
ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ഒരു ദശാബ്ദത്തിനിടെ 15 കോടി ഉപഭോക്താക്കളെന്ന നേട്ടം സ്വന്തമാക്കി ഐടെൽ. 2016-ൽ ഇന്ത്യൻ വിപണിയിലെത്തിയ ബ്രാൻഡ്, ഈടുനിൽപ്പ്, വിശ്വാസ്യത, താങ്ങാനാവുന്ന വില എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് വളർച്ച കൈവരിച്ചത്. സ്മാർട്ട്ഫോണുകൾ, ഫീച്ചർ ഫോണുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന നിരയാണ് ഐടെലിനുള്ളത്.
കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം, 2026-ൽ 34 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഒന്നാം നമ്പർ ഫീച്ചർ ഫോൺ ബ്രാൻഡാണ് ഐടെൽ. 10,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ 36 ശതമാനം വിപണി വിഹിതവും ബ്രാൻഡിനുണ്ട്. രാജ്യത്തുടനീളമുള്ള 1,000-ത്തിലധികം സേവന കേന്ദ്രങ്ങൾ, 100 ദിവസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ് പ്ലാൻ, അർഹമായ മോഡലുകൾക്ക് കൗണ്ടർ റീപ്ലേസ്മെന്റ് സൗകര്യം എന്നിവയും ഉപഭോക്തൃ സേവനത്തെ ശക്തിപ്പെടുത്തുന്നു.
ഇന്ത്യൻ കുടുംബങ്ങൾക്ക് കൂടുതൽ പ്രാപ്യവും വിശ്വസനീയവുമായ സാങ്കേതികവിദ്യ ലഭ്യമാക്കുകയാണ് ഐടെലിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ ഓപ്പറേഷൻസ് സി.ഇ.ഒ. അരിജീത് തലപത്ര പറഞ്ഞു. മൊബൈൽ ഫോണുകളിൽ നിന്ന് ടിവികളിലേക്കും ഗൃഹോപകരണങ്ങളിലേക്കും ഉൽപ്പന്ന നിര വികസിപ്പിക്കുന്നതിനൊപ്പം, ഈടുനിൽപ്പും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുന്നതിൽ ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതികവിദ്യ കൂടുതൽ കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Photo Courtesy - Google









