
ദോഹ: ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം ജലീലിയോ ഏറ്റുവാങ്ങി.പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകാരനും സാഹിത്യ അക്കാദമി പുരസ്കാരം, JCB പുരസ്കാരം എന്നിവയുടെ ജേതാവുമായ എസ് ഹരീഷ് പുരസ്കാര സമർപ്പണം നിർവഹിച്ചു. 50000 രൂപയും ശിൽപ്പവും അടങ്ങുന്നതായിരുന്നു പുരസ്കാരം.
സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ നാൾവഴികൾ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി വിശദീകരിച്ചു.തുടർന്ന് എസ് ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ കഥാകൃത്തുക്കളിൽ ഒരാളായി ഗണിക്കപ്പെടേണ്ട സി. വി. ശ്രീരാമന്റെ പേരിലുള്ള ഈ പുരസ്കാരം ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാർ ആഗ്രഹിക്കുന്ന അംഗീകാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ കഥകളുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രഭാഷണത്തിൽ ഹരീഷ് വിശദീകരിക്കുകയുണ്ടായി. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ആശംസകൾ അർപ്പിച്ചു. അവാർഡ് ജേതാവ് ജലീലിയോ മറുപടി പ്രഭാഷണം നടത്തി. വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് സന്നിഹിതയായിരുന്നു . 2026 ലേക്കുള്ള സംസ്കൃതി മെംബർഷിപ്പ് വിതരണോൽഘടനവും വേദിയിൽ വെച്ച് എസ്. ഹരീഷ് നിർവ്വിച്ചു.കൊറിയയിൽ വെച്ച് നടക്കുന്ന World Masters Athletic Meet-ലേക്ക് യോഗ്യത നേടിയി സംസ്കൃതി ഖത്തർ ഫിറ്റ്നസ് ഫ്രൈഡേ ട്രെയിനർ ജെയ്സൺ ജെക്ക് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ സംസ്കൃതിയുടെ ആദരവ് അർപ്പിച്ചു.
ഇതേ വേദിയിൽ 2014 മുതൽ 2024 വരെ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് അർഹമായ കഥകളുടെ സമാഹാരം എസ് ഹരീഷ് ജലീലിയോക്ക് നൽകി പ്രകാശനം ചെയ്തു.
തുടർന്ന് നടന്ന സുപ്രസിദ്ധ കാഥികൻ കെടാമംഗലം സദാനന്ദന്റെ ശിഷ്യനായ സൂരജ് സത്യനും സംഘവും അവതരിപ്പിച്ച ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന കഥാപ്രസംഗവും സദസ്സിന്റെ മനംകവർന്നു.സൂരജ് സത്യന്റെ സംഘത്തിൽ ആലപ്പി ഋഷികേശ്(ഹാർമോണിയം) ഗസൽ സോമൻ (തബല) എൻ മുരളി (കീബോർഡ്) എന്നിവരാണ് ഉണ്ടായിരുന്നത്.
ചടങ്ങിന് സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു.











