
വയനാടൻ ജനതയെ കണ്ണുനീരിലും ദുരിതത്തിലുമാഴ്ത്തിയ സമാനതകളില്ലാത്ത മുണ്ടക്കൈ- ചൂരൽ മല ദുരന്തത്തിന് രണ്ടുവർഷം പൂർത്തിയാക്കാൻ ആഴ്ചകൾ അവശേഷിക്കുന്നതിനിടെ കള്ളാടിയിൽ നടന്ന ദുരന്തം വയനാടിനെ ഭീതിയിലാഴ്ത്തുന്നു. വയനാടിന്റെ വികസനത്തിന് നാഴികക്കല്ലായി മാറുന്ന കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാത മുഖത്ത് നടന്ന ഉരുൾപൊട്ടലിൽ എട്ട് മനുഷ്യജീവിതങ്ങളാണ് അവസാനിച്ചത്. കേരളജനതയെയും പ്രത്യേകിച്ച് വയനാടിനെയും സമാനതകളില്ലാത്ത പ്രകൃതിദുരന്തം നടന്നത് 2024 ജൂലായ് 30 ന് അർദ്ധരാത്രിയിലും പുലർച്ചെയുമായിരുന്നു. 298 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിവിധ തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്നും ദുരൂഹത തുടരുന്നു. മരണപ്പെട്ടവരിൽ 32 പേരുടെ മൃതശരീരങ്ങൾ പ്രകൃതി ഇനിയും തിരികെ തന്നിട്ടില്ലെന്നുള്ളത് ദുരന്തത്തിന്റെ ആഘാതം തീരാവേദനയായി അവശേഷിപ്പിക്കുകയാണ്. മുണ്ടക്കൈ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർ അതിജീവനത്തിനായുള്ള പോരാട്ടം തുടരുകയും, ദുരന്തം മുൻനിർത്തിയുള്ള വാദപ്രതിവാദങ്ങളും, രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടയിലാണ് കള്ളാടി ദുരന്തം എന്നത് വയനാടിനെ ഭയാശങ്കയിലാഴ്ത്തുകയാണ്. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം നടന്ന ദുരന്തം മനുഷ്യനിർമ്മിത ദുരന്തമോ, പ്രകൃതിദുരന്തമോയെന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങളും പതിവ് പഠനങ്ങളും, വിലയിരുത്തലുകളും തുടരുന്നതിനിടയിൽ പദ്ധതിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കയാണ്.
മേപ്പാടി പഞ്ചായത്തിലെ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാതയിൽ നിർമ്മാണം ആരംഭിക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായ കുന്നുകൂട്ടിയിട്ട മണ്ണ് സ്വാഭാവികനീരൊഴുക്ക് തടഞ്ഞതിനെ തുടർന്നാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് പ്രധാന നിഗമനം. പദ്ധതി പ്രദേശത്തെ വനത്തോട് ചേർന്ന് പദ്ധതിയുടെ പ്രവേശനകവാടത്തിൽ നിന്ന് നീക്കം ചെയ്ത മണ്ണ് കൂട്ടിയിട്ട് സംഭരിച്ച് വയ്ക്കുകയും, അതിശക്തമായ മഴയിൽ വെള്ളം കുത്തിയൊലിച്ച് ഉരുൾപൊട്ടലായി രൂപാന്തരം പ്രാപിക്കുകയുമായിരുന്നു.
ദുരന്തങ്ങളുടെ നോവുന്ന നിരവധി സംഭവങ്ങളാണ് ഈ മേഖലയിലെ ജനങ്ങൾക്ക് ഓർമ്മിക്കാനുള്ളത്. 50 കൊല്ലം മുമ്പ് മീനാക്ഷി പാലത്തിന് ഒരു കിലോമീറ്റർ അകലത്ത് 1975 ൽ ഫെബ്രുവരി 9 ന് കള്ളാടിയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച മരപ്പാലം തകർന്ന് 10പേർ മരണമടഞ്ഞിരുന്നു. അമിതമായി ആളുകളെ കയറ്റിയ ബസ് പാലത്തിൽ കയറിയതോടെ പാലം തകർന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. പത്തുപേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിനുശേഷമാണ് മേപ്പാടി മുണ്ടക്കൈ പ്രദേശത്തേയ്ക്ക് നിരവധി പാലങ്ങൾ നിർമ്മിച്ചത്. അപകടത്തിൽ ബലക്ഷയം വന്ന മീനാക്ഷി പാലവും കള്ളാടി ദുരന്തത്തിന്റെ ബാക്കിപത്രമാണ്. ദുരന്തമുഖത്ത് നിന്ന് ഏതാനും കിലോമീറ്റർ സമീപപ്രദേശത്താണ് 2019 ൽ പുത്തുമല ദുരന്തം നടന്നത്. പുത്തുമലയിൽ നടന്ന ഉരുൾപൊട്ടലിൽ ഔദ്യോഗികമായി 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവിടെയും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ഈ ദുരന്തമുഖത്തും നാലുപേരെ പ്രകൃതി തിരികെ തന്നിട്ടില്ല. പുത്തുമലയിൽ നിന്ന് 3 കിലോമീറ്റർ മാറിയാണ് ചൂരൽമല- മുണ്ടക്കൈ ദുരന്തം നടന്നത്. ഇവിടെയാണ് സമാനതകളില്ലാത്ത നാശങ്ങൾക്ക് കേരളം സാക്ഷികളായത്. മുണ്ടക്കൈ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മലനിരകളുടെ അരക്കിലോമീറ്റർ മാറി പുഞ്ചിരി ഏലത്തോട്ടത്തിൽ ഉണ്ടായ മറ്റൊരു ദുരന്തവും ഈ പ്രദേശത്ത് നോവായി തുടരുന്നു. 1948 ജൂലായ് ഒന്നിന് നടന്ന ഉരുൾപൊട്ടലിൽ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നിരവധിയായ ദുരന്തങ്ങളുടെ അനുഭവസാക്ഷ്യം പേറുന്നവർക്കിടയിലേക്കാണ് കള്ളാടി- മീനാക്ഷിപാല ദുരന്തവും ഉണ്ടായത്. 2026 ജൂലായ് 7 പകൽ 11 മണിക്ക് ശേഷം നടന്ന ദുരന്തത്തിലാണ് 8 പേർ മരണമടഞ്ഞത്. എട്ടുപേരെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തൂ.
സംസ്ഥാനത്തിന്റെയും വയനാടിന്റെയും വികസനത്തിനും, സാമൂഹ്യ മാറ്റങ്ങൾക്കും അതീവപ്രാധാന്യം നൽകുന്ന വികസന പദ്ധതിയാണ് ചുരം ബദൽ പാത നിർമ്മാണം. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യത്തിന് പരിഹാരമെന്ന നിലയ്ക്കാണ് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമ്മാണപ്രവർത്തി ഇടതുമുന്നണി സർക്കാർ ആരംഭിച്ചത്. ബദൽ പാതയുടെ നിർമ്മാണത്തിന് ആവശ്യത്തിന് ആവശ്യമായ വനഭൂമി വിട്ടുകൊടുക്കാൻ വനം വകുപ്പും, കേന്ദ്ര പരിസ്ഥിതി വകുപ്പും തയ്യാറാകാത്തതിനെ തുടർന്നാണ് തുരങ്കപാത നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തത്. വയനാടൻ ജനതയും മറ്റ് സംസ്ഥാനത്തുനിന്നുള്ളവരും പരസ്പരം ബന്ധപ്പെടുന്നതിനുള്ള പ്രധാന യാത്രാമാർഗ്ഗമായ വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയും പ്രതികൂല സാഹചര്യങ്ങളുമാണ് തുരങ്കപാത നിർമ്മാണത്തിലേക്ക് സർക്കാരിനെ നയിച്ച പ്രധാന ഘടകം. ചുരത്തിൽ സംഭവിക്കുന്ന ഗതാഗത തടസ്സങ്ങൾ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ മൂലം ദിവസങ്ങളും ആഴ്ചകളും നീളുന്ന ദുരിതത്തിന് ആശ്വാസമെന്ന നിലയിലാണ് ബദൽപാത നിർമ്മാണം.
മറ്റൊരു ബദൽ പാത നിർദ്ദേശമായ പടിഞ്ഞാറത്തറ പൂഴിത്തോട് നിർമ്മാണത്തിനും വനംവകുപ്പ് തടസ്സം നിൽക്കുകയാണ്. ആധുനിക ചികിത്സ സംവിധാനങ്ങൾ ഇല്ലാത്ത വയനാട് ജില്ലയിൽ നിന്ന് ദിനംപ്രതി രോഗികളാണ് വിദഗ്ദ്ധ ചികിത്സ തേടി വയനാട് ചുരമിറങ്ങുന്നത്. ഇത്തരത്തിൽ ചികിത്സ തേടി പോകുന്നവരിൽ നല്ലൊരു ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് പതിവ്. ചുരം റോഡ് ഗതാഗത തടസവും രോഗികളുടെ മരണവും, വ്യവസായിക ഇടനാഴി തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ച് തുരങ്കപാത നിർമ്മിക്കുകയെന്ന ആവശ്യത്തിൽ ജനങ്ങളും സർക്കാരിനൊപ്പം നിലകൊള്ളുകയായിരുന്നു. നിരവധി പ്രക്ഷോഭങ്ങൾ, സമരങ്ങൾ, പഠനങ്ങൾ, കോടതികേസുകൾ എന്നിവയ്‌ക്കൊടുവിലാണ് തുരങ്കപാത നിർമ്മാണ പ്രവർത്തി ആരംഭിച്ചത്. തുരങ്കപാത നിർമ്മാണ പ്രവർത്തിക്കെതിരെ ശക്തമായ നിലപാടായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ സ്വീകരിച്ചിരുന്നത്. സതീശന്റെ നിലപാടിനെ പ്രാദേശികമായി കോൺഗ്രസും, യു.ഡി.എഫും പുറംതള്ളുകയും, ഇടതുമുന്നണി ഭരണനേട്ടമായി ഉയർത്തി കാണിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കെതിരെ കാക്കത്തൊള്ളായിരം പരിസ്ഥിതി സംഘടനകൾ രംഗത്ത് വരികയും, നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവും കൂടിയായ പരിസ്ഥിതി പ്രവർത്തകൻ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയും പിന്നീട് പരിസ്ഥിതി മന്ത്രാലയം കർശന ഉപാധികളോടെ പദ്ധതി നിർമ്മാണത്തിന് അനുമതി നൽകുകയുമായിരുന്നു.
നിർമ്മാണ അനുമതി ലഭിച്ചതിനെ തുടർന്ന് കൊങ്കൺ പാത നിർമ്മാണ കമ്പനിക്ക് സർക്കാർ കരാർ നൽകി. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് ദിലീപ് കൺസ്ട്രക്ഷൻ കമ്പനിക്ക് ഉപകരാർ കൊടുത്ത് പ്രവർത്തനം ആരംഭിച്ചത്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുകയും, തന്റെ ഭരണനേട്ടമായി ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ ആരംഭിക്കുന്ന ഭാഗത്തും അവസാനിക്കുന്ന ഭാഗത്തും ഒരേ സമയം നിർമ്മാണ പ്രവർത്തി നടന്ന് വരികയായിരുന്നു. കോഴിക്കോട് ജില്ലാ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാരും, വയനാട് ഉദ്യോഗസ്ഥരും യഥാസമയം നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നിർമ്മാണ മേൽനോട്ട ചുമതല അടക്കം അനാഥാവസ്ഥയിലായി. സംസ്ഥാന ഭരണം മാറിയതോടെ നാഥനില്ലാ കളരിയായി മാറിയ പദ്ധതിപ്രദേശം കമ്പനിയുടെ പൂർണ്ണ നിയന്ത്രണത്തിലായി. പിന്നീട് മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്നതെങ്കിലും കൃത്യമായ വിലയിരുത്തലോ പ്രവർത്തന ഏകോപനമോ ഉണ്ടായിരുന്നില്ല.
പദ്ധതി പ്രവർത്തന ആരംഭഘട്ടത്തിൽ മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച തർക്കം നിർമ്മാണ കമ്പനിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഉടലെടുത്തു. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവാദിത്തത്തെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമങ്ങളും ഉണ്ടായില്ല. കമ്പനിയാവട്ടെ സ്ഥലം അനുവദിക്കുന്ന പക്ഷം നീക്കം ചെയ്യാമെന്ന വാദത്തിൽ ഉറച്ചുനിന്നു. ഇതിനിടയിൽ പദ്ധതിയുടെ നിർമ്മാണമുഖത്തുനിന്ന് നീക്കം ചെയ്ത മണ്ണ് പുഴയോട് ചേർന്ന് വനാതിർത്തിയിൽ ലക്ഷക്കണക്കിന് മെട്രിക് ടൺ മണ്ണ് കൂട്ടിയിടുകയും, വനത്തിൽ നിന്നും മറ്റുമുള്ള സ്വാഭാവിക നീരൊഴുക്ക് തടയുകയും ചെയ്തു. മഴ കനത്തതോടെ സ്വാഭാവിക നീരൊഴുക്ക് തടയപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദ്ദത്തിൽ വനത്തിനകത്ത് പൊട്ടിത്തെറിച്ച് കുത്തി ഒഴുകുകയും അപകടം സംഭവിക്കുകയുമായിരുന്നു. ജില്ലാ ദുരന്തനിവാരണ സമിതിയും പൊതുമരാമത്ത് വകുപ്പും കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമല്ലാതെ സംവിധാനങ്ങൾ ഒരുക്കുന്നതിനെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോ തയ്യാറായില്ല. അപകടം സംഭവിച്ചതിന് ശേഷം മനുഷ്യനിർമ്മിത ദുരന്തമെന്ന പ്രതികരണം മുഖ്യമന്ത്രി സതീശൻ പ്രകൃതിദുരന്തമെന്ന നിലയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുമാറി നിർമ്മാണ കമ്പനിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
കേരളത്തിന്റെയും വയനാടിന്റെയും അടിസ്ഥാന വികസനത്തിന് വനം വകുപ്പും പരിസ്ഥിതിയും വിഘാതം സൃഷ്ടിക്കുമ്പോൾ തന്നെ പ്രകൃതിദുരന്തങ്ങൾ വയനാട്ടിലെ ജനജീവിതത്തെ ദിനംപ്രതി പ്രതികൂലമായി ബാധിക്കുകയാണ്.











