
ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ 15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. പരാതികൾ പുറത്തുവരാതിരിക്കാൻ അതിജീവിതകളിൽ സമ്മർദം ചെലുത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനുള്ള അവസരമൊരുക്കാനായാണ് രാഹുലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
‘‘ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ്.
രാഹുൽ മുങ്ങിയതിന് പിന്നിൽ ഉന്നതരുടെ പങ്ക് വ്യക്തമാണ്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നത്. ഇരകൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെയും തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം. എംഎൽഎ ആയിട്ടുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായില്ല എന്ന പ്രതികരണം വിശ്വാസയോഗ്യമല്ല. ആരൊക്കെയോ അദ്ദേഹത്തെ മുങ്ങാൻ സഹായിച്ചിട്ടുണ്ടാകാം. സാധാരണ കേസുകൾ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്’’– കെ.സുരേന്ദ്രൻ പറഞ്ഞു.











