
ന്യൂഡൽഹി: ജുഡീഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്. സുപ്രീം കോടതി കൊളീജിയം ഔദ്യോഗികമായി പേരുകൾ പരിഗണിക്കുന്നതിന് മുൻപ് തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് അവ സർക്കാരുമായി ചർച്ച ചെയ്തിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് 'ദി വയറിന്' നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കൗൾ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന 'വിത്തൗട്ട് ഫിയർ ഓർ ഫേവർ' (Without Fear Or Favour) എന്ന ഓർമ്മക്കുറിപ്പിലും ഈ സംഭവങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
നിയമനത്തിനുള്ള പേരുകളെക്കുറിച്ച് സർക്കാരിന്റെ അഭിപ്രായം തേടാൻ ഫോൺ ചെയ്യട്ടെയെന്ന് ഒരു കൊളീജിയം യോഗത്തിനിടയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചിരുന്നുവെന്നും, എന്നാൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ അത് ചെയ്യരുതെന്ന് താൻ എതിർത്തിരുന്നുവെന്നും ജസ്റ്റിസ് കൗൾ വ്യക്തമാക്കി. കൊളീജിയം അഞ്ച് പേരുകളിൽ ധാരണയിലെത്തിയിരുന്നെങ്കിലും, അവസാന നിമിഷം കൊണ്ടുവന്ന ആറാമതൊരു സ്ഥാനാർത്ഥിയെക്കൂടി ഉൾപ്പെടുത്താൻ ജസ്റ്റിസ് ചന്ദ്രചൂഡ് ആഗ്രഹിച്ചിരുന്നുവെങ്കിലും താനോ മറ്റ് അംഗങ്ങളോ അത് അംഗീകരിച്ചില്ല.
ഈ പ്രവണത ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലത്ത് മാത്രം ഒതുങ്ങിനിന്ന ഒന്നല്ലെന്നും, എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള കൂടിയാലോചനകൾ നടക്കുന്ന രീതിയാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രീതികൾ പിന്തുടരുന്നത് ചുരുങ്ങിയ കാലാവധിയുള്ള പിൻഗാമികൾക്ക് പ്രതിരോധിക്കാൻ പ്രയാസകരമായ പ്രതീക്ഷകൾ സൃഷ്ടിച്ചേക്കാമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭരണപരമായ സമീപനത്തെ വിമർശിക്കുമ്പോഴും, അദ്ദേഹത്തിന്റെ ബുദ്ധിപരമായ കഴിവിനെയും കഠിനാധ്വാനശേഷിയെയും ജസ്റ്റിസ് കൗൾ അഭിനന്ദിച്ചു.










