01:49am 15 September 2026
NEWS
മതനിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം
06/09/2026  07:23 AM IST
nila
മതനിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം

കോഴിക്കോട്: എതിർപ്പുകൾ ഉയർന്നാലും മതനിയമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന ശരീഅത്ത് സംബന്ധിച്ച കാര്യങ്ങൾ എതിർപ്പുകളുണ്ടായാലും തുടർന്നും പറയുമെന്നും കാന്തപുരം വ്യക്തമാക്കി.

അതേസമയം, കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ആരോപിച്ചു. ആഗോളതലത്തിൽ നിരവധി പണ്ഡിതന്മാരും പ്രമുഖ വ്യക്തിത്വങ്ങളും കാന്തപുരത്തിനൊപ്പം നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന് പിന്തുണയുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരവും രംഗത്തെത്തി. നാലായിരത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത് മികച്ച വിദ്യാഭ്യാസം നൽകുകയും പിന്നീട് വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് കാന്തപുരമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ പിന്നോട്ടുനയിക്കുന്ന വ്യക്തിയെന്ന നിലയിൽ കാന്തപുരത്തെ ചിത്രീകരിച്ച് സ്ത്രീവിരോധിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും റഹ്‌മത്തുള്ള സഖാഫി ആരോപിച്ചു. സ്ത്രീകളുടെ വിഷയങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബി വലിയ പ്രാധാന്യം നൽകിയിരുന്നുവെന്ന് ഹദീസുകളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖുർആനിലെ ‘സൂറത്തുന്നിസാ’ ഉൾപ്പെടെയുള്ള അധ്യായങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് നൽകിയ പ്രാധാന്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ അവഗണിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ അവർക്ക് ആവശ്യമായ പരിഗണന നൽകി പ്രവാചകൻ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായും റഹ്‌മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img