
കോട്ടയം: കേരളത്തിൽ ഇടതുമുന്നണി മൂന്നാം തവണയും ഭരണത്തിലേറുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മറികടന്ന് ജനകീയ വിഷയങ്ങളിൽ ഇടപെട്ട് എൽ.ഡി.എഫ് കരുത്ത് തെളിയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ എന്ന ഉറച്ച ആവശ്യവുമായി പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി മാറ്റം സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
'ഹാട്രിക്' ലക്ഷ്യം, 15 സീറ്റുകൾ
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾക്ക് പുറമെ സി.പി.എം ഏറ്റെടുത്ത സീറ്റും തിരികെ വാങ്ങി ഇത്തവണ 15 സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾക്കൊണ്ട്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഹാട്രിക് വിജയം ഉറപ്പാക്കാൻ പാർട്ടി സജീവമായി രംഗത്തുണ്ടാകും.
ഗൂഢാലോചന തകർക്കും
താൻ വിദേശത്തായിരുന്ന സമയത്ത് പാർട്ടിയെ തകർക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ചില രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢനീക്കമാണ് മുന്നണി മാറ്റ വിവാദത്തിന് പിന്നിൽ. എന്നാൽ പാർട്ടി ഒറ്റക്കെട്ടായി നിന്ന് ഈ നീക്കത്തെ പരാജയപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
അധ്യാപക നിയമനം സുപ്രീം കോടതി വിധിയിലെ സാങ്കേതികത മറികടന്ന് ക്രൈസ്തവ മാനേജ്മെന്റുകളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഹർജി നൽകിക്കഴിഞ്ഞു.
ജെ.ബി. കോശി റിപ്പോർട്ട്:
റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി സഭാ പ്രതിനിധികളുമായി അടുത്ത മാസം ചർച്ച നടത്തും.
പോരാട്ടവീര്യവുമായി ജോസ് കെ. മാണി
രാജ്യസഭാംഗമായി തുടരുന്ന ജോസ് കെ. മാണി നിയമസഭയിലേക്ക് മത്സരിക്കുമോ എന്നതിൽ അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കും. എങ്കിലും പാലായിൽ ഉൾപ്പെടെ കരുത്തുറ്റ സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനാണ് പാർട്ടി ഒരുങ്ങുന്നത്. യു.ഡി.എഫിന്റെ വിവാദ രാഷ്ട്രീയം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











