03:58pm 29 April 2026
NEWS

നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ സുപ്രീംകോടതിയാണോ സുപ്രീം? അന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കേരളശബ്ദത്തോട് പറഞ്ഞത്...

17/04/2025  11:24 AM IST
വിഷ്ണുമം​ഗലം കുമാർ
 നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ സുപ്രീംകോടതിയാണോ സുപ്രീം? അന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ കേരളശബ്ദത്തോട് പറഞ്ഞത്...

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസ്സിൽ സുപ്രീംകോടതിയുടെ ചില പരാമർശങ്ങൾ ശ്രദ്ധിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വാക്കുകളാണ്. 1995 ല്‍ ബംഗളുരുവിലെ  ബാല്‍ ബ്രൂയ് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് കേരളശബ്ദം ലേഖകൻ ജസ്റ്റിസിനെ കണ്ടത് .അര മണിക്കൂറാണ്  അനുവദിച്ചതെങ്കിലും വിഷയത്തിന്റെ ഗഹനതകൊണ്ടും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയാലും അഭിമുഖം മൂന്നുമണിക്കൂറോളം നീണ്ടു . നമ്മുടെ വ്യവസ്ഥിതിയില്‍ സുപ്രീംകോടതിയ്ക്കാണ് പരമാധികാരം എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടല്ലോ.  പലപ്പോഴും അനുഭവപ്പെടുന്നതും അങ്ങനെയാണല്ലോ. ഇപ്പോഴും ചില പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതേ തോന്നലാണ് ഉണ്ടാകുന്നത് . അക്കാലത്ത് കര്‍ണാടകത്തിലെ ഐഎഎസ് ഓഫീസറെ കോടതി ജയിലിലടച്ചതും കേരള ചീഫ് സെക്രട്ടറിയെ മുള്‍മുനയില്‍ നിര്‍ത്തിയതും ജുഡീഷ്യറിയും എക്‌സികുട്ടീവും ഏറ്റുമുട്ടി ഭരണഘടനാപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന തോന്നല്‍ സമൂഹത്തില്‍ ശക്തിപ്പെട്ടിരുന്ന സാഹചര്യത്തിലാണ് കേരളശബ്ദം ജസ്റ്റിസ് കൃഷ്ണയ്യരെ കണ്ടത് .അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം വളരെ കൃത്യമായി ഉത്തരം നല്‍കി.

ജുഡിഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലേറ്റുമുട്ടി ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടോ എന്നുചോദിച്ചപ്പോഴാണ് അദ്ദേഹം ദീര്‍ഘമായ വിശദീകരണത്തിലൂടെ ലേഖകന്റെ കണ്ണ് തുറപ്പിച്ചത് .'ഭരണഘടനാ പ്രതിസന്ധി എന്നൊന്നില്ല .അങ്ങനെ ഉണ്ടാവുകയുമില്ല' അദ്ദേഹം വെട്ടിതുറന്നുപറഞ്ഞു ."നമ്മുടെ സംവിധാനത്തില്‍ സുപ്രീം കോടതിയല്ല സുപ്രീം ,ജനങ്ങളാണ് .ചെക്‌സ് ആന്‍ഡ് ബാലന്‍സ് സമ്പ്രദായമാണ് .കോടതി തെറ്റായ വിധി പ്രസ്താവിച്ചാല്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് ആ നിയമം മാറ്റാം .അതുപോലെ എക്‌സിക്യൂട്ടീവ്, കോടതികല്പന ലംഘിച്ചാല്‍ അവരെ ശിക്ഷിക്കാം .നിയമനിര്‍മ്മാണസഭകള്‍ അവയുടെ പരിധിയ്ക്ക് അപ്പുറം പോയി നിയമമുണ്ടാക്കിയാല്‍ കോടതിയ്ക്ക് അത് അസാധുവാക്കാം .അതായത് നമ്മുടെ വ്യവസ്ഥിതിയില്‍ പരമാധികാരം എക്‌സിക്യൂട്ടീവിനുമില്ല ,കോടതിയ്ക്കുമില്ല .പരമാധികാരം ജനങ്ങള്‍ക്കാണ് .അതാണ് ജനാധിപത്യം" .ജഡ്ജി എന്നതിലുപരി വി .ആര്‍ .കൃഷ്ണയ്യര്‍ ,നിയമപണ്ഡിതനും നിയമമന്ത്രിയായിരുന്ന ആളും  സമൂഹത്തിന്റെ നന്മയ്ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച പൊതുപ്രവര്‍ത്തകനുമായിരുന്നു .അതുകൊണ്ടാണ് അദ്ദേഹം ജുഡീഷ്യറിയുടെ പക്ഷം പിടിക്കാതെ സംസാരിച്ചതും .

ഗവണ്‍മെന്റും കോടതിയും തമ്മില്‍ ഉരസലുണ്ടാകുമ്പോള്‍ ,സുപ്രീം കോടതിയുടെ ചില വിധിപ്രസ്താവങ്ങള്‍ കാണുമ്പോള്‍  ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വാക്കുകളോര്‍ക്കും .പലവിഷയങ്ങളിലും സുപ്രീം കോടതി അന്തിമവിധി പ്രസ്താവിക്കുമ്പോള്‍ സുപ്രീം കോടതി തന്നെയല്ലേ സുപ്രീം എന്ന് തോന്നാറുണ്ടെങ്കിലും ,അല്ല ജനങ്ങളാണ് എന്നുള്ള കൃഷ്ണയ്യരുടെ ഉറച്ച ശബ്ദം  ഉള്ളില്‍നിന്ന് പ്രതിധ്വനിക്കാറുണ്ട് .അത്രയേറെ ആഴത്തിലാണ് കേവലമൊരു കൂടിക്കാഴ്ച്ചയിലൂടെ   ആ ഉത്കൃഷ്ട ന്യായാധിപന്‍ ലേഖകനെ സ്വാധീനിച്ചത് .ന്യായാലയത്തിന്റെ പക്ഷത്തല്ല ,ന്യായത്തിന്റെ പക്ഷത്താണ് ആ ന്യായാധിപന്‍ എക്കാലവും നിലയുറപ്പിച്ചത് .ഇപ്പോൾ സുപ്രീം കോടതി ചില സുപ്രധാന പരാമർശങ്ങളും ഉത്തരവുകളും ഉണ്ടാകുമ്പോൾ ഉള്ളിൽ മുഴങ്ങുന്നത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വാക്കുകളാണ്:
" നമ്മുടെ സംവിധാനത്തിൽ സുപ്രീംകോടതിയല്ല സുപ്രീം, ജനങ്ങളാണ് "

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img