
നമ്മുടെ ഭരണഘടന സൃഷ്ടിക്കപ്പെട്ട് 72 വർഷം കഴിഞ്ഞിട്ടും രാജ്യസഭയുടെ തത്വങ്ങളോ ലക്ഷ്യങ്ങളോ നടപ്പിലാക്കിയതായി കാണാനാകുന്നില്ല.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേക്ക് ഈ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നു വിശേഷിപ്പിക്കുന്നവയാണ് രാജ്യസഭാ അഥവാ ഉപരിസഭാ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 238 പേരും രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരുമുണ്ടാകും.
അതതു സംസ്ഥാനങ്ങളിലെ എംഎൽഎമാരാണു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനങ്ങളിലെ ഓരോ പാർട്ടിയുടെയും അംഗസംഖ്യ എല്ലാവർക്കും അറിയാവുന്നത് കൊണ്ടും വിപ്പ് പുറപ്പെടുവിക്കുന്നതുകൊണ്ടും ആരൊക്കെ ജയിക്കുമെന്നു മുൻകൂട്ടി പറയാനാകും. രാജ്യം ഏറെ ചർച്ച ചെയ്യുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്താണ് അല്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു രാജ്യസഭാ അതിന്റെ കടമകൾ എന്തെല്ലാമാണെന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
നിയമനിർമാണങ്ങളിൽ പക്വതയുള്ള നിലപാടുകൾ വയ്ക്കുക, ലോക്സഭയിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയപ്പോരുകളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിന്നുകൊണ്ട്, എക്സിക്യൂട്ടീവിനുമേൽ ലെജിസ്ലേറ്റീവിന്റെ ഭാഗത്തുനിന്നു സ്പീഡ് ബ്രേക്കർ പോലെയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരിക തുടങ്ങിയവയാണ് രാജ്യസഭയുടെ ചുമതലകൾ.
എന്നാൽ, നമ്മുടെ ഭരണഘടന സൃഷ്ടിക്കപ്പെട്ട് 72 വർഷം കഴിഞ്ഞിട്ടും രാജ്യസഭയുടെ തത്വങ്ങളോ ലക്ഷ്യങ്ങളോ നടപ്പിലാക്കിയതായി കാണാനാകുന്നില്ല. ലോക്സഭപോലെതന്നെ ഇന്ന് പൂർണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുകയാണു രാജ്യസഭയും.
ഇതിനിടെ സ്വന്തം സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കായി അതത് സംസ്ഥാനത്തെ പ്രതിനിധീകരിക്കുക എന്ന ഭരണഘടനാ നിർദ്ദേശപ്രകാരമുള്ള നിബന്ധന 2003ൽ എടുത്തുകളഞ്ഞു, ഇതോടെ മത്സരാർത്ഥിക്ക് അതതു സംസ്ഥാനത്ത് തിരഞ്ഞെടുപ്പു വിലാസം വേണ്ട എന്ന സ്ഥിതിയായി. അതുകൊണ്ട് തന്നെ ഒരു ബന്ധവുമില്ലാത്ത സംസ്ഥാനത്ത് നിന്നും ഏതൊരു സ്ഥാനാർത്ഥിക്കും രാജ്യസഭയിലേക്ക് മത്സരിക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു.
സംസ്ഥാനങ്ങളുടെ ശബ്ദം ഉയർത്തി കാണിക്കുക എന്നാതിനപ്പുറം പാർട്ടിയുടെ ശബ്ദം കേൾപ്പിക്കുക എന്ന ഉദ്ദേശ്യത്തിലേക്ക് രാജ്യസഭ മാറി കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ തോറ്റ അധികാര മോഹികളുടെ ഒരു ഇടമായി ഇന്ന് രാജ്യസഭാ മാറി കഴിഞ്ഞു. സ്വന്തം സംസ്ഥാനത്തിന്റെ പ്രാതിനിധ്യം അറിയിക്കുന്നതിന് പകരം, പാർട്ടിയ്ക്ക് പ്രാമുഖ്യമുളള സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് പോകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഈ സാഹചര്യത്തിൽ, എന്തിനാണ് നമ്മുക്ക് ഇങ്ങനെയൊരു രാജ്യസഭ എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. രാജ്യസഭ എന്ന സ്ഥാപനം നമുക്ക് ആവശ്യമുള്ള തരത്തിലുള്ളതാണോ എന്ന കാര്യത്തിൽ ഒരു പുതുചർച്ച തുടങ്ങിവയ്ക്കേണ്ടതുണ്ട്.











