
ദോഹ:ഖത്തറിന്റെ സാംസ്കാരിക ഹൃദയത്തിന്റെ സ്പന്ദനത്തോളം പഴക്കമുള്ള കരിഷ്മ ആർട്സും, ഇൻഡോ–ഖത്തറിന്റെ സാംസ്കാരിക ഹൃദയങ്ങളുടെ പുതുതാളമായ ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബും (GRCC) യും ചേർന്ന് കേരളപ്പിറവിയുടെ ഭാഗമായ കേരളോദയം സാംസ്കാരിക സംഗമം ഒരുക്കുന്നു. ഈ വിപുലമായ കലാസാംസ്കാരിക ഉത്സവം നവംബർ 6-ന് ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐസിസി) അശോക ഹാളിൽ വച്ച് നടക്കും.
കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കലാസൃഷ്ടികളുമായെത്തുന്ന ഈ വേദിയിൽ, കല, സംഗീതം, നൃത്തം, ഫാഷൻ, ചിത്രകല തുടങ്ങിയ നിരവധി കലാവിഭാഗങ്ങൾ ഒരേ വേദിയിൽ നിറം പകരും എന്ന് കരിഷ്മ ആർട്സിന്റെ പ്രസിഡന്റ് മുഹമ്മദ് ബഷീർ അറിയിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണം പ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെ കലാസൃഷ്ടികളെ പുനരാവിഷ്‌ക്കരിച്ചുകൊണ്ട്അണിയിച്ചൊരുക്കുന്ന രാജാ രവിവർമ്മ ഫാഷൻ ഷോ ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. അതിനൊപ്പം, നൃത്തനൃത്യങ്ങൾ, സംഗീത നിശ, സാംസ്കാരിക സംഗമം എന്നിവയും കലാസായാഹ്നത്തിന് നിറപ്പകിട്ടേകും.
കേരളോദയം പരിപാടിയുടെ പോസ്റ്റർ അനാവരണം (റേഡിയോ ലോഞ്ചിംഗ്) ഒക്ടോബർ 20, 2025റേഡിയോ മലയാളം 98.6 എഫ്.എം - ൽ വച്ച് ഔദ്യോഗികമായി നടന്നു. ദീപാവലി ദിനത്തിൽ ഈ പ്രത്യേക പോസ്റ്റർ ലോഞ്ചിംഗ് സംഘടിപ്പിക്കാനായ അവസരം നൽകിയതിന് സംഘാടകർ റേഡിയോ മലയാളം 98.6 എഫ്.എം. അധികൃതർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
ഖത്തറിലെ സജീവ സാംസ്കാരിക പ്രവർത്തകയും ചിത്രകലാധ്യാപികയുമായ ശ്രീമതി രോഷ്നി കൃഷ്ണന്റെ നേതൃത്വത്തിലാണ് രാജാരവിവർമ്മ ഫാഷൻ ഷോഅണിയിച്ചൊരുക്കുന്നത്. കലയുടെയും നിറങ്ങളുടെയും മർമ്മം അറിഞ്ഞ പ്രശസ്തയായ ചിത്രകാരിയിൽ നിന്ന് അതിമനോഹരമായ രവിവർമ്മ ചിത്രങ്ങളുടെ പുനരാവിഷ്കാരം പ്രതീക്ഷിക്കാമെന്ന് സംഘാടകർ ഉറപ്പു നൽകി.
ചടങ്ങിൽ കരിഷ്മ ആർട്സിന്റെയും ജി.ആർ.സി.സി യുടെയും ഔദ്യോഗിക ഭാരവാഹികൾ പങ്കെടുത്തു.
കരിഷ്മ ആർട്സ് ജനറൽ സെക്രട്ടറി ശിവദാസ് കല്ലുള്ളതിൽ, മുൻ പ്രസിഡണ്ടും മാനേജിംഗ് കമ്മിറ്റി അംഗവുമായ അജിത് പിള്ള, ജി.ആർ.സി.സി പ്രസിഡണ്ട് രോഷ്നി കൃഷ്ണൻ, മറ്റു ഭാരവാഹികളായ റസീന കെ.വി., ജയരാജ് കൃഷ്ണൻ, വിനേഷ് ഹെഗ്‌ഡെ, സുബൈർ പാണ്ഡവത്ത്, പ്രദീപ് എം.എം., രഞ്ജിത്ത് ചെമ്മാട്, ആൻസ്റ്റീൻ വിൻസന്റ്, റിയാസ് പി. ലത്തീഫ് എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
കേരളപ്പിറവി ദിനം ഖത്തറിലെ മലയാളി സമൂഹം കലാസാംസ്കാരിക ഐക്യത്തിന്റെ നിറങ്ങളാൽ ആഘോഷിക്കാൻ ഒരുങ്ങുകയാണെന്ന് ‘കേരളോദയം’ പ്രോഗ്രാം കോർഡിനേറ്ററും കരിഷ്മയുടെ വൈസ് പ്രസിഡന്റുമായ ഷെറിൻ സലിം അറിയിച്ചു.
സാംസ്കാരിക, സാമൂഹിക, കലാരംഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
ഖത്തറിലെ മലയാളി സമൂഹത്തിന് കലയുടെ വർണ്ണപ്പകിട്ടും കേരളത്തിന്റെ ആത്മചൈതന്യവും ഒരുമിക്കുന്ന ഒരു മഹാസംഗമം ആയിരിക്കും “കേരളോദയം”.
എല്ലാവരും കൃത്യസമയത്ത് എത്തി, നമ്മുടെ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ ഹൃദയപൂർവ്വം അഭ്യർത്ഥിച്ചു.











