09:10am 09 November 2026
NEWS
സിപിഐ നേതാക്കളുടെ പ്ര​ഹസനങ്ങൾക്ക് അറുതിയില്ലേ?
17/04/2025  11:48 AM IST
nila
സിപിഐ നേതാക്കളുടെ പ്ര​ഹസനങ്ങൾക്ക് അറുതിയില്ലേ?

കേരള രാഷ്ട്രീയത്തിൽ എതിരാളികൾ പോലും അം​ഗീകരിച്ചിരുന്ന നേതൃത്വമായിരുന്നു സിപിഐയുടേത്. ലാളിത്യവും സത്യസന്ധയും മുഖമുദ്രയാക്കിയ നിരവധി നേതാക്കൾ ആ പാർട്ടിയിലുണ്ടായിരുന്നു. സ്വന്തം സ്വത്തുക്കൾ വിറ്റും രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളുടെ പാരമ്പര്യം പേറുന്ന പാർട്ടി കൂടിയാണത്. എന്നാൽ, അടുത്തകാലത്തായി സിപിഐ നേതാക്കൾ നടത്തുന്ന പ്ര​​ഹസനങ്ങൾ ആ പാർട്ടിയുടെ പഴയകാല നേതാക്കളുടെ നിലപാടുകളെയും ജീവിതത്തെയും പോലും അവ​​ഹേളിക്കുന്ന നിലയിലാണ്. 

ലാളിത്യം മുഖമുദ്രയാക്കുമ്പോഴും സ്വന്തം ഭൂമി വിറ്റ് രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോഴും കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളുന്ന നേതാക്കളായിരുന്നു സിപിഐയുടേത്. ഇന്ന് വാർത്തകളിൽ ഇടംപിടിക്കാനും സോഷ്യൽ മീഡിയയിൽ ലൈക്ക് നേടാനും മാത്രമായി സിപിഐ നേതാക്കളുടെ ലാളിത്യം മാറിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ സിപിഐ നടപ്പാക്കുന്ന ചിലവുചുരുക്കൽ സംബന്ധിച്ച് ആ പാർട്ടി പുറത്തുവിടുന്ന വാർത്തകളാണ് സൈബറിടങ്ങളിൽ നിറയുന്നത്. ചിലവ് ചുരുക്കാനായി സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ കാർ യാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യുന്നു എന്നും അങ്ങനെ മൂന്നു മാസം കൊണ്ട് ലക്ഷങ്ങൾ ലാഭിച്ചു എന്നുമാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ ചില മാധ്യമങ്ങളിലൂടെ പുറത്തുവിട്ട റിപ്പോർട്ട്.

ഇന്ന് സിപിഐ പ്രവർത്തിക്കുന്നത് പണ്ട് എംഎൻ ​ഗോവിന്ദൻ നായർ ഉൾപ്പെടെയുള്ളവർ ചെയ്തതു പോലെ തന്റെയും ഭാര്യയുടെയും ഉൾപ്പെടെയുള്ള കുടുംബ ഓഹരി വിറ്റല്ല. പൊതുജനങ്ങളിൽ നിന്നും വ്യവസായികളിൽ നിന്നും അടക്കം നല്ലരീതിയിൽ പ്രവർത്തന ഫണ്ട് സമാഹരിച്ചാണ് പ്രവർത്തനം. ഇപ്പോൾ സിപിഐയുടെ കൃത്യമായി നടക്കുന്ന കാമ്പയിൻ പാർട്ടി ഫണ്ട് പിരിവാണ്. പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന  കമ്മിറ്റിയിലെ വരെ നേതാക്കൾ അത്യാവശ്യം നല്ല ആഡംബര ജീവിതം നയിക്കുന്നവരുമാണ്. യാത്ര ചെയ്യാൻ ഇന്നോവ കാറും ധരിക്കാൻ ബ്രാൻഡഡ് ഷർട്ടും മുണ്ടും കഴിക്കാൻ മുന്തിയ ഹോട്ടലുകളിലെ ഭക്ഷണവുമൊക്കെ സിപിഐ നേതാക്കളുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. അതിനെ ഇന്നത്തെ കാലത്ത് ആരും കുറ്റം പറയുന്നുമില്ല. എന്നാൽ, മൂന്ന് ഇന്നോവ കാർ പാർട്ടി ഓഫീസിന്റെ മുറ്റത്ത് ഇട്ടിട്ട് ട്രെയിനിൽ യാത്ര ചെയ്ത് ലാളിത്യം പറയുന്നതിലെ ലോജിക് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകില്ല. 

സംസ്ഥാനത്തെ സിപിഐ നേതാക്കളിൽ നല്ലൊരു പങ്കും ഇന്ന് ആഡംബര ജീവിതം നയിക്കുന്നവരാണ്. പതിറ്റാണ്ടുകളായി അധികാരത്തിന്റെ ഭാ​ഗമായവരാണ് ഇന്ന് സിപിഐയുടെ നേതൃനിരയിലുള്ളവരിൽ ഭൂരിപക്ഷവും. ഇവർക്ക് ലഭിക്കുന്ന പ്രിവിലേജുകൾ ഉപയോ​ഗപ്പെടുത്തുന്നതിൽ ആരും കുറ്റം പറയുന്നുമില്ല. എന്നാൽ, ഇന്നോവയിൽ സ്ഥിരമായി സഞ്ചരിക്കുകയും വല്ലപ്പോഴും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അതിനെ വലിയ സംഭവമായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിനെ മലയാളികൾ പ്ര​ഹസനം എന്നല്ലാതെ എന്ത് വിളിക്കും? 

മാറിയ കാലത്ത് ഏറ്റവും വേ​ഗമേറിയ യാത്രാ സംവിധാനങ്ങൾ നേതാക്കൾ ഉപയോ​ഗിക്കുന്നതിൽ തെറ്റില്ല. സമയം ലാഭിക്കാൻ അതു തന്നെയാണ് ഏറ്റവും നല്ലതും. വന്ദേഭാരത്  പോലുള്ള ട്രെയിനുകൾ അത്തരം യാത്രകൾക്ക് മികച്ചതുമാണ്. എന്നാൽ, ട്രെയിനിൽ യാത്ര ചെയ്യുന്ന നേതാക്കൾ എന്ന നിലയിൽ ഞങ്ങളെന്തോ മ​​ഹാ ത്യാ​ഗം ചെയ്യുന്നു എന്ന് സ്വയം പറഞ്ഞു നടക്കുന്നത് അല്പത്വം കൂടിയാണ്. 

തിരുവനന്തപുരം ന​ഗരത്തിലെ കണ്ണായ ഭൂമികളിൽ പലതും സിപിഐയുടേതാണ്. അവയിലെല്ലാം സാമാന്യം ഭേദപ്പെട്ട കെട്ടിടങ്ങളുമുണ്ട്. തമ്പാനൂരിലെ പ്രധാനപ്പെട്ട നാലിടങ്ങളിൽ പാർട്ടിക്ക് ഭൂമിയും കെട്ടിടവുമുണ്ട്. പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും പേരിലാണ് ആ സ്ഥലങ്ങൾ. സെക്രട്ടറിയേറ്റിന് സമീപം രണ്ടിടങ്ങളിലും വഴുതക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും തിരുവനന്തപുരം ന​ഗരത്തിൽ മാത്രം സിപിഐക്ക് ഭൂമിയും കെട്ടിടവുമുണ്ട്. എഐടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന പട്ടത്തും പാർട്ടിക്ക് ആസ്തിയുണ്ട്. എല്ലാ ജില്ലകളിലും ഇതുപോലെ കണ്ണായ പ്രദേശങ്ങളിലെല്ലാം സിപിഐക്ക് ഭൂമിയും പാർട്ടി ഓഫീസുകളുമുണ്ട്. ഇതെല്ലാം തന്നെ ആ പാർട്ടിയുടെ സാധാരണ പ്രവർത്തകർ പിരിച്ചു നൽകിയ പണം കൊണ്ട് കെട്ടിപ്പൊക്കിയവയുമാണ്. ഏറ്റവുമൊടുവിൽ കോടികൾ ചിലവഴിച്ചാണ് സംസ്ഥാന കൗൺസിൽ ഓഫീസ് നവീകരിച്ചതും. ഇവിടങ്ങളിലൊന്നും സാധാരണ പാർട്ടി പ്രവർത്തകർക്ക് ഒരുതവണ പോലും അന്തിയുറങ്ങാനുള്ള സൗകര്യങ്ങളില്ല എന്നതാണ് ഏറെ നിർഭാ​ഗ്യകരമായ വസ്തുത. എന്നാൽ, പുതുക്കി പണിത പാർട്ടി സംസ്ഥാന കൗൺസിൽ ഓഫീസിൽ മുറികൾ പാർട്ടി പ്രവർത്തകർക്ക് വാടകക്ക് നൽകുമെന്ന് പാർട്ടി നേതൃത്വം പറയുന്നുണ്ട്. പണം വാങ്ങിയിട്ടാണെങ്കിലും പാർട്ടിയാഫീസിൽ ഇടം നൽകുന്നത് നല്ല കാര്യം തന്നെ. അത് സ്വാ​ഗതാർഹവുമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img