01:00am 03 June 2026
NEWS

വഴിത്തിരിവിൽ കേരള കോൺഗ്രസ് (മാണി): ഇടതുപക്ഷത്തു തുടരുമോ, വഴിമാറുമോ?

07/05/2025  01:23 PM IST
സുരേഷ് വണ്ടന്നൂർ
 വഴിത്തിരിവിൽ കേരള കോൺഗ്രസ് (മാണി): ഇടതുപക്ഷത്തു തുടരുമോ, വഴിമാറുമോ?

കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ പാർട്ടിയായ കേരള കോൺഗ്രസ് (മാണി) ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇടതുപക്ഷ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയിൽ ഇപ്പോൾ അഭിപ്രായഭിന്നതകൾ രൂക്ഷമായിരിക്കുകയാണ്. ഇടതുപക്ഷ മുന്നണിയിൽ തുടരണമോ അതോ മുന്നണി വിട്ട് പുതിയ വഴി തേടണമോ എന്നതാണ് പ്രധാന ചോദ്യം.

പാർട്ടിയിലെ പ്രധാന നേതാക്കളായ മന്ത്രിയും ഒരു എം.എൽ.എയും  ഇടതുമുന്നണിയിൽ തുടരണമെന്ന് വാദിക്കുമ്പോൾ,   പാർലമെന്ററി പാർട്ടിയിലെ മറ്റുള്ളവർ മുന്നണി വിടണമെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി യോഗത്തിൽ എടുക്കുമെന്നാണ് സൂചന. 
എന്നാൽ, ഈ പ്രതിസന്ധിക്ക് പ്രധാന കാരണം പാർട്ടിക്കുള്ളിലെ അധികാര തർക്കങ്ങളാണ്. മുൻ നേതാവ് കെ.എം. മാണിയുടെ കാലത്ത് പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന ശക്തമായ നേതൃത്വം ഇപ്പോഴില്ല. പല നേതാക്കൾക്കും അർഹമായ സ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും പ്രാദേശിക രാഷ്ട്രീയത്തിൽ അവഗണന നേരിടുന്നുവെന്നും പരാതികളുണ്ട്.കെ.എം മണി നിയമ മന്ത്രിയായിരുന്നപ്പോൾ പത്തിലധികം സർക്കാർ അഭിഭാഷകർ ഹൈക്കോടതിയിലുണ്ടായിരുന്നു അഡീഷണൽ എ.ജി. ഉൾപ്പെടെ . 

എന്നാൽ ഇപ്പോൾ ഹൈക്കോടതിയിലെ പ്രാതിനിധ്യം കുറഞ്ഞതും അപ്രധാനകോർപ്പറേഷനുകൾ മാണി ഗ്രൂപ്പിന് നൽകിയതും. തദ്ദേശസ്ഥാപനങ്ങളിൽ മാണി ഗ്രൂപ്പിനെ ഒതുക്കിയതും, ചില പഞ്ചായത്തുകളിൽ അധികാരത്തിൽ നിന്നും ഒഴിവാക്കിയതും പല മാണി ഗ്രൂപ്പ് നേതാക്കളെ യും"ഒതുക്കാനുള്ള ശ്രമമായി" കാണുന്നു. ചില പഞ്ചായത്തുകളിൽ ഇടതുമുന്നണി തന്നെ മാണി ഗ്രൂപ്പിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ട്. ഇതിന്റെ ഫലമായി, മുന്നണി വിട്ട് " ഐക്യ ജനാധിപത്യ മുന്നണി" യിൽ പോകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇരു വിഭാഗം നേതാക്കളുടെ നിലപാടിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിൽക്കുകയാണ് പാർട്ടി ചെയർമാൻ.

ഈ സാഹചര്യത്തിൽ ചില പ്രധാന ചോദ്യങ്ങൾ ഉയരുന്നു:

 *  മുന്നണി രാഷ്ട്രീയത്തിൽ സത്യസന്ധത പുലർത്തുന്നുണ്ടോ?
 * പ്രാദേശിക ഭൂരിപക്ഷത്തിന്റെ പേരിൽ സഖ്യകക്ഷികളെ ഒഴിവാക്കുന്നത് ശരിയാണോ?

പഞ്ചായത്ത് തിരഞ്ഞെടുപ്പും അതു കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ, മാണി ഗ്രൂപ്പിലെ ഈ അഭിപ്രായഭിന്നതകൾ ഇടതുമുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരു വിഭാഗം നേതാക്കൾ ഇടതുമുന്നണിയിൽ നിന്ന് മാറി " ഐക്യ ജനാധിപത്യ മുന്നണിയിൽ" പോകണമെന്ന് ആവശ്യപ്പെടുന്നു. ഈ രാഷ്ട്രീയ തീരുമാനങ്ങൾ പാർട്ടിയെ മാത്രമല്ല, മുന്നണിയെയും ബാധിക്കും.
ഇടതുപക്ഷത്തിന് മുന്നിലുള്ള പ്രധാന ചോദ്യം ഇതാണ്: "കേരള കോൺഗ്രസ് (മാണി) മുന്നണിയിൽ തുടരണോ?" അതേസമയം, മാണി ഗ്രൂപ്പിലെ ചില നേതാക്കൾ പറയുന്നത്, "മുന്നണിയിൽ തുടരാൻ തയ്യാറാണ്, പക്ഷേ ആദരവോടെയും പങ്കാളിത്തത്തോടെയും മാത്രം" എന്നാണ്.
ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് (മാണി) പാർട്ടിയുടെയും ഇടതുപക്ഷ മുന്നണിയുടെയും ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img