01:19pm 17 October 2026
NEWS
എഐസിസിക്ക് വേണ്ടാത്ത കേരള പ്രദേശ് കോൺഗ്രസ്
16/10/2026  08:17 AM IST
ചെറുകര സണ്ണീലൂക്കോസ്
എഐസിസിക്ക് വേണ്ടാത്ത  കേരള പ്രദേശ് കോൺഗ്രസ്

കേരളത്തിലെ കോൺഗ്രസ് സംഘടന പിരിച്ചുവിട്ടതായോ കേരളത്തിൽ കോൺഗ്രസ് ഇനി പ്രവർത്തിക്കേണ്ടതില്ല എന്നോ, ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയോ ഹൈക്കമാൻഡോ ഔദ്യോഗികമായി തീരുമാനിച്ചതായി വിവരമില്ല. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അങ്ങനെയൊരു നിലപാട് ഉണ്ടെന്ന് കരുതാതിരിക്കാനാവില്ല.

2026 മേയ് 18 ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽഗാന്ധി, പ്രീയങ്കാഗാന്ധി, ദേശിയാ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി വി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢി, ഉപമുഖ്യമന്ത്രി മല്ലുഭാട്ടി വിക്രമാർക്ക, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, എ.ഐ.സി.സി നേതാക്കളായ മുകൾവാസ്‌നിക്, അജയ്മാക്കൻ, ദീപദാസ് മുൻഷി തുടങ്ങി ദേശീയ നേതാക്കളുടെ വലിയ ഒരു നിരതന്നെയുണ്ടായിരുന്നു.

അതോടെ തീർന്നു ദേശീയ നേതാക്കളുടെ കേരള താൽപ്പര്യം. ദേശീയനേതൃത്വം ആഗ്രഹിച്ചയാളെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കാൻ സാധിച്ചില്ലെന്നതിലുള്ള നിരാശയും അമർഷവും കേരളത്തിൽ ചുമതലയുണ്ടായിരുന്ന ദീപാദാസ് മുൻഷിക്കടക്കം ഉണ്ടായിരുന്നുവെന്നത് കോൺഗ്രസിൽ ഒരു രഹസ്യമല്ല. ദേശീയ നേതൃത്വത്തിന്റെ താൽപ്പര്യം അറിഞ്ഞ് നിലപാട് എടുത്ത എം.പിമാരും എം.എൽ.എമാരും വെട്ടിലായി. സാധാരണ അണികളുടെയും പൊതുജനങ്ങളുടെയും താൽപ്പര്യം മാനിച്ച് അസാധാരണമായ ഒരു ജനാധിപത്യ തീരുമാനത്തിന് രാഹുൽഗാന്ധി സന്നദ്ധനായെങ്കിലും ദേശീയ നേതൃത്വത്തിന്റെ കേരള പാർട്ടി ഘടകത്തോടുള്ള താൽപ്പര്യം മേയ് 18 ഓടെ അവസാനിച്ചതായിട്ടാണ് അനുഭവത്തിൽ കാണുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കെ.പി.സി.സിക്ക് ഫലത്തിൽ നാഥനില്ലാതായി. മന്ത്രിയായപ്പോഴേ സണ്ണിജോസഫ് രാജിസന്നദ്ധത പ്രകടിപ്പിച്ചത് മനസ്സുകൊണ്ട് അദ്ദേഹം ആ ഉത്തരവാദിത്തം ഒഴിഞ്ഞതിനുതുല്യമാണ്. നിവൃത്തിയില്ലാത്തതുകൊണ്ട് ചില കടലാസുകളിൽ ഒപ്പുവയ്ക്കാൻ ആളൊഴിഞ്ഞ കെ.പി.സി.സി ഓഫീസിൽ വല്ലപ്പോഴും എത്തുന്നുണ്ടെന്ന് മാത്രം. പ്രസിഡന്റ് വർക്ക് ചെയ്യാതായാൽ വർക്ക് ചെയ്യാൻ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും പാർട്ടി സംസ്ഥാനത്തു നിയമിച്ചിട്ടുണ്ട്. അവരിൽ രണ്ടുപേർ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും സെക്രട്ടറിയേറ്റിൽ നിന്നും കെ.പി.സി.സി ഓഫീസിലേക്കുള്ള വഴിതന്നെ മറന്നിട്ടുണ്ടാവും. മറ്റൊരു വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലാണ്. വി.ഡി. സതീശൻ കഴിഞ്ഞാൽ സംസ്ഥാന കോൺഗ്രസിലെ ക്രൗഡ് പുള്ളർ നേതാവ് ഷാഫി പറമ്പിലായിരുന്നു. ആര് മുഖ്യമന്ത്രിയാകണം എന്ന കാര്യത്തിൽ നിലപാട് എടുത്തതോടെ ഷാഫിയുടെ ജനപ്രീതിക്ക് ഇടിവുണ്ടായി. അതോടെ ഷാഫിയും വർക്കിംഗ് പ്രസിഡന്റ് ആയി ആക്ട് ചെയ്യാതായി.

ഭാരവാഹികളാണെങ്കിൽ ട്രഷറെ കൂടാതെ 13 വൈസ് പ്രസിഡന്റുമാരും 59 ജനറൽ സെക്രട്ടറിമാരും ഉണ്ട്. അവരിൽ പലരും എം.എൽ.എമാരാണെന്നല്ലാതെ പാർട്ടിയുടേതായ ചുമതലകളൊന്നുമില്ല. ചുരുക്കത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ കോൺഗ്രസ് സംഘടന ഇത്ര നിർജീവമായ നിശ്ചലമായ ഒരു കാലഘട്ടം ഇല്ല. 2021 ൽ യു.ഡി.എഫിന് ഭരണം കിട്ടാതെ പോയതിനു പ്രധാന കാരണം സംഘടനാപ്രവർത്തനം മോശമായതുകൊണ്ടാണെന്നുപറഞ്ഞവർ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തുപറയുന്നുവോ ആവോ?

യൂത്ത് കോൺഗ്രസിന്റെ ചടുലമയ സംഘടനാപ്രവർത്തനത്തിന്റെ സുവർണ്ണ കാലമായിരുന്നു രണ്ടാം പിണറായി സർക്കാർ ഭരിച്ചിരുന്ന 5 വർഷം. ആ യൂത്ത് കോൺഗ്രസും ഇപ്പോൾ പ്രവർത്തനം നാമമാത്രമാക്കി ഷെഡ്ഡിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷും മന്ത്രിയാണ്. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. നിലവിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധി 2026 ഡിസംബറിലേ അവസാനിക്കൂ. അതുവരെ മാറ്റം ഒന്നും ഉണ്ടാവില്ല എന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

കേരളത്തിലെ മഹിളാകോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ബിന്ദുകൃഷ്ണ മന്ത്രിയും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാണ്. അഡ്വ. ജെ.ബി മേത്തർ എം.പിയാണ്. കേരളപ്രദേശ് മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ. ജെ.ബി. മേത്തറും മറ്റൊരു പ്രധാന മഹിളാ നേതാവായ ദീപ്തി മേരി വർഗ്ഗീസും കെ.സി. വേണുഗോപാൽ ഗ്രൂപ്പിന്റെ മുൻനിര പോരാളികൾ എന്ന നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രധാന വിമർശകരാണ്. ഫലത്തിൽ മഹിളാകോൺഗ്രസും ചലിക്കുന്നില്ല.

2022 ഒക്‌ടോബർ 28 മുതൽ അലോഷ്യസ് സേവ്യറാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് അലോഷ്യസ് രാജിവെച്ചതായി മാർച്ച് 19 ന് വാർത്ത പുറത്തുവന്നെങ്കിലും ഗ്രൂപ്പ് നേതാക്കൾ ഇടപെട്ട് രാജി പിൻവലിപ്പിച്ചു. ഇപ്പോഴും അദ്ദേഹം പദവിയിലുണ്ടെങ്കിലും മുഖ്യമന്ത്രിക്കെതിരെ അഭിപ്രായം സ്വരൂപിക്കുന്നുണ്ടെന്നല്ലാതെ സംഘടനാപ്രവർത്തനത്തിനൊന്നും മിനക്കെടുന്നില്ല.

ഫലത്തിൽ പണ്ടേ ദുർബലമായ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന കേരളത്തിലെ കാമ്പസുകളിൽ സാന്നിദ്ധ്യം പോലും അറിയിക്കാത്ത സ്ഥിതിയിലായി. കോഴിക്കോട് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 43 കോളേജുകളിൽ എതിരില്ലാതെയാണ് എസ്.എഫ്.ഐ തിരഞ്ഞെടുക്കപ്പെട്ടത്. 202 കോളേജുകളിൽ 127 ഇടത്തും എസ്.എഫ്.ഐ ആണ് വിജയിച്ചത്. എം.എസ്.എഫിന് സ്വാധീനമുള്ളയിടങ്ങളിലാണ് കെ.എസ്.യുവിന് പേരിനെങ്കിലും നേട്ടമുണ്ടാക്കാനായത്. കേരള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെ 71 കോളേജുകളിൽ 62 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 12 ഇടത്തുമാത്രമാണ് കെ.എസ്.യുവിന് നേട്ടമുണ്ടാക്കാനായത്. വർഷങ്ങൾക്ക് ശേഷം ആലുവ യു.സി കോളേജ് വരെ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 77 ൽ 53 ലും എസ്.എഫ്.ഐ ആണ് വിജയിച്ചത്.

2026 ലെ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളെല്ലാം നടന്നത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. ജെൻസികൾക്കിടയിലുള്ള പിന്തുണയിലാണ് സി.പി.എംന്റെ ഭാവിപ്രതീക്ഷ. അങ്ങനുള്ള ചിന്തകളൊന്നും പക്ഷേ കോൺഗ്രസ് നേതൃത്വത്തെ അലട്ടുന്നതേയില്ല.

യു.ഡി.എഫ് അധികാരമേറ്റശേഷം ആദ്യമായി തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുണ്ടാക്കിയ നേട്ടം യാദൃച്ഛികമായി സംഭവിച്ചതല്ല. 12 ജില്ലകളിലെ 32 വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് 22 ൽ നിന്ന് 19 ലേക്ക് പിന്നോക്കം പോയപ്പോൾ എൽ.ഡി.എഫ് 15 ൽ നിന്ന് 18 ലേക്ക് മുന്നേറി. ലഭിച്ച അധിക സീറ്റിനേക്കാൾ, വോട്ടുവിഹിതത്തിലുണ്ടായ വർദ്ധനയാണ് ശ്രദ്ധിക്കേണ്ടത്. 38 വാർഡുകളിലായി ആകെ പോൾ ചെയ്ത 181, 862 വോട്ടിന്റെ 46.80 ശതമാനം ഇടതുമുന്നണി നേടി. യു.ഡി.എഫ് ന് ലഭിച്ചത് 40.49 ശതമാനം. യു.ഡി.എഫ് സിറ്റിംഗ് സീറ്റ് നിലനിൽത്തിയ സ്ഥലങ്ങളിൽ മിക്കയിടത്തും ഭൂരിപക്ഷം കുറഞ്ഞു.

സംഘടനാ നേതൃതലങ്ങളിലുണ്ടായ വീഴ്ചയാണ് പരാജയകാരണമെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രചാരണരംഗത്ത് ഒരു ഏകോപനവും ഉണ്ടായിരുന്നില്ല. പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം അതിന് ഒരു ക്രമീകരണവും ചെയ്തിരുന്നില്ല. പല വാർഡുകളിലും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനാനോട്ടീസ് പോലും കൃത്യമായി വിതരണം ചെയ്തിരുന്നില്ല. പല നേതാക്കളും തിരഞ്ഞെടുപ്പ് നടന്നിടത്തേയ്ക്ക് തിരിഞ്ഞുനോക്കിയില്ല. ചില പ്രാദേശിക നേതാക്കൾ പങ്കെടുത്ത യോഗങ്ങളിൽ മാത്രം പ്രചാരണം ഒതുങ്ങി. അതേസമയം എൽ.ഡി.എഫ് അണികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന റിസൾട്ട് ഉണ്ടാക്കാനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു.

ഈ തിരിച്ചടിയിൽ നിന്നു പാഠം ഉൾക്കൊള്ളാനായില്ലെങ്കിൽ യു.ഡി.എഫിന്, കോൺഗ്രസിന് ഒരു പിന്നോട്ടു പോക്കിന്റെ തുടക്കമായി ഉപതിരഞ്ഞെടുപ്പ് ഫലത്തെ കാണാവുന്നതാണ്.

കോൺഗ്രസിൽ അതാഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നുള്ളതുകൊണ്ട് പ്രധാനമായി പാഠം ഉൾക്കൊള്ളേണ്ടത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. എത്ര മികച്ചഭരണം കാഴ്ചവച്ചാലും കൂടെ സംഘടനയില്ലെങ്കിൽ വിപരീത ഫലമുണ്ടാകും. പോകുന്നിടങ്ങളിലെല്ലാം ആൾക്കൂട്ടം തടിച്ചുകൂടുന്നതുകൊണ്ട് ജനങ്ങളെല്ലാം സർക്കാരിനൊപ്പമാണെന്ന് കരുതിയാൽ ഇപ്പോഴുണ്ടായത് പോലെ പെട്ടിപൊട്ടിക്കുമ്പോൾ വോട്ടുകാണില്ല. മറ്റൊരു ഉമ്മൻചാണ്ടിയാകാനൊന്നും കഴിഞ്ഞില്ലെങ്കിലും കുറച്ചുകൂടി വിമർശകരോട് സഹിഷ്ണുത കാണിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യുദയകാംക്ഷികൾ പോലും പറയുന്നത്. ഒരു മുഖ്യമന്ത്രിയുടെ ശരീരഭാഷയും സംസാരഭാഷയും അസഹിഷ്ണുവായ വ്യക്തിയുടേതായിക്കാണാൻ കേരളം ഇഷ്ടപ്പെടില്ല.

കരുണാകരനേയും ഉമ്മൻചാണ്ടിയേയും ഒക്കെ ഉള്ളിൽ സി.പി.എം രാഷ്ട്രീയക്കൂറ് വച്ചുപുലർത്തുന്ന മാധ്യമപ്രവർത്തകർ നിർദ്ദയം വിചാരണ ചെയ്തിട്ടുണ്ട്. വേട്ടയാടിയിട്ടുണ്ട്. പുതിയ കാലത്ത് അതിനേക്കാൾ രൂക്ഷമായ കടന്നാക്രമണം പ്രതീക്ഷിക്കാവുന്നതാണ്. ഒരാൾ ക്ഷിപ്രകോപിയും പെട്ടെന്ന് പ്രകോപിതനാകുന്നയാളുമാണെന്ന് മനസ്സിലായാൽ അയാളെ വഷളാക്കാൻ കടുത്ത രാഷ്ട്രീയപ്പകയുള്ളവർ അതേ മാർഗ്ഗം തന്നെ സ്വീകരിക്കും. ചില മാധ്യമപ്രവർത്തകർ ബോധപൂർവ്വം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ പോലും തയ്യാറാകുന്നുണ്ട്. പക്ഷേ അവർ ഒരുക്കുന്ന കെണിയിൽ മുഖ്യമന്ത്രി പെട്ടുപോകുന്നുവോ എന്ന് സംശയമുണ്ട്.

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഏറ്റവും ഒടുവിൽ നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അദ്ദേഹത്തിന്റെ പ്രതിച്ഛായയിൽ വലിയ ഇടിവുണ്ടാക്കി എന്നതിൽ യാതൊരു സംശയവുമില്ല. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പുള്ള ഒരു ഫ്‌ളൈറ്റ് യാത്ര വിശദീകരിക്കാൻ തയ്യാറാകാതിരുന്നതുകൊണ്ടുതന്നെ പ്രതിപക്ഷം ആരോപണത്തിന്റെ പുകമറയിൽ നിർത്തിയിരിക്കുമ്പോൾ അത്യാഹിതം ഉണ്ടായിടത്തുപോകാനാണെങ്കിലും ഫ്‌ളൈറ്റ് യാത്രയുടെ ചെലവ് ആരും വഹിച്ചു എന്ന് വെളിപ്പെടുത്തുന്നതായിരുന്നു സുതാര്യത. കർണ്ണാടക മന്ത്രി കെ.ജെ. ജോർജ്ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേരളചന്ദ്ര ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണെങ്കിൽ അതുപറഞ്ഞാൽ തീരാവുന്ന വിവാദമേ ഉണ്ടായിരുന്നുള്ളൂ.

അതിനുപകരം സർക്കാരിന് നഷ്ടമൊന്നും ഉണ്ടായില്ലല്ലോ എന്നുപറയുന്നതിലും ഇനിയും മറ്റാരേലും സ്‌പോൺസർ ചെയ്യുന്ന വിമാനത്തിൽ പോകുമെന്ന് പറയുന്നതിലും ധാർമ്മികമായി വലിയ അപചയം ഉണ്ടെന്ന് മുഖ്യമന്ത്രി അതുപറയും മുമ്പ് ചിന്തിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തെ പിന്തുണച്ചിരുന്നവരെല്ലാം പിന്നീട് അഭിപ്രായപ്പെട്ടത്.

മുൻ ഗവൺമെന്റിന്റെ വീഴ്ചകൾ എത്ര തവണ വേണമെങ്കിലും ആവർത്തിച്ചുപറയാം. പക്ഷേ അത് അതേ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പാഠമാകുന്നതിനുവേണ്ടിയാകണം. തെറ്റുകൾ മുൻസർക്കാരിലും സംഭവിച്ചിട്ടുള്ളത് വീണ്ടും ചെയ്യുന്നതിന് ന്യായമാകുന്നില്ല. അധികാരപദവിയിലുള്ള ഒരാൾ സ്വന്തം ആത്മാർത്ഥ സ്‌നേഹിതരുടെ പോലും വിമർശനങ്ങളും ഉപദേശങ്ങളും നിർദ്ദേശങ്ങളും ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടാൽ പിന്നെ തിരുത്താൻ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരാളും തയ്യാറാവില്ല. ആത്മാർത്ഥതയില്ലാത്ത സ്തുതിപാഠക്കാരും പാടിപ്പുകഴ്ത്തലുകാരും മാത്രമാവും ചുറ്റും.

ചുരുങ്ങിയ സമയം കൊണ്ട് ഭരണത്തിന് മികച്ച തുടക്കമിടാൻ വി.ഡി. സതീശൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം നിർദ്ദാക്ഷിണ്യം ഭരണത്തേയും മുഖ്യമന്ത്രിയേയും കടന്നാക്രമിക്കുമ്പോൾ മുഖ്യമന്ത്രിയേയും സർക്കാരിനെയുംപ്രതിരോധിക്കാൻ വിരലിലെണ്ണാനുള്ള കോൺഗ്രസ് നേതാക്കൾ പോലും രംഗത്ത് വരാൻ മടിക്കുന്നു എന്നുള്ളതാണ് വാസ്തവം. 

അതിനുള്ള പ്രധാന കാരണം കോൺഗ്രസിലെ ഉൾപ്പോര് തന്നെയാണ്. പിണറായി ഭരണത്തെ താഴെയിറക്കാൻ കാര്യമായ എന്തെങ്കിലും സംഭാവന ചെയ്തയാളല്ല അടൂർ പ്രകാശ്. സാമുദായിക അക്കൗണ്ടിൽ ആണ് യു.ഡി.എഫ് കൺവീനർ പദവി  ലഭിച്ചത്. എം.പിയായിരിക്കെ നിയമസഭയിലേക്ക് മത്സരിച്ച് ഒരിക്കൽകൂടി മന്ത്രിയാകണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു. ഇടയ്ക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളുണ്ടായപ്പോൾ യു.ഡി.എഫ് നേതൃത്വത്തിൽ സജീവമല്ലാതായി. ആരോഗ്യം അൽപ്പം മെച്ചപ്പെട്ടപ്പോൾ കെ.പി.സി.സി പ്രസിഡന്റാകണമെന്നാഗ്രഹം ഉദിച്ചു. പിന്തുണയ്ക്കാൻ വെള്ളാപ്പള്ളി നടേശനുമുണ്ട്. പി.ജെ. ജോസഫ് വിഭാഗത്തിന് തങ്ങൾക്ക് ലഭിച്ചത് പോരാ എന്ന് അൽപ്പം അസംതൃപ്തിയുണ്ടെങ്കിലും യു.ഡി.എഫിൽ പൊതുവേ എല്ലാവരും മുമ്പില്ലാത്തവിധം ഐക്യത്തിൽ ടീം യു.ഡി.എഫ് ആയിട്ടാണ് നിലകൊള്ളുന്നത്.

എന്തുകൊണ്ടാണെന്നറിയില്ല അടൂർ പ്രകാശ് ആ ടീമിന് പുറത്താണ്. അതിലുള്ള അമർഷമാണ് നിലവിട്ട് പുറത്തേക്ക് വന്നത്. എങ്കിലും കെ.പി.സി.സി ഓഫീസിൽ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തണമെങ്കിലും കോൺഗ്രസ് പ്രസിഡന്റിന് പരാതി നൽകി അക്കാര്യം ഡൽഹിയിൽ പരസ്യമായി പത്രക്കാരോട് പറയണമെങ്കിലും അടൂർ പ്രകാശിന് ഡെൽഹിയിൽ ആരുടെയോ ശക്തമായ പിന്തുണയുണ്ടെന്നുള്ളത് ഉറപ്പാണ്. ഗ്യാനേഷ്‌കുമാറിനെതിരെയുള്ള ബാനർ കയ്യിൽ പിടിച്ചുകൊണ്ടാണ് സ്വന്തം മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിർദ്ദേശപ്രകാരമാണ് അടൂർ പ്രകാശ് കോൺഗ്രസ് പ്രസിഡൻിന് പരാതി നൽകിയതെന്നാണ് വിശ്വസനീയ വിവരം. അതുകൊണ്ടാവാം തനിക്കീ രക്തത്തിൽ പങ്കില്ലെന്ന് ഹൈക്കമാൻഡിലെ കരുത്തനായ കെ.സി. വേണുഗോപാൽ പരസ്യമായി പറഞ്ഞത്. കഴിഞ്ഞ നാലുമാസമായി ഒരു പ്രസ്താവന കൊണ്ടുപോലും സർക്കാരിനെതിരേയുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ നിന്നിട്ടില്ലെന്നും എന്നിട്ടും കോൺഗ്രസിലെ ചില നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ കെ.സി. വേണുഗോപാലുമായി ബന്ധിപ്പിക്കുന്നതെന്തിനെന്നുമാണ് അദ്ദേഹം ചോദിച്ചത്. പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്ത് ചർച്ച ചെയ്യുന്നതിനോട് എനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്നും കെ.സി. പറയുകയുണ്ടായി.

എന്നാൽ കേരളത്തിലെ ഭരണതലത്തിലെ പ്രധാന തീരുമാനങ്ങൾ തന്നോട് ആലോചിക്കുന്നില്ലെന്ന് കോൺഗ്രസ് പ്രസിഡന്റിനോട് പറയുന്ന ദീപാദാസ് മുൻഷിയും മുഖ്യമന്ത്രി പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ ചർച്ചചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തുന്നവരും അതിന് കേരളത്തിൽ പാർട്ടിനേതൃത്വം എവിടെയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുന്നില്ല. നിലവിൽ പി.സി.സി പ്രസിഡന്റായ സണ്ണിജോസഫുമായി ചർച്ച ചെയ്യാതെ മുഖ്യമന്ത്രി ഒരു കാര്യവും ചെയ്യാറില്ലെന്ന് സണ്ണിജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്.

ഇനി പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ശക്തമാകണമെങ്കിൽ കെ.പി.സി.സി പുനഃസംഘടിപ്പിക്കണം. പാർട്ടി ശക്തിപ്പെടണമെങ്കിൽ യൂത്ത് കോൺഗ്രസും മഹിളാകോൺഗ്രസും കെ.എസ്.യുവും കൂടി പുനഃസംഘടിപ്പിക്കണം.

എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള കെ.സി. വേണുഗോപാലും കേരള ചുമതലയുള്ള ദീപാദാസ് മുൻഷിയും കൂടി തീരുമാനിച്ചാൽ 24 മണിക്കൂറിനകം നടത്താവുന്നതേയുള്ളൂ കെ.പി.സി.സി പുനഃസംഘടന. ഇനിയുമിത് നീട്ടിക്കൊണ്ടുപോയാൽ വി.ഡി. സതീശൻ മാത്രമല്ല കേരളത്തിലെ കോൺഗ്രസുകാർ മുഴുവൻ വലിയ വിലകൊടുക്കേണ്ടിവരും. പഞ്ചാബിലും ഉത്തർപ്രദേശിലും കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരെ തീരുമാനിച്ച വിവരം കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത് ഒരാഴ്ച മുൻപുമാത്രമാണ്. കേരളത്തിലെ കാര്യത്തിൽ മാത്രം ഒരു തീരുമാനവും ഉണ്ടാകാത്തതിന് ഒരു ന്യായീകരണവും നിലനിൽക്കില്ല. ഒരു ഡസൻ പേരെങ്കിലും പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇടിക്കുന്നുണ്ടെന്ന് കരുതി ഉത്തരവാദപ്പെട്ട നേതാക്കൾ കൈകഴുകി മാറിനിൽക്കുന്നത് ശരിയല്ല. കേരളത്തിൽ നിന്ന് 2029 ലെ ലോക്‌സഭാ ഇലക്ഷനിൽ ഭൂരിപക്ഷം സീറ്റുകൾ ലഭിക്കണമെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ അനാഥാവസ്ഥ മാറിയേ പറ്റൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img