
ഇഷ്ടിക പൊട്ടിച്ചാൽ ചുമരിൽ ചിത്രം വരയാൻ ചുവപ്പു കൂടാതെ വേറെയും നിറങ്ങൾ ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? മണ്ണും പൂഴിയും ചെമ്പരത്തിപ്പൂവും മാത്രമല്ല പ്രകൃതിയിലെ പല വസ്തുക്കളും അക്കാലത്ത് ദരിദ്രന്റെ കളർ പാലറ്റിലെ നിറങ്ങളായിരുന്നു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ബാല്യത്തെ ചിത്രങ്ങൾകൊണ്ട് മറികടക്കാൻ ശ്രമിച്ച ബാലൻ പിന്നീട് അത്ഭുതങ്ങളുടെ മഹാഗോപുരങ്ങളാണ് പണിതുവെച്ചത്. ചിലത് അയാളുടെ പേരിൽ അറിഞ്ഞു, മറ്റു ചിലത് മറ്റു ചിലരുടേയും പേരുകളിൽ തലയുയർത്തി നിന്നു.
ജൂഡ്‌സൺ എന്നാണ് അയാളുടെ പേര്. കൽപ്പണിക്കാരനായ പി.പി. റാഫേലിന്റേയും ഫിലോമിനയുടേയും മൂന്നുമക്കളിൽ മൂത്തവൻ. പിന്നീട് അദ്ദേഹം ഡിക്‌സിയുടെ ഭർത്താവും ആർക്കിടെക്ട് ടാനിയയുടേയും എം ബി എക്കാരി നീരജയുടേയും പിതാവുമായി. ഇക്കാലത്തിനിടയിൽ ചരിത്രനിയോഗം പോലെ അയാൾ തന്റെ വഴിയും വെളിച്ചവും സ്വയം തെളിച്ചു, മറ്റുള്ളവർക്കായി വഴിതെളിയിച്ചു.
പൊട്ടൻ ജൂഡ്‌സണിന്റെ കഥ
നാട്ടുകാരും വീട്ടുകാരും ചെറുപ്പത്തിൽ പൊട്ടൻ ജൂഡ്‌സണെന്നാണ് അവനെ വിളിച്ചിരുന്നത്. ചിത്രം വരയ്ക്കാനല്ലാതെ പഠിക്കാനൊന്നും യാതൊരു മിടുക്കുമില്ലാതിരുന്ന പയ്യൻ.
നാലാം വയസ്സു മുതൽ ജൂഡ്‌സൺ ചിത്രം വരയുന്നുണ്ട്. രാവിലെ ചൂലുകൊണ്ട് മുറ്റമടിച്ച് അവിടം നിലമൊരുക്കും. പകൽ വെയിലുകൊണ്ട് ഉറച്ചു കിടക്കുന്ന നിലത്ത് വൈകുന്നേരം ഈർക്കിലുകൊണ്ട് ചിത്രം വരയും. ചിത്രമായിരുന്നു ജൂഡ്‌സന്റെ ശ്വാസവും ആത്മാവും.
പത്തുവയസ്സുവരെ ഇങ്ങനെ 'നിലത്തെഴുത്ത്' തുടർന്നു. പിന്നെ സ്‌കൂളിൽ പോകുന്ന വഴിയിൽ വരക്കുന്നതായി പരിപാടി. അതിന് കാരണവുമുണ്ട്. വഴിയിൽ പല നിറങ്ങളിലുള്ള കല്ലുകൾ കിട്ടും, ചിത്രകാരന്മാരുടെ ഭാഷയിലെ 'ലെമൺ യെല്ലോ' എന്ന 'തീട്ടമഞ്ഞ'യും ലഭ്യമാകും, കരിയിൽ പല കറുപ്പുകൾ കണ്ടെത്താനാവും, ആർക്കും വേണ്ടാത്ത ചുവരുകളുമുണ്ടാകും. നിറങ്ങളുടെ വ്യത്യസ്ത ടോണുകൾ തിരിച്ചറിയാൻ പ്രകൃതിയാണ് ജൂഡ്‌സണിനോടൊപ്പം നിന്നത്.
ചിങ്ങമാസത്തിലെ ഓണത്തിനും ഡിസംബറിലെ മരംകോച്ചുന്ന ക്രിസ്തുമസ് കാലത്തിനും നേരത്തെ തന്നെ ഒരുങ്ങുമായിരുന്നു ജൂഡ്‌സണിലെ ഡിസൈനർ ബാലൻ. ഓണക്കാലത്ത് പല വർണങ്ങളിലുള്ള പട്ടങ്ങളുണ്ടാക്കി ഫോർട്ട് കൊച്ചി ബീച്ചിലെത്തി വിൽപ്പന നടത്തും. ഓണപ്പൂക്കളമത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ചിത്രം വരച്ചു നൽകുന്നതും മറ്റൊരു തൊഴിലായിരുന്നു.
ഡിസംബറിൽ ക്രിസ്തുമസ് കൂടൊരുക്കാൻ നേരത്തേ തന്നെ ഈറ്റ വാങ്ങി പണിതുടങ്ങും. മകന്റെ 'ചിത്രപ്പണിയിലെ' ചെറിയ സമ്പാദ്യങ്ങൾ കുടുംബത്തിനും ആശ്വാസമായിരുന്നു.
ചിത്രം വരച്ചും പട്ടമുണ്ടാക്കിയും മരിച്ചവരുടെ ഓർമ്മദിവസങ്ങളിൽ ശവക്കല്ലറകൾ അണിയിച്ചൊരുക്കിയും നടക്കുന്ന കാലത്താണ് ഇരുപതാം വയസ്സിൽ ക്ലാസ് ടീച്ചറുടെ മകളുമായി പ്രണയത്തിലായത്. 1985-ൽ തുടങ്ങിയ പ്രണയം 1987-ൽ വിവാഹത്തിൽ കലാശിച്ചു. പിന്നെയാണ് കഥയും കളിയും മാറിയത്.
ഗൾഫിലേക്ക് സ്വപ്‌നങ്ങളിലേക്ക്
ഭാര്യയുടെ സ്വർണം പണയം വെച്ചാണ് ഗൾഫിലേക്ക് പോകാൻ തയ്യാറെടുത്തത്. സ്വർണം വിറ്റ പണവുമായി ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയിലെത്തിയ അഞ്ചാം ദിവസം വലിയ തിരക്കു കണ്ട ഒരു സ്റ്റുഡിയോക്കു മുമ്പിൽ അന്വേഷിച്ചപ്പോൾ അവിടെ അറബിയുടെ സ്റ്റുഡിയോയിലേക്ക് ഇന്റർവ്യൂ നടക്കുന്നു. ക്യാമറ കണ്ടിട്ടുണ്ടെന്നല്ലാതെ ഫോട്ടോയെടുക്കാനൊന്നും അറിയില്ലാത്ത ജൂഡ്‌സണും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അറബിയുടെ ഇന്റർവ്യൂ നടക്കുന്നതിനിടയിൽ അയാളുടെ ചിത്രം വരച്ചു. ജൂഡ്‌സന്റെ ഊഴമെത്തിയപ്പോൾ ആ ചിത്രം അറബിക്ക് സമ്മാനിച്ചു. സ്റ്റുഡിയോയിലെ ജോലി ജൂഡ്‌സണ് കിട്ടി. നേരെ ഖത്തറിലേക്ക്.
പടം വരയ്ക്കാനറിയാം; പടമെടുക്കാനറിയില്ല
സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന രാജൻ എന്ന മലയാളിയെ ഒഴിവാക്കാനായിരുന്നു അറബി ബോംബെയിൽ ഇന്റർവ്യൂ നടത്തിയത്. എന്നിട്ട് തെരഞ്ഞെടുത്തത് ഫോട്ടോ എടുക്കാനറിയാത്ത ജൂഡ്‌സണേയും. ഖത്തറിലെത്തിയ ജൂഡ്‌സൺ; 'രാജൻ ചേട്ടൻ ഫോട്ടോ എടുക്കാൻ പഠിപ്പിച്ചു തരണേ' എന്ന അഭ്യർഥനയ്ക്ക് രാജൻ ചേട്ടന്റെ വലിയൊരു ചിരിയായിരുന്നു മറുപടിയെന്ന് ജൂഡ്‌സൺ ഇപ്പോഴും ഓർക്കുന്നുണ്ട്.
പതിയെ പതിയെ ജൂഡ്‌സണ് സ്റ്റുഡിയോ പണി അറിയില്ലെന്ന് അറബിക്ക് മനസ്സിലായി. രണ്ടു മാസത്തിനകം പണി പഠിപ്പിച്ച് സ്റ്റുഡിയോയിൽ കയറ്റാമെന്ന് പദ്ധതിയിട്ട രാത്രിയാണ് രാത്രി ഭക്ഷണമായി കുബ്ബൂസും വാങ്ങി വരുന്ന വഴി ഒരു വാഹനം ഇടിച്ചിട്ടത്. അബോധാവസ്ഥയിൽ ആശുപത്രിയിലായ ജൂഡ്‌സൺ 28 ദിവസത്തിനു ശേഷമാണ് ആശുപത്രി വിട്ടത്.
ജൂഡ്‌സൺ തുടരുന്നതിൽ അർഥമുണ്ടാകില്ലെന്ന് മനസ്സിലാക്കിയ അറബി അയാളെ തിരിച്ചയക്കാനുള്ള പദ്ധതിയിൽ നാട്ടിലേക്ക് ടിക്കറ്റെടുത്തു. ഇത് അറബിയുടെ കണ്ണൂർക്കാരനായ ഡ്രൈവർ കിഷോർ ജൂഡ്‌സണോട് മാപ്പിളപ്പാട്ട് പാടുന്ന രീതിയിൽ പറഞ്ഞുകൊടുത്തു. അതോടെ അവിടെ നിന്നും രക്ഷപ്പെടണമെന്ന് ജൂഡ്‌സണ് മനസ്സിലായി.
അപകടത്തിലെ പരിക്കിനെ തുടർന്ന് നടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും രാത്രി റോഡിലിറങ്ങി കാണുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു. അതിലൊരു വാഹനം നിർത്തി. ആ വാഹനം ഓടിച്ചിരുന്നത് ഒരു പാകിസ്ഥാനിയായിരുന്നു. എവിടെ പോകണമെന്ന ചോദ്യത്തിന് നാട്ടിലെ പരിചയക്കാരനായ ഒരാളെ പറഞ്ഞു കൊടുത്തു. രാത്രി ഒരു കടയുടെ മുമ്പിലെ ടെലിഫോണിൽ ബൂത്തിൽ നിന്നും ആ പാകിസ്ഥാനി തന്നെയാണ് ജൂഡ്‌സൺ പറഞ്ഞുകൊടുത്ത നമ്പറിലുള്ള മലയാളിയെ ഫോണിൽവിളിച്ചു സംസാരിച്ചത്. പറഞ്ഞ സ്ഥലത്ത് ജൂഡ്‌സണെ ഇറക്കിയപ്പോൾ ആ പാകിസ്ഥാനി 100 റിയാൽ കൂടി പോക്കറ്റിലിട്ടു കൊടുത്തു. ഖത്തറിൽ ജോലിക്കെത്തിയ ജൂഡ്‌സണ് ആദ്യമായി കിട്ടിയ പണം ആ പാകിസ്ഥാനിയുടെ നൂറു റിയാലായിരുന്നു.
ആടുകളുടെ കൂടെ ആറുമാസം
പിന്നെയെത്തിയത് മസാറയിലായിരുന്നു. ആറുമാസക്കാലം ആടുകളുടെ കൂടെയായിരുന്നു ജീവിതം. മരുഭൂമിയിൽ ആടുകൾക്ക് ഭക്ഷണം നൽകിയും തോട്ടത്തിലെ ഈന്തപ്പനകൾ നനയ്ക്കലുമായിരുന്നു പണി.
കൊടുംചൂടിൽ ഉണങ്ങിക്കട്ടിയായ കുബ്ബൂസ് വെള്ളത്തിലിട്ട് മൃദുവാക്കി അതിനു മുകളിൽ ഉപ്പും മുളകും എണ്ണയും തേച്ച് കഴിച്ച കാലമായിരുന്നു അത്. ജീവിതത്തിൽ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണമായിരുന്നു അത്.
അപ്പോഴും സൗകര്യപ്പെടുമ്പോഴെല്ലാം ചിത്രങ്ങൾ വരച്ചിരുന്നു. ഒരു രാത്രി ഉംസെയ്ദിലെ മരുഭൂമിയിലിരുന്ന് അന്നത്തെ ഖത്തർ ഭരണാധികാരി ശൈഖ് ഖലീഫയുടെ ചിത്രം വരച്ചു. മനോഹരമായ നിറങ്ങൾ നൽകി. മസാറയിൽ ഇടയ്ക്കിടെ വരാറുള്ള പാകിസ്ഥാനി ആ ചിത്രം കണ്ടു. അയാൾക്കത് ഇഷ്ടപ്പെട്ടതോടെ അയാളത് ജൂഡ്‌സണിൽ നിന്നും വാങ്ങിക്കൊണ്ടു പോയി. എന്നാൽ ഈ ചിത്രം നേരെ സ്‌പോൺസറെ കാണിക്കുകയായിരുന്നു ആ പാകിസ്ഥാനി ചെയ്തത്. അതോടെ പുതിയ ജീവിത അധ്യായമാണ് ജൂഡ്‌സണു മുമ്പിൽ തെളിഞ്ഞത്.
വീണ്ടും പാകിസ്ഥാനി വരുന്നു
മന്നം ഗസനായിയിലെ സ്ട്രീറ്റ് നമ്പർ 17-ൽ അറബികൾ തണുപ്പുകാലത്ത് പോകുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് എത്തിയത്.
എന്നാൽ വാഹനത്തിന്റെ ഷീറ്റുകൾ പിടിച്ചു കൊടുക്കുന്നതും മറ്റും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കിയപ്പോൾ അറബി തന്നെയാണ് തന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലേക്ക് ജൂഡ്‌സണെ എത്തിച്ചത്. അലിയെന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലേക്കാണ് ശുപാർശ ചെയ്തത്.
ആ സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോഴെല്ലാം ഇന്റർനാഷണൽ ഡിസൈനിംഗ് കമ്പനിയെന്ന ബോർഡ് കാണാറുണ്ട്. പന്ത്രണ്ട് നിലയുള്ളൊരു കെട്ടിടത്തിലായിരുന്നു ഈ ബോർഡ് സ്ഥാപിച്ചിരുന്നത്. ഡിസൈനിംഗ് ഗ്രൂപ്പ് എന്നതിനാൽ അവിടെ പോയി ജോലി അന്വേഷിക്കണമെന്ന് പല തവണ തോന്നലുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ദിവസം നേരെ ആ കെട്ടിടത്തിലേക്ക് കയറിച്ചെന്നത്.
മാനേജരെ കണ്ടപ്പോൾ അദ്ദേഹം ചിത്രം വരച്ചു കാണിക്കാൻ പറഞ്ഞു. അപ്പോൾ കേരളത്തിന്റെ ഭൂപ്രകൃതിയും ചീനവലയുമൊക്കെയാണ് വരച്ചു കാണിച്ചത്.
ഖത്തറിലെ ഏറ്റവും വലിയ ആർക്കിടെക്ടും മികച്ച ചിത്രകാരനുമായിരുന്ന മെദാത്ത് ഉസ്മാനു മുമ്പിലാണ് ഈ ചിത്രങ്ങളുമായി ജൂഡ്‌സണെ എത്തിച്ചത്. അദ്ദേഹം ചിത്രങ്ങളെ അഭിനന്ദിക്കുകയും എന്നാൽ തനിക്ക് ഇതുപോലുള്ള ചിത്രങ്ങൾ വരയ്ക്കുന്ന ആളെയല്ല വേണ്ടതെന്ന് പറയുകയും ചെയ്തു. കെട്ടിടങ്ങളുടേയും മുറിയുടേയും ചിത്രങ്ങളാണ് വേണ്ടതെന്നും അതുപോലെ വരയ്ക്കാനാവുമോ എന്നു ചോദിക്കുകയും ചെയ്തപ്പോൾ ശ്രമിച്ചു നോക്കാമെന്ന മറുപടിയാണ് നൽകിയത്.
തിരികെ ജോലിസ്ഥലത്തെത്തി. അക്കാലത്താണ് ആ കമ്പനിയിൽ ഒരു ഫിലിപ്പിനോ ആർക്കിടെക്ട് ജോലിക്കെത്തിയത്. അദ്ദേഹത്തോട് സംസാരിക്കുകയും ത്രിഡയമൻഷൻ ചിത്രം എങ്ങനെ വരയ്ക്കുമെന്ന് ചോദിക്കുകയും ചെയ്തപ്പോൾ അദ്ദേഹമാണ് മികച്ച ഉത്തരം തന്നത്. തീവണ്ടിപ്പാളം നോക്കുക, അതൊരു പോയിന്റിൽ ചെന്ന് ഇല്ലാതാകും. എല്ലാ ജ്യോമെട്രിക്കൽ കാര്യങ്ങൾക്കും ഒരു സാങ്കൽപ്പിക വാനിഷിംഗ് ഉണ്ടാകും. ആ പോയിന്റിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ജീവിതത്തിലെ ഏക അക്കാദമിക വിദ്യാഭ്യാസമായിരുന്നു അന്ന് ആ ഫിലിപ്പിനോ നൽകിയ പാഠം.
ഒരു മാസത്തിന് ശേഷം ഇന്റർനാഷണൽ ഡിസൈനിംഗ് കമ്പനിയിൽ ചെന്ന് വരയ്ക്കാനാവുമെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് കാലത്ത് വരാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് ഞെട്ടിപ്പോയത്. പഞ്ചനക്ഷത്ര രീതിയിലുള്ള ഓഫീസായി മാറിയിരുന്നു അത്. വലിയ ഡ്രോയിംഗ് ബോർഡും കറങ്ങുന്ന കസേരയുമൊക്കെയായിരുന്നു അവിടെ കാത്തിരുന്നത്.
ചിത്രം വരച്ചു, കളർ പെൻസിൽ ഉപയോഗിച്ച് നിറങ്ങൾ നൽകി, വൈകുന്നേരത്തോടെ അറബിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമായി, ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടു.
മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അറബി തങ്ങളൊരു പുതിയ സ്റ്റുഡിയോ തുടങ്ങാൻ പദ്ധതിയിടുന്നുണ്ടെന്നും അവിടെ പാർട്ണറായി പ്രവർത്തിക്കാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചത്. ഒരു പച്ചക്കറിക്കടയാണ് സ്റ്റുഡിയോയായി രൂപാന്തരപ്പെടുത്തുന്നത്. താത്പര്യം അറിയിച്ചതോടെ അത് ശരിയാക്കി സ്റ്റുഡിയോയാക്കാൻ അദ്ദേഹം ഏൽപ്പിച്ചു.
ഒരു മാസത്തെ അത്യധ്വാനത്തിന് ശേഷം സ്റ്റുഡിയോ രൂപപ്പെടുത്തിയെടുത്ത് മുറിയിൽ വിശ്രമിക്കുമ്പോഴാണ് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്, ആ സ്റ്റുഡിയോ വേറെ ആളുകളാണ് തുടങ്ങിയിരിക്കുന്നതെന്ന്. ഉടൻ ടാക്‌സി പിടിച്ച് അവിടെ എത്തി അന്വേഷിച്ചപ്പോഴാണ് തനിക്കൊന്നുമറിയില്ലെന്നും ഓഫീസിൽ നിന്നും തന്നെ ഏൽപ്പിച്ചതാണെന്നും അവിടെ ഉണ്ടായിരുന്ന ശ്രീലങ്കക്കാരൻ പറഞ്ഞത്.
ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ ഒരു ഈജിപ്ഷ്യനായിരുന്നു മാനേജർ. ഇക്കാര്യം ചോദിച്ചപ്പോൾ ഈജിപ്ഷ്യൻ മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ഓഫീസ് അലങ്കോലപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസിൽ വിളിച്ച് ഒരു ഇന്ത്യക്കാരൻ വന്ന് ഓഫീസ് അടിച്ചുപൊളിച്ചെന്ന് പരാതി നൽകി. ഒരു മണിക്കൂർ കഴിഞ്ഞ പൊലീസ് വന്ന് പിടിച്ചുകൊണ്ടുപോയി. പിന്നീട് നാലു മാസമാണ് ജയിലിൽ കിടന്നത്.
നാലുവർഷത്തെ ഗൾഫ്ജീവിതം അവസാനിപ്പിച്ച് ബോംബെയിലേക്ക് വിമാനം കയറി. കാലിയായ കീശയും കയ്യുമായി ബോംബെയിലിറങ്ങി, അവിടുന്ന് ബസ്സിൽ തൃശൂരിലും എറണാകുളത്തും നാട്ടിലുമെത്തി.
കാലത്തു വീട്ടിലെത്തുമ്പോൾ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. തന്നെ കണ്ടതും എല്ലാവരും ഞെട്ടി. മെലിഞ്ഞിരുന്ന ജൂഡ്‌സൺ അൽപം തടിച്ചിരുന്നു എന്നതല്ലാതെ നാട്ടിൽനിന്നും പോകുമ്പോഴുള്ളതിൽനിന്നും മറ്റു വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പെങ്ങളുടെ കല്യാണത്തിന്റെ കടം ഉണ്ടായിരുന്നതുകൊണ്ട് വീടുവിറ്റ് വാടകയ്ക്ക് മാറി. ഭാര്യയും അമ്മയും അച്ഛനുമായാണ് വീടു മാറിയത്.
വർഷങ്ങൾക്ക് മുമ്പ് ഗ്രീറ്റിംഗ് കാർഡ് വിറ്റ പരിചയമുണ്ടായിരുന്നതുകൊണ്ട് എറണാകുളത്തെ ഒരു ആർക്കിടെക്ടിനെ വിളിച്ച് തനിക്ക് അവർക്കാവശ്യമായ രീതിയിലുള്ള ചിത്രങ്ങൾ വരയ്ക്കാൻ അറിയാമെന്ന് പറഞ്ഞു. അദ്ദേഹം ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹം ജോലി തന്നു.
അക്കാലത്താണ് മൂത്തമകൾ ടാനിയ ജനിച്ചത്. അതിനിടയിലാണ് മറ്റു ആർക്കിടെക്ടുകൾക്കും ഈ ജോലി ചെയ്തു കൊടുക്കാമല്ലോ എന്ന ആശയം തോന്നിയത്. യെല്ലോ പേജസ് എടുത്തുവെച്ച് ആർക്കിടെക്ടുകളെ വിളിച്ചു. മുതിർന്നൊരു ആർക്കിടെക്ട് വരാൻ പറയുകയും ഒരു ചിത്രം വരയ്ക്കാൻ ഏൽപ്പിക്കുകയും ചെയ്തു.
അക്കാലത്ത് എണ്ണൂറു രൂപയായിരുന്നു ശമ്പളമായി കിട്ടിയിരുന്നത്. ആർക്കിടെക്ട് ഒരു ചെക്ക് എഴുതിത്തന്നു. എഴുത്തിനിടയിൽ മൂന്ന് പൂജ്യം എന്നൊക്കെ കണ്ടതുകൊണ്ട് മുന്നൂറു രൂപയാണെന്ന് കരുതി. പുറത്തിറങ്ങി ചെക്ക് തുറന്നു നോക്കിയപ്പോൾ ഞെട്ടി മൂവായിരം രൂപയായിരുന്നു ചെക്കിലുണ്ടായിരുന്നത്.
അന്ന് ഓട്ടോറിക്ഷ പിടിച്ചു വീട്ടിലേക്ക് പോയി. അന്ന് കേരളത്തിൽ ആർക്കിടെക്ടുകളുടെ മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും വേണ്ടി ത്രിമാനചിത്രങ്ങൾ വരച്ചിരുന്നത് പി.ആർ. ജൂഡ്‌സനായിരുന്നു. വർഷങ്ങളോളം ആ രംഗത്ത് ജൂഡ്‌സൺ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കൊച്ചിയിൽ നാലു പലകയിട്ട അമ്പത് ചതുരശ്ര അടിയുള്ള ഓഫീസെടുത്തു. ആറുമാസത്തിനകം എറണാകുളത്തേക്ക് ഓഫീസ് മാറ്റി. പിന്നീട് യാത്ര തിരക്കുപിടിച്ചതായിരുന്നു.
ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഒരു ആർക്കിടെക്ട് തങ്ങളുടെ ചിത്രങ്ങളെല്ലാം ത്രിഡി ആനിമേഷനിലാണ് ചെയ്യുന്നതെന്ന് പറയുന്നതുകണ്ടപ്പോൾ ഉടൻ കംപ്യൂട്ടർ വാങ്ങണമെന്ന ചിന്തയാണുണ്ടായത്. ഉടൻ കംപ്യൂട്ടർ വാങ്ങി വീട്ടിലെത്തിച്ചു. എന്നാൽ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു. സോഫ്റ്റ് വെയർ വാങ്ങി സുഹൃത്ത് അത് ഇൻസ്റ്റാൾ ചെയ്തു തന്നു. ത്രി ഡി മാക്‌സ് എന്ന വലിയ സംഭവത്തിലേക്കായിരുന്നു അന്ന് കാൽവെച്ചത്. ഒന്നുമറിയില്ലെങ്കിലും അത് ഒറ്റക്കിരുന്ന് നോക്കി പഠിച്ചു.
ആർക്കിടെക്ചറിന്റെ പ്രത്യേകത രൂപം കൊടുത്ത ചിത്രം കെട്ടിടമുള്ളിടത്തോളം കാലം ഓർമയിലുണ്ടാകുമെന്നതാണ്. അതാണ് ദൈവവും ആർക്കിടെക്ടും തമ്മിലുള്ള ധാരണമെന്നും ജൂഡ്‌സൺ പറയുന്നു. തന്റെ കണ്ണിൽ താൻ കണ്ട കെട്ടിടമാണ് അവിടെ തീർത്തിരിക്കുന്നത്. പിന്നീട് സൗദിയിലും ഖത്തറിലും ദുബൈയിലുമായി പറന്നാണ് ജൂഡ്‌സൺ വരച്ചത്.
രണ്ട് ലോകറെക്കോർഡുകൾ സ്വന്തം
ക്ലയന്റിനെ അഭിമുഖീകരിച്ചായിരുന്നു ജൂഡ്‌സൺ പ്ലാനുകൾ വരച്ചിരുന്നത്. ഇതുകണ്ട ക്ലയന്റുകളിൽ പലരും അതെങ്ങനെയാണ് ഇത്തരത്തിൽ സ്വയം അഭിമുഖമാകാതെ ക്ലയന്റിന് അഭിമുഖമായി വരക്കാനാവുന്നതെന്ന ചോദ്യം എന്നയിച്ചു. അതുവരെ ജൂഡ്‌സണ് തന്റെ ഇത്തരമൊരു കഴിവിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഗൂഗഌൽ ഈ വിവരം അന്വേഷിച്ചത്. ലോകത്തിന്നുവരെ ഇത്തരത്തിൽ വരയ്ക്കുന്ന ആരേയും രേഖപ്പെടുത്തിയിട്ടില്ലെന്ന് അപ്പോഴാണ് അറിയുന്നത്. ഒരേയോരു ആർക്കിടെക്ടിനെ കുറിച്ചു മാത്രമാണ് ഇത്തരത്തിൽ വരച്ചതായി പറയുന്നത്. എന്നാലാകട്ടെ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും ഇപ്പോൾ ലഭ്യവുമല്ല. അങ്ങനെ ഈ രംഗത്ത് ലോക റെക്കോർഡ് നേടാൻ ജൂഡ്‌സൺ പീറ്ററിന് സാധിച്ചു. തല തിരിച്ച് കൈവിടാതെ പ്ലാൻ വരച്ചെടുക്കാനും ജൂഡ്‌സണ് സാധിക്കും.
സ്വപ്‌നങ്ങൾ കാണണം
ഉറങ്ങുമ്പോഴും ഉണരുമ്പോഴും സ്വപ്‌നങ്ങൾ കാണണമെന്നും അതിൽ ചിലതെങ്കിലും സാക്ഷാത്ക്കരിക്കാൻ സാധിക്കുമെന്നുമാണ് ജൂഡ്‌സൺ നൽകുന്ന സന്ദേശം. ഇരുപത് വയസ്സുവരെയെങ്കിലും പത്തോ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിൽ മാത്രം സഞ്ചരിച്ച താനിപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നുണ്ടെങ്കിൽ അത് സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിച്ചതാണെന്നും അദ്ദേഹം പറയുന്നു.










