10:39pm 30 April 2026
NEWS
ഐടി ഉദ്യോഗസ്ഥയുടെ മരണം കൊലപാതകം; വിദ്യാർത്ഥിയായ പ്രതി അറസ്റ്റിൽ
13/01/2026  11:34 AM IST
വിഷ്ണുമംഗലം കുമാർ
ഐടി ഉദ്യോഗസ്ഥയുടെ മരണം കൊലപാതകം; വിദ്യാർത്ഥിയായ പ്രതി അറസ്റ്റിൽ

 ബംഗളുരു: ഒരു പ്രമുഖ ഐ ടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഷർമ്മിള ഡി.കെ. കിഴക്കൻ ബംഗളുരുവിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള സങ്കല്പനിലയം എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. 34 കാരിയായ ഷർമ്മിള അവിവാഹിതയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയാണ് സ്വദേശം. ആസാം സ്വദേശിനിയായ റൂംമേറ്റ്‌ ഏതാനും ദിവസമായി അവരുടെ ജന്മഗ്രാമത്തിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന് രാത്രി പത്തുമണി കഴിഞ്ഞ സമയത്ത് വീട്ടിലെ ബെഡ് റൂമിൽ തീപടർന്ന് ഷർമ്മിള മരണമടഞ്ഞു. തീക്കെടുത്തിയതും ഗുരുതരമായി പരിക്കേറ്റ ഷർമിളയെ ആശുപത്രിയിലെത്തിച്ചതും ഫയർ ഫോഴ്‌സുകാരാണ്. വൈദ്യുതി ഷോർട്ട് സർക്യുട്ട് ആയതുമൂലം തീപടർന്നതാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. എന്നാൽ സംഭവത്തെ കുറിച്ച് സംശയം തോന്നിയ ഷർമ്മിളയുടെ ഒരു സുഹൃത്ത് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ ഷോർട്ട് സർക്യുട്ടിന്റെ ലക്ഷണങ്ങളൊന്നും കാണാതിരുന്നത് സംശയം ജനിപ്പിച്ചു. ഷർമ്മിളയുടേതല്ലാത്ത മറ്റൊരു വിരലടയാളം ബെഡ് റൂമിൽ നിന്ന് കണ്ടെത്താനായത് അന്വേഷണം ഊർജ്ജിതപ്പെടുത്താൻ കാരണമായി. ആ അന്വേഷണം അയൽപക്കത്തെ പി യു സി വിദ്യാർഥിയിലാണ് എത്തിച്ചേർന്നത്. പതിനെട്ടുകാരനായ അയാൾ നടത്തിയ ക്രൂര കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞു. കുടക് ജില്ലയിലെ വീരാജ് പേട്ട സ്വദേശിയായ കർണൽ കുരേ എന്ന വിദ്യാർത്ഥി അമ്മയോടൊപ്പം ഷർമ്മിളയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയാണ് അവന്റെ അമ്മ. സുന്ദരിയായ ഷർമിള വീട്ടിൽ ഒറ്റയ്ക്കാണെന്ന് കർണാലിന് അറിയാമായിരുന്നു. രാത്രി ഒമ്പതു മണിയോടെ അയാൾ ജാലകത്തിന്റെ സ്ലൈഡിങ് ഡോർ വഴി ഷർമ്മിളയുടെ വീട്ടിൽ കയറി ഒളിച്ചിരുന്നു. അവരെ ലൈംഗികമായി കീഴടക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഷർമ്മിള വഴങ്ങിയില്ല.കോപിഷ്ടനായ യുവാവ് അവളുടെ മൂക്കും വായും പൊത്തിപ്പിടിച്ചു. മൽപ്പിടുത്തത്തിനിടയിൽ ഷർമിള ശ്വാസംമുട്ടി മരിച്ചു. പരിഭ്രാന്തനായ കർണാൽ അവളെ ബെഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് തുണികൾ വാരിക്കൂട്ടി തീയിടുകയായിരുന്നു. കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തീപ്പൊള്ളലേറ്റല്ല, ശ്വാസംമുട്ടിയാണ് ഷർമ്മിള മരണമടഞ്ഞതെന്ന് പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ തെളിഞ്ഞു. അപകടമരണമെന്ന് എഴുതിത്തള്ളപ്പെടുമായിരുന്ന ഒരു ദാരുണ സംഭവമാണ് സുഹൃത്തിന്റെ സംശയം മൂലം ക്രൂര കൊലപാതകമാണെന്ന് തെളിഞ്ഞത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img