02:39pm 13 November 2026
NEWS
പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ പിതാവിന്റെ വീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആദ്യം പറഞ്ഞത് കേരളശബ്ദം
23/05/2025  01:23 PM IST
nila
പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ പിതാവിന്റെ വീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആദ്യം പറഞ്ഞത് കേരളശബ്ദം

മൂന്നര വയസുള്ളൊരു പെൺകുട്ടിയെ പെറ്റമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്നാണ് ആ യുവതി സ്വന്തം കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ‌രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി കുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത പരന്നതോടെ തന്നെ പെറ്റമ്മ കുഞ്ഞിനെ അപായപ്പെടുത്തിയതാകാം എന്ന അഭ്യൂഹവും പരന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ചാലക്കുടി പുഴയിൽ തെരച്ചിൽ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയിലും പൊലീസും ഫയർഫോഴ്സും നാട്ടുകാരും രാത്രിയിലും തെരച്ചിൽ തുടരുകയും ചൊവ്വാഴ്ച്ച പുലർച്ചയോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മലയാളത്തിലെ മാധ്യമങ്ങളും സൈബർ ലോകവും ഉൾപ്പെടെ ഇതോടെ ആ യുവതിയെ പരസ്യവിചാരണ ചെയ്യാൻ തുടങ്ങി. പെണ്ണെന്തോ മഹാ അപരാധം മറയ്ക്കാൻ കൊടും ക്രൂരത ചെയ്തു എന്ന നിലയിലായിരുന്നു എവിടെയും ഉയർന്ന ചർച്ച. എന്നാൽ, പെറ്റമ്മ സ്വന്തം കുഞ്ഞിനെ കൊല്ലാനായി വലിച്ചെറിയണമെങ്കിൽ അതിനു പിന്നിൽ ഒരു കാരണമുണ്ടാകുമെന്നും അന്വേഷണം യുവതിയുടെ ഭർത്താവിന്റെ വീട്ടിലേക്കും നീളണമെന്നും ആദ്യം പറഞ്ഞത് കേരളശബ്ദമായിരുന്നു. 

കേരളത്തിൽ സ്ത്രീകൾ പ്രതികളാകുന്ന കേസുകളെ ആഘോഷമാക്കുക മാത്രമാണ് മാധ്യമങ്ങളും സോഷ്യൽമീഡിയയും ചെയ്യുന്നത്. എന്തുകൊണ്ട് സ്ത്രീകൾ നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ പോലും കൊല്ലുന്നു എന്ന അന്വേഷണം ഒരുകാലത്തും ഉണ്ടായിരുന്നില്ല. എന്നാൽ, പുത്തൻകുരിശിലെ മൂന്നര വയസുകാരിയെ പെറ്റമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘം അതിനുമപ്പുറമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തയ്യാറായതോടെയാണ് ഒരമ്മയുടെ വളർന്നു വരുന്ന മകളെ കുറിച്ചുള്ള ആശങ്കകളും ഒരു യുവതി ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും മാനസികനില(താളംതെറ്റിയെങ്കിൽ?) അത്ര ശക്തമായ നിലയിലല്ലാത്ത സ്ത്രീകൾ നേരിടേണ്ടിവരുന്ന അവ​ഗണനയും ഒറ്റപ്പെടലുകളും എല്ലാം ഈ നാടിന് മുന്നിൽ തെളിഞ്ഞു വന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത സർജനും അക്കാര്യത്തിൽ പുലർത്തിയത് വലിയ ജാ​ഗ്രതയും സൂക്ഷ്മതയുമായിരുന്നു. സാധാരണ​ഗതിയിൽ വെള്ളത്തിൽ വീണുമരിച്ച ഒരു മൃതശരീരത്തിൽ പീഡനത്തിന്റെ തെളിവുകൾ അവശേഷിക്കണമെന്നില്ല. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ താൻ കണ്ടെത്തിയതും തന്റെ നി​ഗമനങ്ങളും സംശയങ്ങളുമെല്ലാം സർജൻ അന്വേഷണ സംഘവുമായി പങ്കുവച്ചതോടെയാണ് അന്വേഷണം മറ്റൊരു വഴിക്ക് നീങ്ങിയതും പിഞ്ചോമനയോട് കൊടുംക്രൂരത കാട്ടിയ നരാധമനെ പിടികൂടിയതും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img