
ദോഹ: ഗൾഫ് മേഖലയിലെയും ലോകത്തിലെയും സമുദ്ര പൈതൃകം വിളിച്ചോതുന്ന 16-ാമത് കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേളയ്ക്ക് (Katara Traditional Dhow Festival) വ്യാഴാഴ്ച തുടക്കമാകും. ഡിസംബർ 3 മുതൽ 12 വരെ കത്താറ ബീച്ചിന്റെ തെക്കൻ ഭാഗത്താണ് മേള നടക്കുന്നത്. ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണ മേളയിൽ പങ്കെടുക്കും.
ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യുഎഇ, ഒമാൻ, സുഡാൻ, ഇന്ത്യ, ടാൻസാനിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് മേളയിൽ അണിനിരക്കുന്നത്. പരമ്പരാഗത പായ്ക്കപ്പൽ നിർമ്മാണം, നാവിക കലകൾ, മത്സ്യബന്ധന രീതികൾ എന്നിവയുടെ വൈവിധ്യമാർന്ന ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്നതാണ് മേള.
സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും, പരമ്പരാഗത തൊഴിലുകളെയും ചരിത്രത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമുള്ള കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യമിടുന്നു.
ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം. വാരാന്ത്യ ദിനങ്ങളിൽ സന്ദർശന സമയം അർദ്ധരാത്രി വരെ നീട്ടും. ഖത്തറിലെ സാംസ്കാരിക രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പൈതൃകോത്സവങ്ങളിൽ ഒന്നാണ് കത്താറ പായ്ക്കപ്പൽ മേള.










