04:11pm 02 November 2026
NEWS
സർക്കാരിനെതിരെ കാന്തപുരം സമസ്ത; വഖഫ് തർക്കം ഹജ്ജ് കമ്മിറ്റിയിലേക്ക്....
02/11/2026  11:43 AM IST
പ്രദീപ് ഉഷസ്സ്
സർക്കാരിനെതിരെ കാന്തപുരം സമസ്ത; വഖഫ് തർക്കം ഹജ്ജ് കമ്മിറ്റിയിലേക്ക്....

കാന്തപുരം വിഭാഗത്തെ അനുനയിപ്പിച്ച് വഖഫ് ബോർഡ് പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാർ നീക്കം പാളുന്നു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വഖഫ് ബോർഡ് പുനഃസംഘടനയിൽ ഇക്കുറി കാന്തപുരം എ.പി വിഭാഗത്തെ സർക്കാർ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. അതോടൊപ്പം ഇ.കെ. വിഭാഗം സമസ്തയിലും അസംതൃപ്തി നിലനിൽക്കുന്നുണ്ട്. ലീഗ് അനുകൂല സമസ്താ പ്രതിനിധികൾക്ക് മാത്രമാണ് വഖഫ് ബോർഡിൽ പ്രാതിനിധ്യം ലഭിച്ചത്. മുസ്ലീം സാമുദായിക സംഘടനകളിലെ പ്രബല വിഭാഗങ്ങളായ ഇരുവിഭാഗം സുന്നി സംഘടനകളേയും ഈ വിധത്തിൽ അവഗണിച്ചതിൽ കടുത്ത പ്രതിഷേധമാണ് അവർ ഉയർത്തിയത്.

തങ്ങൾക്ക് നേരിട്ട അവഗണനക്കെതിരെ കാന്തപുരം വിഭാഗം പരസ്യമായി രംഗത്തുവന്നു. ജില്ലകൾ കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രതിഷേധമാർച്ച് സംഘടിപ്പിക്കാനും അവർ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ഫോർമുലയുമായി സംസ്ഥാന സർക്കാർ രംഗത്ത് വന്നത്. പുതിയതായി വഖഫ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ രാജിവെപ്പിച്ച്, പകരം കാന്തപുരം എ.പി. വിഭാഗം പ്രതിനിധിയെ ഉൾപ്പെടുത്താനായിരുന്നു നീക്കം. അതേ സമയം രാജിവയ്ക്കുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കാനുള്ള അണിയറനീക്കങ്ങളും ആരംഭിച്ചിരുന്നു. നിലവിൽ കാന്തപുരം വിഭാഗമാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്നത്. കാലാവധി തീരും മുമ്പേ ഹജ്ജ് കമ്മിറ്റി പിരിച്ചുവിടേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എ.പി വിഭാഗം എത്തിയത് ഈ സാഹചര്യത്തിലാണ്.

ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനവും, കമ്മിറ്റി അംഗത്വവും ഇപ്പോൾ ഒഴിയേണ്ടതില്ലെന്ന കർശന തീരുമാനം കാന്തപുരം എ.പി. വിഭാഗം കൈക്കൊണ്ടതോടെ സംസ്ഥാന സർക്കാർ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോൾ ഹജ്ജ് കമ്മിറ്റി മാറിയാൽ ആസന്നമായ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പല നടപടികളും താമസിക്കുമെന്നാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നയം വ്യക്തമാക്കിയത്. ഇതോടെ വഖഫ് അംഗത്വമൊഴിഞ്ഞ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കാനുള്ള നീക്കവും പാളിയിരിക്കുകയാണ്.

'ഇപ്പോഴത്തെ ഹജ്ജ് കമ്മിറ്റിക്ക് കാലാവധി പൂർത്തിയാകാൻ ഒരു വർഷം കൂടിയുണ്ട്. ഇപ്പോൾ കമ്മിറ്റി ഇല്ലാതായാൽ ഹജ്ജ് തീർത്ഥാടനത്തിനെ മുന്നൊരുക്കങ്ങൾക്കും മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകും. അതുകൊണ്ടാണ് കമ്മിറ്റി പിരിച്ച് വിടേണ്ടതില്ല എന്ന നിലപാട് കൈക്കൊണ്ടത്. അതേസമയം സംഘടന പറഞ്ഞാൽ ഏത് നിമിഷവും ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധവുമാണ്. കാന്തപുരം അബൂബക്കർ മുസ്‌ല്യാരുമായി മന്ത്രി എൻ.ഷംസുദ്ദീൻ നടത്തിയ ചർച്ചയിൽ അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ല. കൂടുതൽ ചർച്ചകൾക്കുശേഷം തീരുമാനിക്കാം എന്നാണ് പറഞ്ഞത്. ഹജ്ജ് കമ്മിറ്റി പിരിച്ചുവിടാതെ തന്നെ വഖഫ് ബോർഡിൽ, എ.പി. വിഭാഗത്തെ ഉൾപ്പെടുത്തുന്നതാകും ഏറ്റവും നല്ലത്.' ഈ വിധത്തിലാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നയം വ്യക്തമാക്കിയത്.

ഇ.കെ. സമസ്തയിലും അമർഷം

കാലാവധി പൂർത്തിയാകാൻ വഖഫ് ബോർഡിന് നാലരവർഷം ബാക്കിനിൽക്കെയാണ് മുൻബോർഡിനെ പിരിച്ചുവിട്ട് സംസ്ഥാന സർക്കാർ പുതിയ വഖഫ് ബോർഡ് രൂപീകരിച്ചത്. ഇതിനെതിരെ മുൻ ചെയർമാൻ കെ.എസ്. ഹംസ നിയമപോരാട്ടം തുടരുകയാണ്. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത്, പ്രമുഖ സുന്നി സംഘടനകളായ എ.പി, ഇ.കെ. വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബോർഡ് രൂപീകരണത്തിലാകട്ടെ എ.പി വിഭാഗത്തെ പൂർണ്ണമായും അവഗണിച്ചു. ഇ.കെ വിഭാഗത്തിലാകട്ടെ ലീഗനുകൂല സുന്നി പ്രതിനിധികളെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്തു.

സർക്കാർ നിലപാട് അനീതിയും, അന്യായവുമാണെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. ഇ.കെ. വിഭാഗം അണികളിലും അസംതൃപ്തി നിലനിൽക്കുന്നുണ്ട്. എം.ബി. മുസ്തഫൽ ഫൈസിക്ക് വഖഫ് ബോർഡ് അംഗത്വം നൽകിയതാണ് ഇ.കെ. വിഭാഗത്തിലെ ഒരു ചേരിയെ പ്രകോപിച്ചിരിക്കുന്നത്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി ആശയപരമായ ഭിന്നതകൾ വെച്ചുപുലർത്തുന്ന മതപണ്ഡിതനാണ് മുസ്തഫൽ ഫൈസി. അച്ചടക്കലംഘനത്തിന് സമസ്ത മുശാവറയിൽ നിന്നും, നേതൃത്വം നേരത്തെ പുറത്താക്കിയ വ്യക്തി കൂടിയാണ് മുസ്തഫൽ ഫൈസി. മുസ്ലീം ലീഗിനെ മാറ്റിനിർത്തി സമസ്തയ്ക്ക് നിലനിൽക്കാനാകില്ല എന്ന വാദമുന്നയിക്കുന്നവരിൽ പ്രമുഖ സ്ഥാനമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതേക്കുറിച്ച് ഇ.കെ. സമസ്താ നേതൃത്വം പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും അണികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

പുതിയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എം.സി മായിൻഹാജി ആകട്ടെ, സുന്നി നേതാവ് എന്നതിനേക്കാൾ ഏറെ, മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിലവിൽ മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. സമസ്തയിലെ പല പണ്ഡിതരുടേയും നിലപാടുകളെ നേരത്തെ മായിൻഹാജി എതിർക്കുകയും, ലംഘിക്കുകയും ചെയ്തിട്ടുണ്ട്. ഈവിധത്തിൽ ഔദ്യോഗിക സമസ്താ നിലപാടുകളെ തള്ളിപ്പറയുകയും, മുസ്ലീം ലീഗ് വിധേയത്തം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവർക്ക് മാത്രം വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയെന്ന വികാരമാണ് ബഹുഭൂരിഭാഗം സമസ്താ അണികളിലും ഇപ്പോൾ ഉയരുന്ന വികാരം.

ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം

ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകിയതാണ് ഇരുവിഭാഗം സമസ്തകളേയും പ്രകോപിപ്പിക്കുന്ന മറ്റൊരു പ്രധാന വസ്തുത. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർട്ടി പ്രതിനിധിക്കാണ് വഖഫ് ബോർഡ് അംഗത്വം നൽകിയിരിക്കുന്നത്. വെൽഫെയർ പാർട്ടി നേതാവും, മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ജസീം സബാഹീന് ബോർഡ് അംഗത്വം ലഭിച്ചത് ജമാഅത്തെ ഇസ്ലാമി നിർദ്ദേശപ്രകാരമാണെന്നത് വ്യക്തം. ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകൾക്കും വഖഫ് ബോർഡിൽ അംഗത്വവും ലഭിച്ചിട്ടുണ്ട്. എന്നിട്ടും പ്രമുഖ സുന്നി സംഘടനയായ എ.പി. വിഭാഗത്തിനെ വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിച്ചതാണ് ഇവരെ പ്രകോപിതരാക്കിയിരിക്കുന്നത്.

വഖഫ് സ്വത്തുക്കളിൽ ബഹുഭൂരിഭാഗവും, ഇരുസുന്നി വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. മുസ്ലീം സാമുദായിക സംഘടനകളിൽ കർമ്മശേഷിയിലും, സംഘടനാമികവിലും മുന്നോട്ടുനിൽക്കുന്നതും ഈ രണ്ട് സുന്നി സംഘടനകൾ തന്നെയാണ്. എന്നിട്ടും പുനഃസംഘടന ഇരുവിഭാഗത്തിനും കനത്ത അവഗണന നേരിടേണ്ടി വന്നു. അത് രണ്ട് വിധത്തിലായിരുന്നു എന്നുമാത്രം, കാന്തപുരത്തിന്റെ എ.പി. വിഭാഗത്തെ വഖഫ് ബോർഡിൽ നിന്നും പൂർണ്ണമായും അവഗണിച്ചു. ഇ.കെ. വിഭാഗത്തിലാകട്ടെ, ഔദ്യോഗിക നേതൃത്വത്തെ എക്കാലത്തും വെല്ലുവിളിച്ചിട്ടുള്ള നേതാക്കളെ പരിഗണിക്കുകയും ചെയ്തു. അതേസമയം, മുസ്ലീംലീഗിന് ആധ്യാത്മികമായ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന മതസംഘടന എന്ന നിലയിൽ ഇ.കെ വിഭാഗം സമസ്തയ്ക്ക് പരസ്യമായി പ്രതികരിക്കാൻ ഏറെ വിഷമതകൾ ഉണ്ടുതാനും. അതുകൊണ്ടാണ് സമസ്താ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പോലെയുള്ള മുതിർന്ന നേതാക്കൾ പരസ്യപ്രതികരണങ്ങൾ നടത്താത്തത്. അതേസമയം സമസ്ത അണികളിൽ ഈവിധം അവഗണനകൾക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട് താനും.

വഖഫ് ബോർഡ് മുൻ അംഗവും, പ്രമുഖ സമസ്താ നേതാവുമായ ഉമർഫൈസി മുക്കം, മുസ്ലീം ലീഗ് നിലപാടുകളെ പലപ്പോഴും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. മുസ്ലീം മതസംഘടനകളേയും, സാമുദായിക ആവശ്യങ്ങളോടും അനുകൂല സമീപനങ്ങളാണ് ഇടതുസർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്നും, ഇത് തുറന്നുപറയുന്നതിനാൽ തന്നെ 'സഖാവ് ഉമർഫൈസി' എന്ന് വിശേഷിപ്പിച്ചാൽ കുഴപ്പമില്ലെന്നും പരസ്യമായി പ്രതികരിച്ചിട്ടുള്ള സമസ്താ നേതാവ് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയുള്ള സമസ്താനേതാക്കൾ ഈവിധത്തിൽ പരസ്യപ്രതികരണങ്ങൾ നടത്തുന്നതിൽ, സംസ്ഥാന സർക്കാരിനും, മുസ്ലീം ലീഗിനും കടുത്ത വിയോജിപ്പാണ് ഉണ്ടായിരുന്നത്. ഇക്കുറി വഖഫ് ബോർഡ് പുനഃ സംഘടന നടത്തുമ്പോൾ, സമസ്തയിലെ ലീഗനുകൂല പണ്ഡിതർക്ക് മാത്രം പ്രാതിനിധ്യം നൽകാനുള്ള മറ്റൊരു കാരണവും ഇതുതന്നെയായിരുന്നു.

പുതിയ വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻഹാജിക്കെതിരെ അതീവഗുരുതരമായ ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. വഖഫ് ബോർഡ് സ്വത്ത് ദുരുപയോഗം ചെയ്ത കേസിൽ, വിജിലൻസ് അന്വേഷണം നേരിടുകയും, കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് മായിൻഹാജി. അദ്ദേഹത്തെ ചെയർമാൻ ആക്കിയത് നീതീകരിക്കാനാവില്ലെന്ന നിലപാട്, ഇടത് രാഷ്ട്രീയ കക്ഷികളും, വിവിധ മതസംഘടനകളും കൈക്കൊണ്ടിട്ടുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img