
എറണാകുളം ഡിസിസി സംഘടിപ്പിച്ച ലീഡര്‍ കെ കരുണാകരന് അനുസ്മരണം കെ.ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തിനും സാമൂഹ്യ പുരോഗതിക്കും പുതിയ മാനം നല്കിയ മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരനെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനോതാവ് കെ. ബാബു. ഇച്ഛാശക്തിയോടെ എടുക്കുന്ന തീരുമാനങ്ങള്‍ നപ്പിലാക്കാനും, ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനും, കരുണാകരനെപോലുള്ള ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങളിലെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച ലീഡര്‍ കെ. കരുണാകരന് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, ഗോശ്രീ പാലം തുടങ്ങിയവ അദ്ദേഹത്തിന്റെ വികസനോന്മുഖ കാഴ്ചപ്പാടിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഗോശ്രീ പാലം നടപ്പിലാക്കിയപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍, കായല്‍ നികത്തല്‍ ആരോപണം എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, കായലാല്‍ ചുറ്റപ്പെട്ട ഒരു ജനതയെ നഗരവുമായി ബന്ധപ്പെടുത്തുക, അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു.
വിമാനത്താവളം, കലൂര്‍ സ്റ്റേഡിയം തുടങ്ങിയവ നിര്‍മ്മിക്കുമ്പോള്‍ അടക്കം ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്ന് വികസനത്തിന്റെ വാതായനങ്ങളായിരുന്നു കരുണാകരന് കേരളത്തിന് തുറന്നു നല്‍കിയതെന്നും കെ ബാബു പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്, ശ്രീനിവാസന് കൃഷ്ണന്, എം എ ചന്ദ്രശേഖരന്, കെ ബി മുഹമ്മദ് കുട്ടി, ജയ്സണ്‍ ജോസഫ്, ടോണി ചമ്മിണി, കെ കെ ഇബ്രാഹിംകുട്ടി, പോളച്ചന് മണിയങ്കോട്, ജോസഫ് ആന്റണി, കെ വി പി കൃഷ്ണകുമാര്‍, അബ്ദുള്‍ ലത്തീഫ്, പി ഡി മാര്ട്ടിന്, സിന്റാ ജേക്കബ്, അജിത്ത് അമീര്‍ ബാവ, കെ വി ജോണ്സന്, വിജു ചൂളക്കന്‍, ആന്റണി പൈനുംതറ, ഒ ഡി സേവിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google











