽ നടന്നത്. നാലേമുക്കാൽ ലക്ഷം അടച്ചുറപ്പുള്ള വീടുകൾ നൽകി.
വിവാദങ്ങൾ (ശബരിമല, പി.എം.ശ്രീ):
ശബരിമല: കേസ് അന്വേഷിക്കുന്നത് പക്ഷപാതരഹിതമായാണ്. സി.പി.എം. ബന്ധമുള്ളവർ അറസ്റ്റിലായിട്ടും പാർട്ടി സംരക്ഷണം നൽകിയില്ല. കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ അതിന്റെ ഗൗരവം അനുസരിച്ച് നേതാക്കൾക്കെതിരെ പാർട്ടി നടപടി പരിശോധിക്കും.
പി.എം.ശ്രീ: അർഹിക്കുന്ന സാമ്പത്തിക സഹായം നൽകാതെ കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുമ്പോൾ യു.ഡി.എഫ്. എം.പിമാർ മൗനം പാലിച്ചു. ബി.ജെ.പിയുടെ വർഗീയ അജണ്ട പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാൻ കേരളം അനുവദിക്കില്ല.
രാഹുൽ മാങ്കൂട്ടത്തിൽ നടപടി: പ്രതിപക്ഷ നേതാവിന് പരാതികൾ കിട്ടിയിട്ടും ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തുകൊണ്ട്? നിൽക്കക്കള്ളിയില്ലെന്ന് വന്നപ്പോഴാണ് തിരഞ്ഞെടുപ്പിനെ പേടിച്ച് ഇപ്പോൾ പുറത്താക്കിയത്.
വക്താവ്: സി.പി.എമ്മിന് അഭിപ്രായം പറയാൻ ഔദ്യോഗിക വക്താക്കളില്ല. പാർട്ടി നിർദേശിച്ച ചട്ടക്കൂടിൽ നിന്നുകൊണ്ട് നേതാക്കൾക്ക് മറുപടി പറയാം.











