
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ കോച്ച് എന്ന് വിളിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ലോകകപ്പ് ജേതാവും ഇതിഹാസ താരവുമായ കപിൽ ദേവ്. ഗംഭീറിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് കപിൽ ദേവും വിമർശനവുമായി രംഗത്തെത്തിയത്. തുടർച്ചയായ തോൽവികളും ടീമിൽ വരുത്തുന്ന സ്ഥിരം മാറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് കപിൽ ദേവിന്റെ പ്രതികരണം. ഗംഭീർ ഒരു മാനേജരെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു കപിൽ ദേവിന്റെ പ്രതികരണം.
ഗൗതം ഗംഭീറിനെ “കോച്ച്” എന്ന് വിളിക്കുന്നതിൽ അർഥമില്ലെന്നും, അദ്ദേഹത്തിന്റെ പങ്ക് ഒരു മാനേജറുടേതാണെന്നും കപിൽ ദേവ് പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലകന്റെ ജോലി താരങ്ങളെ പഠിപ്പിക്കുന്നതല്ല, മറിച്ച് അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക എന്നതാണെന്നും കപിൽ അഭിപ്രായപ്പെട്ടു.
ഇന്നത്തെ കാലത്ത് ‘കോച്ച്’ എന്ന പദം അമിതമായി ഉപയോഗിക്കപ്പെടുകയാണെന്ന് കപിൽ ചൂണ്ടിക്കാട്ടി. “സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നവരെയാണ് യഥാർത്ഥത്തിൽ കോച്ചെന്ന് വിളിക്കേണ്ടത്. ഗംഭീർ എങ്ങനെയാണ് ഒരു ലെഗ് സ്പിന്നറെയോ വിക്കറ്റ് കീപ്പറെയോ പരിശീലിപ്പിക്കുക?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ടീമിലെ താരങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതാണ് ഒരു മാനേജറുടെ പ്രധാന ഉത്തരവാദിത്വമെന്ന് കപിൽ ദേവ് വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിനൊപ്പം ആഘോഷിക്കുന്നതിൽക്കാൾ, പരാജയപ്പെട്ട താരത്തെ ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ടീമിന്റെ യഥാർത്ഥ ശക്തി തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











