
വാവർ മുസ്ലീം തീവ്രവാദിയാണെന്നും, വാവരെ വണങ്ങരുതെന്നും സംഘപരിവാർ നിർദ്ദേശം.
ശബരിമലയിലെ മതസൗഹാർദ്ദാന്തരീക്ഷം തകർക്കാൻ നീക്കമെന്ന് വിമർശനം.
സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 'ശബരിമല സംരക്ഷണ സംഗമ'ത്തിൽ ഉയർന്ന വിദ്വേഷപരാമർശങ്ങളെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നു. ശബരിമല അയ്യപ്പന്റെ ഉറ്റതോഴനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാവർ സ്വാമിയെ അതിനിശിതഭാഷയിൽ വിമർശിക്കുകയും, 'മുസ്ലീം തീവ്രവാദി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെതിരെയാണ് വിവിധ കോണുകളിൽ നിന്നും ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.
ശബരിമലയുടെ ഐതിഹ്യത്തിൽനിന്നും വാവരെ പുറംതള്ളാനും, ശബരിമലയിൽ നിലനിൽക്കുന്ന മതമൈത്രിയുടേയും, ബഹുസ്വരതയുടേയും അന്തരീക്ഷം അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കങ്ങൾ ചില തീവ്രഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നും അടുത്ത കാലത്തായി നടന്ന് വരുന്നുണ്ട്. അതിന്റെ മറ്റൊരു വിസ്ഫോടനമാണ് ഇപ്പോൾ 'ശബരിമല സംരക്ഷണ സംഗമ' വേദിയിലരങ്ങേറിയത്. ശബരിമലയെ തകർക്കാനെത്തിയ മുസ്ലീം അക്രമകാരിയായ വാവരെ ഒരുവിധത്തിലും അംഗീകരിക്കരുതെന്ന തിട്ടൂരമാണ് ചില ഹൈന്ദവ സന്യാസിമാരെ മുന്നിൽ നിർത്തി തീവ്രഹൈന്ദവ സംഘടനകൾ നൽകിയിട്ടുള്ളത്.
സ്വാമി അയ്യപ്പന്റെ ഐതിഹ്യവുമായി ചേർന്നുനിൽക്കുന്ന വാവരോട് അത്യധികം ഭക്ത്യാദരവുകളാണ് തീർത്ഥാടകർ പ്രകടിപ്പിക്കുന്നത്. വാവര് സ്വാമിക്ക് ശരണം വിളിക്കുന്നതും, വാവര് പള്ളിയിൽ ദർശനം നടത്തുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. അത്തരം പ്രവർത്തനങ്ങൾ വഴി ശബരിമലയുടെ മതസാഹോദര്യത്തിന്റെ കീർത്തി വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ മുസ്ലീം നാമധാരിയായ വാവരെ എന്തിന് സ്വാമി എന്ന് വിളിക്കണം, എന്തിന് ആദരിക്കണം, എന്തിന് വാവര് പള്ളിയിൽ പോകണം, എന്ന മട്ടിൽ വിഷലിപ്തമായ ചോദ്യങ്ങൾ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വർഷങ്ങൾക്ക് മുമ്പേ ഉയർന്നിരുന്നു. ആദ്യമിത് ഒറ്റപ്പെട്ട ശബ്ദമായിരുന്നുവെങ്കിൽ പിന്നീടത് സംഘടിതരൂപത്തിൽ ഉയർത്താനുള്ള നീക്കമാണ് ചില തീവ്രവാദി ഹൈന്ദവ സംഘടനകൾ നടത്തിയത്. വാവര് സ്വാമിക്ക് ശരണം വിളിക്കുന്നതും, പള്ളിയിൽ ദർശനം നടത്തുന്നതും ഹൈന്ദവ ദർശനങ്ങൾക്ക് എതിരാണെന്ന വിധത്തിലവർ വ്യാപകപ്രചരണങ്ങൾ നടത്തുകയും ചെയ്തു. ശബരിമലയുടെ ആധ്യാത്മിക പൊരുൾ തന്നെ മതമൈത്രിയിലധിഷ്ഠിതമാണെന്ന യാഥാർത്ഥ്യം വിസ്മരിച്ച് ചിലർ നടത്തിയ മതതീവ്രപ്രചരണങ്ങൾ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തളത്തെ ശബരിമല സംരക്ഷണ വേദിയിൽ ഉയർന്നത്. ശബരിമലയേയും അയ്യപ്പസ്വാമിയേയും തകർക്കാൻ വന്ന മുസ്ലീം തീവ്രവാദിയാണ് വാവർ എന്ന പരാമർശമാണ് അവിടെ ഉയർന്നത്. അത്യധികം ആപത്കരമാണിത്.
പമ്പാതീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ശബരിമലയുടെ മതസൗഹാർദ്ദാന്തരീക്ഷത്തെ പുകഴ്ത്തിക്കൊണ്ട് സംസാരിച്ചതാണ് ചില ഹൈന്ദവ സംഘടനാ നേതാക്കളെ പ്രകോപിതരാക്കിയത്. കഠിന വ്രതാനുഷ്ഠാനങ്ങളുമായി മല ചവിട്ടാൻ എത്തുന്ന അയ്യപ്പഭക്തർ, ജാതിമത വ്യത്യാസമെന്യേ വാവർ പള്ളിയിലും, അർത്തുങ്കൽ പള്ളിയിലും ദർശനം നടത്തുന്നത്, മതസൗഹാർദ്ദത്തിന്റെ മഹത്തായ ഉദാഹരണമെന്ന നിലയിലാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.
വാവരുസ്വാമിക്ക് പകരംവാപുര സ്വാമി
ഇതിനുള്ള മറുപടി എന്ന നിലയിലാണ്, സംഘപരിവാർ കേന്ദ്രങ്ങൾ പന്തളത്ത് സംഘടിപ്പിച്ച 'ശബരിമല സംരക്ഷണ സംഗമ'ത്തിൽ വാവർക്കെതിരെ അതിതീവ്ര വിദ്വേഷ പരാമർശങ്ങൾ ഉയർന്നത്. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷിയാണ് വാവർ മുസ്ലീം തീവ്രവാദിയായ ആക്രമണകാരിയാണെന്നും ഹിന്ദുക്കൾ ഒരു കാരണവശാലും വാവരെ ആദരിക്കരുതെന്നും രൂക്ഷഭാഷയിൽ പ്രസംഗിച്ചത്. വാവർ അയ്യപ്പന്റെ സുഹൃത്താണെന്ന പ്രചരണം വ്യാജമാണെന്നും, അയ്യപ്പസ്വാമിക്കെതിരെ യുദ്ധം നടത്താനെത്തിയ മുസ്ലീം ഭീകരൻ ആണ് വാവർ എന്നുമാണ് ശാന്താനന്ദ മഹർഷിയുടെ വിശദീകരണം.
വാവർക്ക് പകരം, ശരിയായ അയ്യപ്പഭക്തർ 'വാപുര സ്വാമി'യെയാണ് ആരാധിക്കേണ്ടതെന്നും, ശിവന്റെ ഭൂതഗണങ്ങളിൽപ്പെട്ട വാപുര സ്വാമിയാണ് അയ്യപ്പന്റെ മിത്രമെന്നും ശാന്താനന്ദമഹർഷി കൂട്ടിച്ചേർത്തിട്ടുണ്ട്. വാപുര സ്വാമിയുടെ നടയിൽ തേങ്ങയുടച്ച്, സ്വാമി അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഓരോ ഭക്തർക്കും ലഭിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് എരുമേലിയിൽ വാപുരസ്വാമീക്ഷേത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
തെറ്റായ വിശ്വാസപ്രമാണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ടുതന്നെ സനാതനധർമ്മത്തെ മുറുകെപ്പിടിച്ച് ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാൻ ഓരോ ഭക്തരും തയ്യാറാകണമെന്ന വിധത്തിലാണ്, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദരും സംസാരിച്ചത്. ഹൈന്ദവ വിശ്വാസപ്രമാണങ്ങളിൽ നിന്നകന്നാണ് ശബരിമലയിൽ ഇപ്പോൾ തീർത്ഥാടനം നടന്നുകൊണ്ടിരിക്കുന്നതെന്നും അതൊന്നും അനുവദിക്കാൻ പാടില്ലെന്നുമുള്ള ആഹ്വാനമാണ് സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദരുടെ പ്രഭാഷണത്തിലും നിറഞ്ഞുനിന്നത്.
ഈ വിധത്തിൽ അയ്യപ്പ വിശ്വാസം ഇല്ലാതാക്കാനും, യഥാർത്ഥ വിശ്വാസികളെ ശബരിമലയിൽ നിന്നുമകറ്റാനുള്ള നീക്കമാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നുമാണ് ഹിന്ദു ഐക്യവേദി കാര്യാധ്യക്ഷനായ വത്സൻ തില്ലങ്കേരിയും വിശ്വഹിന്ദു പരിഷത്ത് നേതാവായ കെ.പി. ശശികല ടീച്ചറുമൊക്കെ അത്യന്തം രൂക്ഷഭാഷയിൽ പ്രസംഗിച്ചത്. അന്യമതവിശ്വാസികളേയും, അവിശ്വാസികളേയും ശബരിമലയിലെത്തിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, യഥാർത്ഥ ശബരിമല ഭക്തരെ, ശബരിമലയിൽ നിന്നുമകറ്റി പണക്കാർക്കുവേണ്ടി സകല വാതിലുകളും തുറന്നുകൊടുക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിധത്തിൽ, ഹൈന്ദവ വിശ്വാസികളെ പ്രകോപിതരാക്കുന്നവിധത്തിലുള്ള പ്രകോപന പ്രസംഗമാണ് ഇവരെല്ലാം നടത്തിയത്. മതവിശ്വാസത്തിന്റെ മറവിൽ, അതിവൈകാരികതയുയർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കമാണിവർ നടത്തുന്നതെന്ന ആരോപണം ഇതിനോടകം ശക്തമായി ഉയർന്നിട്ടുമുണ്ട്.
പ്രതിഷേധവുമായി പന്തളം രാജകുടുംബം
സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ നടന്ന മതവിദ്വേഷ പ്രചരണങ്ങൾക്കെതിരെ പന്തളം രാജകുടുംബം രംഗത്ത് വന്നത് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. വാവർ സ്വാമിയെ മുസ്ലീം തീവ്രവാദിയും, അക്രമണകാരിയുമായി ചിത്രീകരിച്ച ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെയാണ് പന്തളം കൊട്ടാരം മുൻനിർവാഹക സമിതിയംഗം അശ്വതിനാൾ രവിവർമ്മ പ്രദീപ് വർമ്മ പന്തളം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
അയ്യപ്പന്റെ സന്തതസഹചാരിയായിരുന്ന വാവര് സ്വാമിയെ മുസ്ലീം തീവ്രവാദിയായി ചിത്രീകരിക്കുക വഴി, കേരളത്തിലെ ഹിന്ദു മുസ്ലീം സൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവ്വശ്രമമാണ് നടന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. വിശ്വാസം വ്രണപ്പെടുത്തൽ, മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ശാന്താനന്ദ മഹർഷിക്കെതിരെ കേസ് എടുക്കണമെന്നാണ് അശ്വതിനാൾ രവിവർമ്മ പ്രദീപ് വർമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.
പന്തളം രാജകുടുംബത്തിന് പുറമെ, ഒട്ടേറെ മതസാമുദായിക സംഘടനകളും വാവരെ മതതീവ്രവാദിയാക്കി ചിത്രീകരിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇ.കെ. വിഭാഗം സുന്നി സംഘടനാനേതാവ് സത്താർ പന്തല്ലൂർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രതികരണം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'ശബരിമല അയ്യപ്പനും, വാവരും ഹൈന്ദവ-മുസ്ലീം മൈത്രിയുടെ തലമുറകൾ കൈമാറിയ സുകൃതമാണ്. ഇന്ന് വെറുപ്പിന്റെ ഉത്പാദകർ അത് തച്ചുടച്ച് വർഗ്ഗീയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്, ഇവരെ ഒറ്റപ്പെടുത്താൻ മലയാളികൾ ഇനിയും വൈകരുത്.' ഈ വിധത്തിലാണ് അദ്ദേഹം നടത്തിയ പ്രതികരണം. പന്തളത്തെ വേദിയിലുയർന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ സി.പി.എം, കോൺഗ്രസ് തുടങ്ങിയ സംഘടനകളും പരാതി നൽകിയിട്ടുണ്ട്.
ശബരിമലയിൽ സംസ്ഥാന സർക്കാർ നടത്തിയ 'ആഗോള അയ്യപ്പ സംഗമ'ത്തിന് ബദലായാണ് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തിയത്. അവരുടെ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ ജനാവലിയെ എത്തിക്കാൻ സംഘാടകർക്ക് കഴിയുകയും ചെയ്തു. അതേസമയം പ്രമുഖ ഹൈന്ദവ സാമുദായിക സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാകട്ടെ അവർക്ക് കഴിഞ്ഞതുമില്ല.
ശബരിമല സംരക്ഷണത്തിനായി ബദൽ പദ്ധതി നിർദ്ദേശങ്ങളോ, പ്രായോഗിക സമീപനങ്ങളോ ആ വേദിയിൽ ഉണ്ടാകുമെന്ന കണക്കുകൂട്ടലുകൾ എല്ലാം അട്ടിമറിക്കപ്പെട്ടു. പകരം ആചാരസംരക്ഷണമെന്ന വാദങ്ങൾ നിരന്തരമുയർത്തുകയും മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുകയുമാണ് ഉദ്ഘാടകനായ അണ്ണാമലൈ തൊട്ട് മറ്റ് പ്രാസംഗികർ എല്ലാം ചെയ്തത്. ശബരിമലയുടെ മതാതീത ആത്മീയത എന്ന സന്ദേശത്തിന് പകരം ഹൈന്ദവ ആത്മീയത പുനഃസ്ഥാപിക്കണമെന്ന സന്ദേശമാണ് സംഗമത്തിൽ അടിമുടി നിറഞ്ഞുനിന്നത്. അതുകൊണ്ടുതന്നെയാണ് മുസ്ലീം സ്വത്വ സമീപനങ്ങളെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അടിയൊഴുക്കുകൾ ആ വേദിയിൽ ഉയർന്നത്.
അയ്യപ്പനും, വാവരും തമ്മിലുള്ള സൗഹാർദ്ദത്തിന്റെ അന്തരീക്ഷം വെറുമൊരു ഐതിഹ്യം മാത്രമല്ലെന്ന വികാരമാണ് കാലാകാലമായി അയ്യപ്പഭക്തരിൽ നിറഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് കൂടിയാണ് വ്രതാനുഷ്ഠാനങ്ങളുമായി അവർ മല ചവിട്ടുമ്പോൾ വാവര് സ്വാമിക്കും ശരണം വിളിക്കുന്നത്. അത് അട്ടിമറിക്കാനുള്ള ഏത് നീക്കത്തെയും യഥാർത്ഥ അയ്യപ്പഭക്തർ പ്രതിരോധിക്കുമെന്ന വികാരം തന്നെയാണ് ഇപ്പോൾ ശക്തമായി ഉയർന്നുകൊണ്ടിരിക്കുന്നത്.











