
ദോഹ: ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൽ ആരംഭിച്ചതായി അറിയിച്ചു. മന്ത്രാലയമായ അവ്‌കാഫ് & ഇസ്‌ലാമിക് കാര്യങ്ങളുമായി സഹകരിച്ചാണ് സർട്ടിഫിക്കറ്റ് വിതരണം നടക്കുന്നത്.
ഖത്തറിൽ ഈ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമുള്ള ഏക സ്ഥാപനം പി.എച്ച്.സി.സി. മാത്രമാണെന്നും, ഒക്ടോബർ 31 വരെ ഓൺലൈൻ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Cerner Electronic Health Record (EHR) സിസ്റ്റം വഴിയാണ് അപേക്ഷാ നടപടികൾ ഓൺലൈനായി നടപ്പാക്കുന്നത്. ഇതിലൂടെ ആരോഗ്യ പരിശോധനാ ഫലങ്ങൾ നേരിട്ട് സുരക്ഷിതമായി അവ്‌കാഫുമായി ബന്ധിപ്പിക്കപ്പെടുകയും സൗദി ആരോഗ്യ മന്ത്രാലയവും ഖത്തർ ഹജ്ജ് മിഷനും അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു.
രാജ്യത്തെ എല്ലാ ഫാമിലി മെഡിസിൻ സെന്ററുകളിലും തീർഥാടകർക്ക് രാവിലെ, വൈകുന്നേരം സമയങ്ങളിൽ അപ്പോയിന്റ്മെന്റിലൂടെ യോ അല്ലാതെയോ നേരിട്ട് എത്തി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.
യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ രോഗങ്ങൾ, ഗുരുതര മാനസിക/നാഡീ രോഗങ്ങൾ, മനോവൈകല്യം, ഡിമൻഷ്യ, അപകടസാധ്യതയുള്ള അല്ലെങ്കിൽ ഗർഭകാലാവസാന ഘട്ടത്തിലുള്ള ഗർഭിണികൾ, സജീവമായ പകർച്ചവ്യാധികൾ, ചികിത്സയിൽ കഴിയുന്ന ക്യാൻസർ രോഗികൾ എന്നിവർക്കു സർട്ടിഫിക്കറ്റ് നൽകില്ലെന്ന് വ്യക്തമാക്കി.











