03:42am 09 November 2026
NEWS
പൊതുഗതാഗതത്തിൽ കേരളം മുന്നിൽ; രാജ്യത്ത് 6.7 ലക്ഷം ബസുകൾ കൂടി വേണം
16/08/2026  12:17 PM IST
nila
പൊതുഗതാഗതത്തിൽ കേരളം മുന്നിൽ; രാജ്യത്ത് 6.7 ലക്ഷം ബസുകൾ കൂടി വേണം

രാജ്യത്തെ മികച്ച നിലവാരമുള്ള പൊതുഗതാഗത സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും പരാമർശിക്കുന്നത്. കേരളം ഉൾപ്പെടെ ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് പൊതുഗതാഗത സംവിധാനം നിലവാരമുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും നിർണായകമാണെന്നും പഠനം പറയുന്നു. 12 മീറ്റർ നീളമുള്ള ഒരു മികച്ച ബസിന് ഏകദേശം 20 കാറുകൾക്ക് പകരമാകുമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം.

രാജ്യത്ത് നിലവിൽ 40,000 ട്രാൻസ്പോർട്ട് ബസുകൾ 15 വർഷത്തെ ഉപയോഗപരിധി പിന്നിട്ടിട്ടുണ്ട്. 2030 ആകുമ്പോഴേക്കും വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് ശൃംഖലകളിലുള്ള ഏകദേശം 5.8 ലക്ഷം ബസുകൾ കാലഹരണപ്പെടും. ഇതിന് പരിഹാരമായി സമീപഭാവിയിൽ രാജ്യത്തിന് 6.7 ലക്ഷം ബസുകൾ ആവശ്യമായി വരുമെന്നും സിഎസ്ഇ പഠനം വ്യക്തമാക്കുന്നു.

നിലവിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ ആകെയുള്ള ബസുകളുടെ എണ്ണം ഏകദേശം 65,000 മാത്രമാണ്. അതിനാൽ ആധുനിക ബസുകളുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനായി സ്മാർട് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പൊതുഗതാഗത സംവിധാനവും വികസിപ്പിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

ഭാവിയിലെ ബസുകൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ‘പവർ ട്രെയിൻ’ മാതൃകയിലേക്ക് മാറുമെന്നും പഠനത്തിന് നേതൃത്വം നൽകിയ അനുമിത റോയി ചൗധരി പറഞ്ഞു. ഇക്കാര്യത്തിൽ ചൈനയുടെ പൊതുഗതാഗത മാതൃക ഇന്ത്യയ്ക്ക് പിന്തുടരാവുന്നതാണെന്നും അവർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ബസ് കണക്കുകൾ

പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ ആകെ ബസുകൾ: 14.5 ലക്ഷം
ഒരു ലക്ഷം ജനങ്ങൾക്ക് നിലവിലുള്ള ബസുകൾ: 13.1
ആവശ്യമായ ബസുകൾ: ഒരു ലക്ഷം ജനങ്ങൾക്ക് 44
സമീപഭാവിയിൽ ആവശ്യമായ പൊതുഗതാഗത ബസുകൾ: 6.7 ലക്ഷം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img