
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസംമാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിലെ ചരടുവലികളും കുതികാൽ വെട്ടും വീണ്ടും സജീവമായി. എ.ഐ.സി.സി പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പിന്നാലെയാണിത്.
58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ, ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരുൾപ്പെട്ട പട്ടികയിലുള്ള അതൃപ്തി പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംസ്ഥാന കോൺഗ്രസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പിടി മുറുക്കിയതായാണ് വിലയിരുത്തൽ. ചെന്നിത്തല വിഭാഗവും പഴയ 'എ' ഗ്രൂപ്പും വലിയ പോറലേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പക്ഷത്തെ പുനഃസംഘടനയിൽ 'പഞ്ചറാക്കി'യെന്നാണ് അണിയറ സംസാരം.
ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഗോഡ് ഫാദർ ഇല്ലാതായ പഴയ 'എ' ഗ്രൂപ്പിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ പറ്റിയ നേതാവില്ല. 'ഐ' ഗ്രൂപ്പ് വീണ്ടും ചിന്നിച്ചിതറുകയും, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരനും ഒരളവുവരെ കെ. മുരളീധരനും ബാറ്റൺ സ്വയം കൈയൊഴിഞ്ഞ മട്ടുമാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗമായ ശശി തരൂർ എം.പി.യെ കേരളത്തിൽ നിലം തൊടീക്കില്ലെന്ന വാശിയിലാണ് പാർട്ടിയിലെ പ്രബല നേതാക്കൾ.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഓട്ടപ്പന്തയത്തിൽ കെ.സി. വേണുഗോപാലിന്റെ പിന്തുണ ലഭിക്കുമെന്നായിരുന്നു ഒരു ഘട്ടത്തിൽ സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ. എന്നാൽ, കെ.സിയുടെ നീക്കവും അതിലേക്ക് കണ്ണ് വച്ചാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുതിയ സമവാക്യങ്ങൾ. 'എ' വിഭാഗത്തിലെ പല നേതാക്കളും ഇപ്പോൾ മനസ്സ് കൊണ്ട് കെ.സി. വേണുഗോപാലിന് ഒപ്പമാണ്. അവർ കൂടി കൈകോർത്താൽ പുതിയ 77 കെ.പി.സി.സി ഭാരവാഹികളിൽ കുറഞ്ഞത് 30 പേരുടെ പിന്തുണ കെ.സിക്ക് ലഭിക്കുമെന്നാണ് സൂചന.
സജീവമാകുന്നത് കസേര കണ്ടല്ലെന്ന് കെ.സി.
കേരള രാഷ്ട്രീയത്തിൽ താൻ സജീവമാകുന്നത് ആലപ്പുഴയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിലാണെന്നും ഏതെങ്കിലും കസേര മോഹിച്ചല്ലെന്നുമാണ് കെ.സി. വേണുഗോപാൽ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പിണറായി സർക്കാരിനെ താഴെ ഇറക്കുകയെന്ന ഏക ലക്ഷ്യമാണ് കേരളത്തിലെ കോൺഗ്രസുകാരുടെ മുന്നിലുള്ളതെന്നും, അതിനുവേണ്ടി കേരളത്തിൽ കൂടുതൽ സജീവമാകുമെന്നുമുള്ള കെ.സിയുടെ വാക്കുകളിലെ 'വ്യംഗ്യാർത്ഥം' ചികയുന്നവരുണ്ട്.
ആകാശത്തേക്ക് നോക്കി സതീശൻ
കെ.സിയുടെ പ്രതികരണത്തിൽ അഭിപ്രായമാരാഞ്ഞ മാദ്ധ്യമങ്ങളോട്, ആകാശത്തേക്ക് കൈ ചൂണ്ടി കാലാവസ്ഥയെ സൂചിപ്പിക്കുന്ന തരത്തിൽ 'റെഡ് അലർട്ട്' ആണല്ലോ എന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. അതിന്റെ അർത്ഥതലങ്ങൾ പലതാണ് - പരിഹാസമെന്നോ, നിർദ്ദോഷമായ തമാശയെന്നോ ഒക്കെ വിശേഷിപ്പിക്കാം. ആർക്കാവും ഈ 'റെഡ് അലർട്ട്' എന്നും രാഷ്ട്രീയ നിരീക്ഷകർ വ്യാഖ്യാനിക്കുന്നു.











