
ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയൻ പ്രദേശത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര അതിർത്തികൾ ലംഘിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ നീക്കം സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ പരമാധികാരത്തിന്മേലുള്ള പരസ്യമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.1974-ലെ വെടിനിർത്തൽ കരാർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
സിറിയൻ മണ്ണിലേക്ക് തുടർച്ചയായുണ്ടാകുന്ന കടന്നുകയറ്റങ്ങൾ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും പിരിമുറുക്കം കൂട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.സിറിയയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത വിദേശകാര്യ മന്ത്രാലയം, സിറിയൻ ജനതയുടെ സുരക്ഷയ്ക്കും പുരോഗതിക്കുമായി ഒപ്പംനിൽക്കുമെന്നും ആവർത്തിച്ചു











