10:51am 06 November 2026
NEWS
കാലടി സർവകലാശാലാ സസ്പെൻഷൻ: പരീക്ഷയിൽ ഹൈക്കോടതി നിലപാട് നിർണായകം; ഹർജി 17ന് പരിഗണിക്കും
06/11/2026  08:15 AM IST
നിയമകാര്യ ലേഖകൻ
കാലടി സർവകലാശാലാ സസ്പെൻഷൻ: പരീക്ഷയിൽ ഹൈക്കോടതി നിലപാട് നിർണായകം; ഹർജി 17ന് പരിഗണിക്കും

​ന്യൂഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ സസ്പെൻഷനിലായ 10 വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയുമോയെന്നതിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് നിർണായകമാകും. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി ഇന്നലെ ഇടപെട്ടില്ല. പകരം, ഹൈക്കോടതി സിംഗിൾ ബെഞ്ചിനു മുന്നിലുള്ള കേസ് വേഗം പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. ഈ മാസം 17നാണ് കേസ് പരിഗണിക്കുന്നത്. സസ്‌പെൻഷനിൽ ഉൾപ്പെടെ വിധി അനുകൂലമെങ്കിൽ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തും.
​വി.സി സിസാ തോമസിന്റെ പ്രതീതാത്മക ശവസംസ്‌കാരം നടത്തി, ക്യാമ്പസിൽ അതിക്രമം കാട്ടി തുടങ്ങിയ ആരോപണങ്ങളിയിരുന്നു ആഗസ്റ്റ് 13ന് സസ്പെൻഷൻ. ഇവരുടെ ഹർജി 17ന് സിംഗിൾ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണെന്ന് സർവകലാശാല ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം വന്നത്.
​എം.എസ്.ഡബ്ല്യു,​ എം.എഫ്.എ,​ എം.എ,​ നാലുവർഷ ബിരുദ കോഴ്സുകളിൽ പഠിക്കുന്നവരാണിവർ. സെമസ്റ്റർ പരീക്ഷ ബുധനാഴ്ച ആരംഭിച്ചിരുന്നു. ഹൈക്കോടതി വിധിച്ചാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീംകോടതിയിൽ ഉറപ്പു നൽകി. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണെന്ന് സർവകലാശാലയ്‌ക്കു വേണ്ടി ഹാജരായ അഡ്വ. പി.എസ്. സുധീർ അറിയിച്ചു.
​പരീക്ഷയെഴുതാൻ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആഗസ്റ്റ് 13ന് ക്യാമ്പസിലുണ്ടായ സമരവുമായി ബന്ധപ്പെട്ട് സെപ്‌തംബർ 1ന് 16 പേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതിൽ 6 പേർ പി എച്ച്.ഡി ഗവേഷണ വിദ്യാർത്ഥികളാണ്. ഇവരുടെ സസ്‌പെൻഷൻ കാര്യത്തിലും ഹൈക്കോടതി തീരുമാനമെടുക്കും.
​അച്ചടക്കം നിർബന്ധം
​വിദ്യാർത്ഥികൾക്ക് മിനിമം ഹാജരില്ലാത്തതിനാലാണ് പരീക്ഷയെഴുതാൻ അനുവദിക്കാത്തതെന്ന് സർവകലാശാല അറിയിച്ചപ്പോൾ, സർവകലാശാലയ്‌ക്ക് അതിന്റേതായ അച്ചടക്ക സംവിധാനമുണ്ടെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. ഇത് അനുസരിക്കണം. 64 ദിവസമായി സസ്‌പെൻഷനിലാണെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകരായ പി.വി. ദിനേശ്, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ വാദിച്ചു. അന്വേഷണം നടത്താതെ വലിച്ചു നീട്ടുകയാണ്. സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെടുത്താനാണ് പ്രവർത്തനരഹിതമായ ലൈറ്റ്, മൈക്ക് എന്നിവയുടെ പ്രതീതാത്മക ശവസംസ്‌കാരം നടത്തിയത്. ഇതിൽ അസ്വസ്ഥരായാണ് സർവകലാശാല നടപടിയെടുത്തതെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img