
റാഞ്ചി: സ്വപ്നത്തിലെ സർക്കാർ ജോലി സ്വന്തമാക്കാനുള്ള കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് ജാർഖണ്ഡിൽ നിന്നുള്ള കവിത മഹാതോയുടേത്. കായികക്ഷമതാ പരിശീലനത്തിന്റെ ഭാഗമായി സാരി ധരിച്ച് നഗ്നപാദയായി 1600 മീറ്റർ ഓടിയ കവിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കടുത്ത ചൂടിനിടയിലും വെറും ആറ് മിനിറ്റിലാണ് 27കാരിയായ കവിത ദൂരം പൂർത്തിയാക്കി ഒന്നാമതെത്തിയത്.രാംഗഢ് ജില്ലയിലെ സോസോ ഗ്രാമ സ്വദേശിനിയാണ് കവിത. ഇഷ്ടികച്ചൂളയിലെ തൊഴിലാളിയായ കവിത ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിനായുള്ള തയ്യാറെടുപ്പിലാണ്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സർക്കാർ ജോലി നേടണമെന്ന ഉറച്ച തീരുമാനത്തിലാണ് യുവതി പരിശീലനം തുടരുന്നത്.
മൂന്ന് വർഷം മുൻപ് രോഗബാധയെ തുടർന്ന് ഭർത്താവ് ദീപക് മഹാതോ മരിച്ചതോടെയാണ് കവിതയുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായത്. രണ്ട് പിഞ്ചുകുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത കവിത പിന്നീട് സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്താണ് കുടുംബം നോക്കിയത്. കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹോം ഗാർഡ്, പൊലീസ് റിക്രൂട്ട്മെന്റുകൾക്കായി പരിശീലനം ആരംഭിച്ചത്.
റണ്ണിങ് ഷൂസോ കായിക വസ്ത്രങ്ങളോ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സാധാരണ വസ്ത്രം ധരിച്ചാണ് കവിത പരിശീലനം നടത്തിയിരുന്നത്. ദിവസവും പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് കുട്ടികൾ ഉണരുന്നതിന് മുൻപ് ഗ്രാമത്തിലെ റോഡുകളിലൂടെ ഓടുകയായിരുന്നു.
ഔദ്യോഗിക സെലക്ഷൻ ഡ്രൈവിന് മുന്നോടിയായി പ്രാദേശിക പരിശീലന അക്കാദമി നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് കവിതയുടെ അസാധാരണ പ്രകടനം. സാരി ധരിച്ച് ചെരിപ്പോ ഷൂസോ ഇല്ലാതെ 1600 മീറ്റർ ഓടിയ യുവതി ആറ് മിനിറ്റിൽ ഫിനിഷിങ് ലൈനിലെത്തി. അനുവദിച്ചിരുന്ന സമയം 10 മിനിറ്റായിരുന്നു. കവിതയുടെ പ്രകടനം കണ്ട പരിശീലകരും നാട്ടുകാരും ഒരുപോലെ അമ്പരന്നു.
ഒക്ടോബർ 24 മുതൽ നവംബർ 5 വരെയാണ് ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക കായികക്ഷമതാ പരിശോധന നടക്കുന്നത്. രാംഗഢ് ജില്ലയിൽ 284 ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ 50 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിധവകൾക്കും വിവാഹമോചിതർക്കും അഞ്ച് ശതമാനം പ്രത്യേക സംവരണാനുകൂല്യവുമുണ്ട്. കവിതയുടെ പോരാട്ടത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദീപാ മാഞ്ചി എംഎൽഎയും കവിതയ്ക്ക് ആശംസകളുമായി രംഗത്തെത്തി. കൃത്യമായ സമർപ്പണത്തോടെ ഏത് ദൗത്യവും പൂർത്തിയാക്കാനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് അവർ പറഞ്ഞു. കവിതയെപ്പോലുള്ള വനിതകളെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യാൻ ജാർഖണ്ഡ് സർക്കാർ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സാമ്പത്തിക പരിമിതികളെയും ജീവിതത്തിലെ പ്രതിസന്ധികളെയും മറികടന്ന് സ്വപ്നജോലിക്കായി കവിത നടത്തുന്ന പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.










