10:25pm 03 September 2026
NEWS
കേരളം 'നാർകോ ടെററിസ'ത്തിന്റെ പിടിയിൽ: സ്വാമി മഹേശ്വര ഭദ്രാനന്ദ
01/09/2026  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളം നാർകോ ടെററിസത്തിന്റെ പിടിയിൽ: സ്വാമി മഹേശ്വര ഭദ്രാനന്ദ

ഭാരതീയ സന്യാസപരമ്പരയിൽ ഒരുപാട് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അവരുടെ കർമ്മമേഖലയിലും ജീവിതരീതിയിലും വൈജാത്യങ്ങളുമുണ്ട്. ഹിമാലയനിഗൂഢതകളിൽ തപസ്സിരിക്കുന്നവർ മുതൽ സാമൂഹിക പരിഷ്‌കരണത്തിനായി സമൂഹത്തിൽ പ്രവർത്തിക്കുന്നവർ വരെയുള്ള സന്യാസ പരമ്പരകൾ നിരവധിയാണ്. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അവരുടെ ഗുരുവായിരുന്ന വൈകുണ്ഠസ്വാമികളും അയ്യാഗുരുവുമൊക്കെ ഈ കർമ്മയോഗിപരമ്പരയിലെ ദൃഢകണ്ണികൾ തന്നെ. 

സാമൂഹിക പരിഷ്‌കരണത്തിനായി നിരന്തരം യത്‌നിക്കുന്ന സന്യാസപരമ്പയിലെ ഒരു പ്രധാന കണ്ണിയാണ് സ്വാമി  ഭദ്രാനന്ദ ഏലിയാസ് തോക്കുസ്വാമി. ഹിമാലയത്തിലെ നിഗൂഢഗുഹകളിൽ സംവത്സരങ്ങൾ നീണ്ട തപസ്സിനും പഠനത്തിനും ശേഷമാണ് അദ്ദേഹം പൊതുസമൂഹത്തിലേക്ക് ഇറങ്ങിയത്. പൊതുവെ ദുരൂഹജീവിതം നയിക്കുന്നവരാണ് അഘോരിസന്യാസിമാർ.  സ്വാമി മഹേശ്വര ഭദ്രാനന്ദയുടെ ഗുരുവും ഒരു അഘോരിയായിരുന്നു. എന്നാൽ ഹിമാലയ നിഗൂഢതയിൽ തപസ്സും മനനവുമായി മോക്ഷം തേടുകയല്ല മഹേശ്വര ഭദ്രാനന്ദ ചെയ്തത്. പൊതുസമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുകയും അവിടുത്തെ മാലിന്യങ്ങളും പുഴുക്കുത്തുകളും തുടച്ചുമാറ്റാൻ ശ്രമിക്കുകയുമാണ്. അതിനദ്ദേഹം സ്വീകരിക്കുന്ന മാർഗ്ഗങ്ങളിൽ വിയോജിപ്പുള്ളവരുണ്ടാകാം. സ്വാമിജിയുടെ ഭാഷയുടെ ധിഷണതയിൽ പൊള്ളി വലയുന്നവരുണ്ടാകാം. അവരൊക്കെ സ്വാമിജിയുടെ ശത്രുപക്ഷത്തുനിൽക്കുന്നുണ്ടാകാം. 

പക്ഷേ അതൊന്നും നേരിന്റെ നേർവഴി തേടുന്ന സ്വാമിജിയെ അശേഷം കുണ്ഠിതപ്പെടുത്തുന്നില്ല, ആശങ്കാകുലനാക്കുന്നില്ല. സ്വന്തം കർമ്മ രഥ്യയിലൂടെ നിർഭയം സഞ്ചരിക്കുന്നു. എവിടെ ധർമ്മച്യുതി ഉണ്ടാകുന്നോ അവിടൊക്കെ ഞാനെത്തും എന്ന് ഭഗവത്ഗീതയിൽ പറഞ്ഞ ശ്രീകൃഷ്ണനെപ്പോലെയാണ് സ്വാമിജിയും. എവിടെ അഴിമതിയും അനീതിയും ഉണ്ടാകുന്നോ അവിടൊക്കെ സ്വാമിജി എത്തും. അതിശക്തമായി പ്രതികരിക്കുകയും ചെയ്യും. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യും. അതിൽ വലിപ്പച്ചെറുപ്പമില്ല. ജാതി-മതഭേദമില്ല. ഒരു സന്യാസിയുടെ ഏകദർശനം എന്നുപറയാവുന്ന  നിഷ്പക്ഷ സമീപനം എല്ലാകാര്യത്തിലുമുണ്ട്. അഴിമതിക്കും വർഗ്ഗീയതയ്ക്കും മയക്കുമരുന്നിനുമെതിരെ എക്കാലത്തും, ധീരമായ നിലപാടെടുത്ത കർമ്മയോഗിയാണ്  മഹേശ്വര ഭദ്രാനന്ദ. അതിന്റെ പേരിൽ നിരവധി പ്രാവശ്യം തുറങ്കിലടക്കുകയും ചെയ്യപ്പെട്ടിട്ടുമുണ്ട്. സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുന്നവർക്ക് കൽത്തുറങ്കുസമ്മാനിക്കുന്ന സമൂഹം എന്നും എവിടെയുമുണ്ട്. 

തോക്കുസ്വാമി എന്നൊരു അപരനാമവും സ്വാമിജിക്കുണ്ട്. മുമ്പൊരിക്കൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സ്വാമിജി അതിന് മറുപടിയായി ഒരു മറുചോദ്യം ചോദിച്ചു. ഹൈന്ദവദേവതകളിൽ എല്ലാവരും ആയുധപാണികളല്ലേയെന്ന്. അന്ന് അമ്പും വില്ലും വാളും ശൂലവും ഗദയുമൊക്കെ ആയുധമായിരുന്നു. ഇന്ന് ഈ കാലഘട്ടത്തിന്റെ ആയുധമാണ് തോക്ക്. തോക്കുസ്വാമി എന്ന് വിളിച്ചാലും സ്വാമിജിക്ക് അസ്വസ്ഥതയോ ദേഷ്യമോ ഇല്ല. അത്തരം ബാലിശവികാരങ്ങൾക്കപ്പുറത്താണ് സ്വാമിജിയുടെ മാനസികനില എന്നുപറയാം. പക്ഷേ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ തോക്കിനേക്കാൾ തീക്ഷ്ണമാകുന്നതാണ് നാക്കും. വെടിയുണ്ടയേക്കാൾ ജ്വലിക്കുന്നതാണ് വാക്കുകളും. ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ അവസ്ഥ ഒട്ടും ശുഭോതർക്കമല്ല എന്നാണ് സ്വാമിജിയുടെ നിലപാട്. സമകാലീന സംഭവങ്ങളെ വിശകലനം ചെയ്തും ഭാവി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടും 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൽ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സ്വാമി  ഭദ്രാനന്ദ ഏലിയാസ് തോക്കുസ്വാമി സംസാരിക്കുന്നു.

? ഒരു പതിറ്റാണ്ടായി കേരളത്തിൽ നിലനിന്ന രാഷ്ട്രീയ സാഹചര്യം മാറിയല്ലോ. തെരഞ്ഞെടുപ്പുകഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വന്നു. കേരളത്തിലെ ഭൗതികജീവിതസാഹചര്യം അടിമുടി മാറുമെന്ന് പ്രതീക്ഷിക്കാമോ.

ഇല്ല. അങ്ങനെയൊരു പ്രതീക്ഷയോ വിശ്വാസമോ എനിക്കില്ല. ഇവിടെയുണ്ടായ മാറ്റം ഉപരിപ്ലവമാണ്. ആഴത്തിലേക്കിറങ്ങുന്ന അഥവാ അടിസ്ഥാനമാറ്റങ്ങൾ ഇവിടെ ഉണ്ടായിട്ടില്ല. ഭൗതിക മാറ്റത്തിന് ആദ്യം വേണ്ടത് ആത്മീയ അടിത്തറയാണ്. അതില്ല-ധർമ്മം എന്തെന്ന് അറിയില്ല. അങ്ങനെയുള്ള ഭരണസംവിധാനത്തിന് നവീനമായതൊന്നും ചെയ്യാൻ കഴിയില്ല. കാപട്യത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല. വി.ഡി. സതീശൻ കാണിക്കുന്നതത്രയും കാപട്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അക്കാര്യം തീർത്തും ശരിയാണുതാനും. എന്നുകരുതി ഇനിയൊരു പിണറായി ഭരണം ഉണ്ടാകും എന്നാരും കരുതേണ്ട. അത് എന്നന്നേക്കുമായി അവസാനിച്ചുകഴിഞ്ഞു. കമ്മ്യൂണിസത്തിനും ഒരു നല്ല തിരിച്ചുവരവ് പ്രതീക്ഷിക്കാൻ കഴിയില്ല. ഒന്നാമതായി അതിന്റെ 'ഓറ' ദുർബലമാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് സെൽ നശിക്കുന്നില്ല. മറ്റുരീതിയിൽ തിരിച്ചുവന്നേക്കാം. റവല്യൂഷണറി മൂവ്‌മെന്റ് ഒരു സമൂഹത്തിന് അനിവാര്യമാണ്. കമ്മ്യൂണിസം സമൂഹത്തിൽ വേണം എന്ന പക്ഷക്കാരനാണ് ഞാൻ. രാഷ്ട്രീയ രതിമൂർച്ഛ- അതെ ആ വാക്ക് ഉപയോഗിക്കുകയാണ് ഉചിതം-ഉണ്ടാകണമെങ്കിൽ കമ്മ്യൂണിസം വേണം. മറ്റു പാർട്ടികൾക്കൊന്നും അതറിയില്ല. പഴയ കാലത്തെ ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥയിലായിരുന്നു രാഷ്ട്രീയപ്പാർട്ടികൾ. ഇന്ത്യൻ സ്ത്രീകളിൽ 80 ശതമാനവും രതിമൂർച്ഛ അറിഞ്ഞിരുന്നില്ല. കുട്ടികളെ സൃഷ്ടിക്കുന്ന ഫാക്ടറിപോലെയായിരുന്നു അവരുടെ വൈവാഹിക ജീവിതം. അത് മനസ്സിലാക്കിത്തരാൻ വൈദേശിക സംസ്‌കാരത്തിന്റെ (വെസ്റ്റേൺ കൾച്ചർ) സഹായം വേണ്ടിവന്നു. മറ്റു പാർട്ടികൾക്കുള്ള ആശയ ഷണ്ഡത്വം കമ്മ്യൂണിസത്തിനില്ല. അഥവാ ആ ആശയത്തിനില്ല. പക്ഷേ നിലവിലുള്ള കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നില പരിതാപകരമാണ്.

? രാഷ്ട്രീയമായി ബിജെപി കേരളത്തിൽ ചെറിയ ചലനം സൃഷ്ടിച്ചിട്ടുണ്ടല്ലോ. ഈ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു.

കേരളത്തിൽ ബിജെപിയുടെ പ്രവർത്തനങ്ങളിലോ അവരുടെ നേതാക്കളിലോ എടുത്തുപറയത്തക്ക സവിശേഷതയൊന്നും ഞാൻ കാണുന്നില്ല. നാടൻശൈലിയിൽപ്പറഞ്ഞാൽ വാഴ നനയുമ്പോൾ ചീരയും നനയുന്നു അത്രമാത്രം. അതായത് കേന്ദ്രത്തിൽ മോദിജിയുടെയും അമിത്ഷായുടെയും അതുപോലെയുള്ള ചില നേതാക്കളുടെ പ്രഭാവത്തിൽ ബിജെപി കരുത്താർജ്ജിക്കുമ്പോൾ അതിന്റെ ചെറിയ അനുരണനങ്ങൾ കേരളത്തിലും ഉണ്ടാകുന്നു എന്നുമാത്രം. കേരളത്തിലെ ബിജെപി നേതാക്കൾക്ക് ജനകീയ മുഖമില്ല. ആർ.എസ്.എസ്സിന്റെ അടിത്തറയിലായിരുന്നു ബിജെപിയുടെ നിലനില്പ്പ്. ഇന്ന് അതും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

? നിലവിലുള്ള  രാഷ്ട്രീയസംവിധാനങ്ങൾ സാമൂഹിക വളർച്ചയ്ക്കും മുന്നേറ്റത്തിനും പര്യാപ്തമല്ല എന്നാണോ പറയുന്നത്. അങ്ങനെയെങ്കിൽ ഒരു ബദൽസംവിധാനം അനിവാര്യമല്ലേ.

തീർച്ചയായും യുവാക്കളുടെ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹികമായ മാറ്റം ഉണ്ടാവുകയുള്ളൂ. നിലവിലുള്ള സംവിധാനത്തിലെ അപാകതകൾ തുടച്ചുനീക്കാൻ കഴിയണം. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണം. അതിനായി ഒരു വലിയ യുവജനമുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്. അതിന്റെ ആദ്യപടിയായിട്ടാണ് ഈ വരുന്ന 19-ാം തീയതി (19-8-2026) ഒരു വലിയ യുവജനറാലി ഞങ്ങൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. ഈ ലേഖനം അച്ചടിച്ചുവരുമ്പോഴേയ്ക്കും ഞങ്ങളുടെ റാലി കഴിഞ്ഞിട്ടുണ്ടാകും. ഒരു വലിയ മാറ്റത്തിന് നാന്ദി കുറിക്കാൻ പോകുന്നു എന്ന നിലയിലാണ് ഇക്കാര്യം മുൻകൂട്ടി പറഞ്ഞത്. ധർമ്മസംരക്ഷണ പ്രക്ഷോഭമാർച്ച് എന്നാണ് ഞങ്ങൾ അതിന് പേരിട്ടിരിക്കുന്നത്. ശ്രീനാരായണഗുരുദേവൻ തുടങ്ങിവച്ച ധർമ്മവിപ്ലവം അവസാനിച്ചിട്ടില്ല. അതിന്റെ തുടർച്ച എന്നുപറയാവുന്നാണ് യുവജനങ്ങളുടെ ഈ പ്രക്ഷോഭമാർച്ച്. ശ്രീനാരായണഗുരുദേവന്റെ ആദ്യഗൃഹസ്ഥ ശിഷ്യനായ ശ്രീ. നാണിയാശാന്റെ ചെറുമകനായ ഞാൻ ഇതിന്റെ മുൻനിരയിലുണ്ടാകും. ശ്രീനാരായണ ധർമ്മത്തെയും ശ്രീനാരായണുഗുരുഭക്തരെയും അപമാനിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന അവസരവാദിയും വർഗ്ഗീയവാദിയുമായ വെള്ളാപ്പള്ളി നടേശന്റെ കൊള്ളസംഘത്തിൽ നിന്നും ഈഴവ സമുദായത്തെയും കേരളജനതയെയും രക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ ആദ്യചുവടുവയ്പ്പാണ് ഈ ജനകീയമാർച്ച്.

? ലഹരിക്കെതിരെ പ്രത്യേകിച്ചും മയക്കുമരുന്നിനെതിരെ വലിയ നീക്കമാണല്ലോ നടത്തുന്നത്. മയക്കുമരുന്നു മാഫിയ തലവൻ എന്ന നിലയിൽ ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിന്റെ അനന്തരഫലം എന്തായിരുന്നു? അതേക്കുറിച്ച് എന്തെങ്കിലും അന്വേഷണമുണ്ടായോ.

നോക്കൂ ഞാൻ 2012 മുതൽ മയക്കുമരുന്നു മാഫിയയ്‌ക്കെതിരെ പോരാടുകയാണ്. അതിന്റെ പേരിൽ രണ്ടുപ്രാവശ്യം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. എങ്കിലും ഞാൻ പോരാട്ടം തുടരുകയാണ്. കൊച്ചി ഇന്ന് മയക്കുമരുന്നിന്റെയും പെൺവാണിഭത്തിന്റെയും മാഫിയകൾ ഭരിക്കുന്ന നഗരമാണ്. അവരെ തൊടാൻ ആരും തയ്യാറാവില്ല. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പത്രസമ്മേളനം നടത്തിയത്. അധികാരിവർഗ്ഗത്തിന്റെ ഭീരുത്വവും വിധേയത്വവും നന്നായി അറിയാവുന്ന ആളാണ് ഞാൻ. എനിക്കു പറയാനുള്ളത് ജനങ്ങളോടായിരുന്നു. അതുപറയാനാണു പത്രസമ്മേളനം നടത്തിയത്. പറയേണ്ടതുപറയുകയും ചെയ്തു.

? 'തൂഫാൻ' പോലെയുള്ള നടപടികൾ ഏറെ ഫലപ്രദമല്ലേ? ഒരുപാടു മയക്കുമരുന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടല്ലോ.

അതൊക്കെ വെറും പരൽമീനുകളല്ലേ? വമ്പൻ സ്രാവുകളൊന്നും വലയിൽ കുടുങ്ങുന്നില്ല-കുടുക്കുകയുമില്ല. കുടുക്കാനുള്ള ഇച്ഛാശക്തി ഭരണവർഗ്ഗത്തിനുമില്ല. നിങ്ങൾ കരുതുന്നതുപോലെ നിസ്സാരസംഭവമല്ല ഇത്. കേവലം മയക്കുമരുന്നു വിൽപ്പനയും ഉപയോഗവുമായി ഇതിനെ കാണുകയുമരുത്. അതിലേറെ ഗൗരവസ്വഭാവമുള്ള ആഴത്തിൽ വേരുകളുള്ള വലിയൊരു ഭീകരവാദത്തിന്റെ ഭാഗമാണിത്. നാർകോ ടെററിസം എന്നത് സങ്കൽപ്പമല്ല, യാഥാർത്ഥ്യമാണ്. ചൈന ടിബറ്റിനെ നശിപ്പിച്ച തന്ത്രം ഇതുതന്നെയാണ്. ഇന്നും അവിടുത്തെ അവസ്ഥ എന്താണ്.  യുവത്വത്തിന്റെ ഊർജ്ജത്തെ ലഹരിയിൽ മുക്കി വിഴ്ത്തുകയല്ലേ? ആയുധം കൊണ്ടുമാത്രമല്ല ടെററിസ്റ്റ് ആക്രമണം നടത്തുന്നത്. ഇന്ത്യയെ നശിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് പലർക്കുമറിയാം. പാകിസ്ഥാൻ മാത്രമല്ല അതിനുപിന്നിലുള്ളത്. മറ്റുപല രാജ്യങ്ങളുമുണ്ട്. ആയുധമെടുത്തുള്ള യുദ്ധമല്ല അതിനുള്ള വഴിയായി അവർ കണ്ടെത്തിയിരിക്കുന്നത്. മറ്റുമാർഗ്ഗങ്ങളാണ്. ഇന്ത്യയുടെ വിജയം എന്നത് അതിന്റെ ആത്മീയ അടിത്തറയാണ്. അതുകൊണ്ടുതന്നെ അതിനെ തകർക്കുക എന്നതാണ് വൈദേശിക ശത്രുക്കളുടെ ലക്ഷ്യം. അതിനു പ്രധാനമായും അവർ സ്വീകരിക്കുന്നത് രണ്ടുമാർഗ്ഗങ്ങളാണ്.

? എന്തെല്ലാമാണ് ആ മാർഗ്ഗങ്ങൾ.

ഒന്നാമതായി നേരത്തെ സൂചിപ്പിച്ച നാർക്കോ ടെററിസം തന്നെ. മയക്കുമരുന്നു സുലഭവും സാർവത്രികവുമാക്കുക. യുവാക്കളുടെ ക്രിയാശേഷി തകർക്കാനും ആഭ്യന്തരസ്വസ്ഥത നശിപ്പിക്കാനും ഏറ്റവും എളുപ്പമാർഗ്ഗം അതാണ്. മറ്റൊന്ന് വ്യാജ ആത്മീയത(ളമസല ുെശൃശൗേമഹശ്യേ) വളർത്തുക എന്നതാണ്. ജനങ്ങളുടെ വിശ്വാസവും മാനസികപ്രശ്‌നങ്ങളും ചൂഷണം ചെയ്ത് ധനം സമ്പാദിക്കുന്ന ആൾദൈവങ്ങളെയും കപടഗുരുക്കന്മാരെയും സൃഷ്ടിക്കുക. സന്തോഷ് മാധവനൊക്കെ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. ഇന്ത്യയിലെ ഗുരുപരമ്പരകളുടെ ശ്രദ്ധയും പുണ്യവും കൊണ്ട് അതൊക്കെ ഇടയ്ക്കുവച്ച് പിടിക്കപ്പെട്ടു എന്നുമാത്രം. ഇങ്ങനെ വ്യാജസ്വാമിമാരെ സൃഷ്ടിച്ചശേഷം വളർത്തി വലുതാക്കി ഇടയ്ക്കുവച്ച് അവരുടെ കാപട്യം പുറത്തുകാട്ടുക എന്നതാണ് തന്ത്രം. അതോടെ ജനങ്ങൾക്കിടയിൽ ആത്മീയതയോടുതന്നെ മതിപ്പും വിശ്വാസവും നഷ്ടപ്പെടുന്നു. നമ്മുടെ അടിയുറച്ച ആത്മീയ പൈതൃകവും വിശ്വാസവും ക്രമേണ ക്ഷയിച്ചുവരും. അതോടെ ഇന്ത്യയുടെ സത്ത നഷ്ടപ്പെടും. വളരെ വിദഗ്ധമായ ഒരു തന്ത്രമാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്.

? ശബരിമല സ്വർണ്ണകൊള്ളയുടെ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതുകൂടാതെ എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വലിയ സ്വർണ്ണകൊള്ള നടന്നതായി സ്വാമിജി ആരോപിച്ചല്ലോ.

അത് വെറും ആരോപണമല്ല. വസ്തുതയാണ്. മൊത്തം 11 കിലോ ഉള്ള സ്വർണ്ണശേഖരത്തിൽ നിന്ന് 4 കിലോയിലേറെ സ്വർണ്ണം നഷ്ടപ്പെട്ടിരിക്കുകയാണ്.

? അതേക്കുറിച്ച് കാര്യമായ ചർച്ചയോ അന്വേഷണമോ ഉണ്ടായില്ലല്ലോ.

ഇല്ല. പക്ഷേ ഞാൻ ഈ സ്വർണ്ണകവർച്ച കയ്യും കെട്ടി നോക്കിയിരിക്കില്ല. ഓംബുഡ്‌സ്മാൻ പരാതി നൽകാൻ പോകുകയാണ്. തീർച്ചയായും അന്വേഷണം ഉണ്ടാകും. കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കും വരെ പോരാട്ടം തുടരുകയും ചെയ്യും. മാത്രമല്ല, പ്രതിവർഷം രണ്ടുകോടി രൂപയോളം നീക്കിയിരിപ്പ് ഉണ്ടാകാൻ തക്കവണ്ണമുള്ള വരുമാനമുള്ള ക്ഷേത്രമാണത്. പക്ഷേ അതും എവിടെയൊക്കെയോ ചോരുന്നു.

? വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമല്ലേ ഇത്. അവിടെ അഴിമതിയും മോഷണവും ഒക്കെ നടക്കുമോ.

വിശ്വഹിന്ദുപരിഷത്ത് എന്ന പേരുമാത്രമേയുള്ളൂ ഫലത്തിൽ.  ഇവർ എന്താണ് സമൂഹത്തെ പഠിപ്പിക്കുന്നത്. ക്രിസ്ത്യാനികൾ അവരുടെ മതം പഠിപ്പിക്കുന്നു. മുസ്ലീങ്ങൾ അവരുടെ മതത്തിന്റെ സത്ത മനസ്സിലാക്കിക്കൊടുക്കുന്നു. വിശ്വഹിന്ദു എന്നുപറയുന്ന വിഷജന്തു എന്താണ് ചെയ്യുന്നത്? എന്താണവർ ഹിന്ദുക്കളെ പഠിപ്പിക്കുന്നത്? കടുത്ത വർഗ്ഗീയത അതല്ല നമുക്ക് വേണ്ടത്. ഹൈന്ദവ ധർമ്മവും ആചാരാനുഷ്ഠാനങ്ങളും പഠിപ്പിക്കട്ടെ, അതിനുപകരം സമൂഹത്തിൽ വർഗ്ഗീയ വിഷം കുത്തിവച്ച് വളരുന്ന തലമുറയെ നശിപ്പിക്കണോ?

? വിജിതമ്പിയല്ലേ പ്രസിഡന്റ്. അദ്ദേഹം അങ്ങനെയൊന്നും പറയാറില്ലല്ലോ.

ഇല്ല. വിജിതമ്പി ശരിക്കും മടുത്തിരിക്കുകയാണ് എന്നാണ് എന്റെ അറിവ്. അധികം വൈകാതെ പ്രസിഡന്റു സ്ഥാനത്തിനുനിന്നുമാറുകയും ചെയ്‌തേക്കാം. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന-എല്ലാ മതങ്ങളെയും ആദരിക്കുന്ന ഒരാൾക്കും ഈ സംഘടനയുടെ ഇന്നത്തെ പോക്കിനെ ന്യായീകരിക്കാൻ കഴിയില്ല. 

? വിശ്വഹിന്ദു എന്ന സങ്കല്പം നല്ലതല്ലെ.

അതെ. പക്ഷേ അങ്ങെയല്ലല്ലോ നടക്കുന്നത്. ഒരു ന്യൂനപക്ഷം വരുന്ന നായൻമാരുടെ കയ്യിലാണ് സംഘടന. മഹാനായ മന്നത്തുപത്മനാഭന് വർഗ്ഗീയത ഉണ്ടായിരുന്നില്ല. നമ്മൾ ശ്രീനാരായണീയർ എന്നുപറഞ്ഞിരുന്ന ആളാണ് അദ്ദേഹം. ശിവഗിരിയിലെ ആദ്യസന്യാസി നായർ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു. അന്നൊന്നും ഇല്ലാത്ത വർഗ്ഗീയതയും ജാതി മേൽക്കോയ്മയുമാണ് ഇന്നുകാണുന്നത്. പോപ്പ് സുകുവിന്റെയൊക്കെയുള്ളിൽ ഈ ജാതിമേൽക്കോയ്മയാണുള്ളത്. നായന്മാരുടെ പോപ്പാണ് എന്ന് സുകുമാരൻനായർ പറഞ്ഞു. പോപ്പുമല്ല ഒരു കോപ്പുമല്ല എന്നു ഞാനും പറഞ്ഞു. ഇവരൊന്നും ഈഴവരെയോ മറ്റു പിന്നോക്കജാതിക്കാരെയോ ഉയർത്തില്ല. ഇവരുടെയും ഇവരുടെയൊക്കെ സംഘടനകളുടെയും കാര്യം ഇങ്ങനെതന്നെയാണ്. സന്ദീപ് വാര്യർ പറഞ്ഞതാണ് ശരി. ഒരു പ്രശ്‌നം വരുന്നതുവരെ സംഘടന കൂടെയുണ്ടാകും. പ്രശ്‌നം വന്നാൽ ആരും കൂടെക്കാണില്ല.

? നാർകോ ടെററിസത്തെക്കുറിച്ച് ഇത്രയും സുതാര്യവും വ്യക്തവുമായി പറഞ്ഞല്ലോ. കേരള സർക്കാർ ഇത് ഗൗരവമായി എടുത്തിട്ടുണ്ടോ.

ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽത്തന്നെ കേരളസർക്കാരിന് എന്തുചെയ്യാൻ കഴിയും. അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള ഒരു മാഫിയാസംഘത്തെ ഒതുക്കാൻ ഒരു സംസ്ഥാന സർക്കാരിന് കഴിയില്ല. പക്ഷേ ഇന്ത്യയിൽ നാർക്കോ ടെററിസം വളർത്താമെന്ന ചിന്ത ചിലരുടെ കേവലസ്വപ്നം മാത്രമാണ്. അതിന് സർക്കാർ സഹായമില്ലാതെതന്നെ ഭാരതത്തിലെ ഋഷിപരമ്പരയുടെ അനുഗ്രഹത്താൽ സന്യാസിമാർ വേണ്ടതുചെയ്തുകൊള്ളും. ഈ മാഫിയായെ തകർക്കാൻ ഒരു സഫ്രോൺ മാഫിയ വളർന്നുവരുന്നുണ്ട്. ഇന്ത്യയുടെ ആത്മീയശക്തിയാണ് ഇതിനു പിന്നിൽ. അതുകൊണ്ടുതന്നെ അതിനെ തകർക്കാൻ ആർക്കും കഴിയില്ല. മാത്രമല്ല കേരളത്തെ സംബന്ധിച്ച് പറയുമ്പോൾ ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ അനിവാര്യമായ ഒരു യുവജന മുന്നേറ്റവും ആരംഭിച്ചുകഴിഞ്ഞു. വെള്ളപ്പള്ളിക്കെതിരെയുള്ള നീക്കം ഒരു തുടക്കം മാത്രമാണ്. വലിയൊരു ജനകീയ മുന്നേറ്റമായിരിക്കും അതിന്റെ തുടർച്ച. കേരളത്തിന്റെ ആത്മീയവും ഭൗതികവുമായ ഉണർവിന് അത് അനിവാര്യമാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img