07:45am 13 November 2026
NEWS
കോടീശ്വരിയെ കാത്ത് കേരളം: തിരുവോണം ബമ്പർ 'ഭാഗ്യശാലിനി' ആൾക്കൂട്ടത്തെ ഭയന്ന് ഒളിച്ചു!
06/10/2025  09:14 AM IST
സുരേഷ് വണ്ടന്നൂർ
കോടീശ്വരിയെ കാത്ത് കേരളം: തിരുവോണം ബമ്പർ ഭാഗ്യശാലിനി ആൾക്കൂട്ടത്തെ ഭയന്ന് ഒളിച്ചു!

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ 'ഭാഗ്യശാലിനിയെ' കണ്ടെത്താനുള്ള മലയാളികളുടെയും മാദ്ധ്യമങ്ങളുടെയും കാത്തിരിപ്പ് രണ്ടാം ദിവസവും തുടരുന്നു. എറണാകുളം നെട്ടൂരിൽ വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

​നെട്ടൂരിലെ ഒരു വീട്ടമ്മയ്ക്കാണ് ഭാഗ്യം ലഭിച്ചതെന്ന സൂചനയെ തുടർന്ന് മാദ്ധ്യമങ്ങളും പ്രദേശവാസികളും നെട്ടോട്ടത്തിലാണ്. വീട്ടമ്മ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്ന് ടിക്കറ്റ് വിറ്റ ഏജന്റായ ലതീഷ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ മാദ്ധ്യമപ്രവർത്തകർ ഏജൻസിക്കുമുന്നിൽ തമ്പടിച്ചെങ്കിലും വീട്ടമ്മ എത്തിയില്ല.

​ലതീഷ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മാദ്ധ്യമപ്രവർത്തകർ ഒരു വീട്ടിലെത്തിയപ്പോൾ, "എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്" എന്ന് അഭ്യർത്ഥിക്കുന്ന വീട്ടമ്മയെയാണ് കണ്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന താനും അഞ്ച് സഹപ്രവർത്തകരും ചേർന്ന് ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം കിട്ടിയില്ലെന്ന് അവർ വ്യക്തമാക്കി.

​അതേസമയം, ഇന്ന് രാവിലെ 'ഭാഗ്യശാലിനി' ബാങ്കിലെത്തുമെന്നും സമ്മാനർഹർ ആൾക്കൂട്ടത്തെയും മാദ്ധ്യമശ്രദ്ധയെയും പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നുമാണ് ഏജന്റ് ലതീഷ് ആവർത്തിക്കുന്നത്. വൈറ്റിലയിലെ ഭഗവതി ഏജൻസീസിൽ നിന്ന് ലതീഷ് വാങ്ങി വിറ്റ ടിക്കറ്റാണ് ഈ ഭാഗ്യം കൊണ്ടുവന്നത്. ഭാഗ്യശാലിനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് കേരളം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img