11:39am 02 September 2026
NEWS
വിമാനം മാറിക്കയറൽ കഥ ട്രംപിന്റെ നാടകമോ ?
31/08/2026  05:58 PM IST
കല്ലമ്പലം അൻസാരി
വിമാനം മാറിക്കയറൽ കഥ ട്രംപിന്റെ നാടകമോ ?

ഇറാന്റെ വധഭീഷണിയെ പേടിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ നിന്ന് ഒളിച്ച് മാറിക്കയറി യാത്ര ചെയ്ത ഡൊണാൾഡ് ട്രംപിന്റെ കഥ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈയിടെ ആഘോഷമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 8 നായിരുന്നു സംഭവം. ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ആഗസ്റ്റിലാണ് വിഷയം പുറത്തുവന്നത്. ആരും ഒരിക്കലും അറിയാൻ പോകുന്നില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിനച്ച തന്ത്രപരമായ നീക്കം ഒടുവിൽ ട്രംപിന് ഒരു കെണിയായി മാറി. ടർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽ വച്ചായിരുന്നു ഈ രഹസ്യ ഓപ്പറേഷൻ. തുർക്കിയിൽ വച്ചുനടന്ന നാറ്റോ സൈനികസഖ്യത്തിന്റെ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ട്രംപ്. അങ്കാറ എയർപോർട്ടിൽ വച്ച് പരസ്യമായി പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് ഒന്നിൽ കയറിയ ട്രംപ് അവിടെ വച്ച് ആരുമറിയാതെ മറ്റൊരു വിമാനത്തിൽ ഒളിച്ചുകടന്ന് യാത്ര ചെയ്യുകയായിരുന്നു.

തുർക്കിയുടെ സുരക്ഷാ സംരക്ഷണ കവചങ്ങളിൽ അവിശ്വാസം ഉള്ളതുകൊണ്ടാണ് വ്യാജവിമാന നാടകം ട്രംപ് കളിക്കേണ്ടി വന്നത്. തീവ്രവാദ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായി എർദോഗന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ തുർക്കി സർക്കാരിന് പലവിധ ബന്ധങ്ങളുമുണ്ടെന്ന് പല ആരോപണങ്ങളും നിലവിലുണ്ട്. കൂടാതെ ട്രംപിനെ ആക്രമിക്കണമെങ്കിൽ അതിന് പറ്റിയ ഒരു ഇടവും തുർക്കിയാണ്. ഇറാന്റെ സുപ്രീംലീഡറായിരുന്ന അയത്തൊള്ള അലി ഖൊമൈനിയെ വധിച്ചതിന്റെ പ്രതികാരമായി ട്രംപിനെ ആക്രമിക്കണമെന്ന വലിയൊരു വികാരം ഇറാനിൽ നിലനിൽപ്പുണ്ട്. അതുകൊണ്ട് അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തവരിൽ നമ്പർവൺ ടാർജറ്റ് ട്രംപ് ആയിരുന്നു താനും. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ട്രംപ് ഒളിച്ച് വിമാനം മാറിക്കയറി തടി രക്ഷിക്കാൻ ശ്രമിച്ചത്.

ഉച്ചകോടിയിൽ  പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാനായി അങ്കാറ വിമാനത്താവളത്തിലെത്തിയ ട്രംപ് മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിലേക്കാണ് കയറിയത്. അദ്ദേഹത്തോടൊപ്പമുള്ള മറ്റ് ഉന്നത നേതാക്കന്മാരും, ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും വിമാനത്തിന്റെ മറ്റൊരു വാതിലിലൂടെ ഇതേ വിമാനത്തിലേക്ക് കടക്കുകയും ചെയ്തു. പിന്നീടാണ് ഒളിനാടകം അരങ്ങേറിയത്. എയർഫോഴ്‌സ് വണ്ണിൽ കയറിയ ട്രംപ് ഉടൻതന്നെ മറുവശത്തുള്ള വാതിലിലൂടെ ഉയർത്തിവച്ചിരുന്ന കാറ്ററിംഗ് ട്രാക്കിന്റെ എലിവേറ്ററിൽ കടന്ന് അതിനറ്റത്ത് ഒളിച്ച് അടുത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വിമാനത്തിലേക്ക് പോയി. അമേരിക്കൻ എയർഫോഴ്‌സിന്റെ സി-32 വിമാനമായിരുന്നു ഇത്. തുടർന്ന് രണ്ട് വിമാനങ്ങളും അങ്കാറ വിട്ട് ബ്രിട്ടനിലേക്ക് പറന്നു.

ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സിന്റെ മിൽഡൻ ഹാളിലുള്ള വിമാനത്താവളത്തിലാണ് രണ്ട് വിമാനങ്ങളും ലാൻഡ് ചെയ്തത്. അവിടെവച്ച് മറ്റൊരു എലിവേറ്റഡ് ട്രക്കിൽ ട്രംപ് സി-32 ൽ നിന്ന് എയർഫോഴ്‌സ് വണ്ണിലേക്ക് രഹസ്യമായി മാറിക്കയറി അമേരിക്കയിലേക്കുള്ള യാത്ര തുടരുകയും ചെയ്തു. എയർഫോഴ്‌സ് വണ്ണിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോ, മാധ്യമപ്രവർത്തകരോ ഈ മാറിക്കയറ്റത്തിന്റെ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. ട്രംപിനോടൊപ്പം സഞ്ചരിച്ച അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്ക് റൂബിയായും, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്‌നെറ്റും എയർഫോഴ്‌സ് വണ്ണിൽ തന്നെയാണ് അങ്കാറയിൽ നിന്ന് മടങ്ങിയത്. അവർക്ക് ഇരുവർക്കും ഈ നാടകത്തെക്കുറിച്ച് വിവരമുണ്ടായിരുന്നു. പ്രതിരോധ സെക്രട്ടറിയായ പീറ്റെ ഹെഗ്‌സെത്ത് ട്രംപ് സഞ്ചരിച്ച സി-32 ൽ ആയിരുന്നു യാത്ര ചെയ്തത്. ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ അധികാരക്കൈമാറ്റത്തിന്റെ പ്രോട്ടോകോൾ പാലിക്കാനാണ് വിവിധ മന്ത്രിമാർ വ്യത്യസ്ത വിമാനങ്ങളിലായി യാത്ര ചെയ്തത്. പദവിയിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റിന് എന്തെങ്കിലും സംഭവിച്ചാൽ സ്വാഭാവികമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൾസാണ് അധികാരം ഏറ്റെടുക്കുക. അടുത്ത ഊഴങ്ങൾ പാർലമെന്റിന്റെ പ്രതിനിധി സഭയുടെ സ്പീക്കർക്കും സെനറ്റിന്റെ പ്രസിഡന്റിനുമാണ്. പ്രോട്ടോകോൾ അനുസരിച്ച് യോഗ്യത നേടുന്ന അടുത്ത ആൾ സെക്രട്ടറി ഓഫ്് സ്റ്റേറ്റ് മാർക്ക് റൂബിയായും തുടർന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്‌നെറ്റും ആണ്. പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ ഓവൻ ഓഫീസിന്റെ ചില ഉയർന്ന ചുമതലക്കാർ സി 32 വിമാനത്തിൽ യാത്ര ചെയ്തപ്പോൾ മറ്റൊരു വിഭാഗം എയർഫോഴ്‌സ് വണ്ണിലായിരുന്നു. ഇതും അധികാരക്കൈമാറ്റത്തിന്റെ സുഗമായ നടത്തിപ്പിന് വേണ്ടിയാണ്.

മിഡിൽ ഈസ്റ്റിലെ അശാന്തമായ സാഹചര്യത്തിൽ ട്രംപിനെതിരെ ശക്തമായ സുരക്ഷാഭീക്ഷണി നിലനിൽക്കുന്നുണ്ട്. സുപ്രീം ലീഡർ അലി ഖൊമൈനിയുടേയും, ഇറാൻ റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ കാസിം സുലൈമാനിയുടേയും വധം ചില്ലറ പ്രകോപനമല്ല സൃഷ്ടിച്ചിരിക്കുന്നത്. അലി ഖൊമൈനിയുടെ ശവസംസ്‌ക്കാര ചടങ്ങിൽ ഉയർത്തപ്പെട്ട ബാനറുകളിൽ പലതും ട്രംപിനെ കൊല്ലണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു. ഫ്‌ളോറിഡയിൽ ഗോൾഫ് കളിക്കുന്ന ട്രംപിന്റെ നേർക്ക് തൊടുത്ത ഇറാനിയൻ ഡ്രോണിനെ ചിത്രീകരിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും ഈയിടെ പുറത്തുവന്നിരുന്നു. 2024 ജൂലൈയിൽ ട്രംപിനെ വധിക്കാൻ ആസൂത്രണം ചെയ്തു എന്ന് ആരോപിച്ച് പാകിസ്ഥാനി വംശജനായ ആസിഫ് മർച്ചന്റ് എന്നൊരാളെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറാനിൽ താമസിച്ച് അവിടുത്തെ റവല്യൂഷണറി ഗാർഡിന്റെ പരിശീലനങ്ങൾക്ക് ശേഷമാണ് ആസിഫ് മർച്ചന്റ് യു.എസിൽ എത്തിയതെന്നായിരുന്നു പോലീസിന്റെ ആരോപണം. ഏപ്രിൽ 2004 ൽ പാകിസ്ഥാനിൽ നിന്ന് അമേരിക്കയിലെത്തിയ മർച്ചന്റ് ഉന്നത ഉദ്യോഗസ്ഥരെയും ട്രംപിനെയും വധിക്കാൻ വാടകക്കൊലയാളികളെ അന്വേഷിക്കുകയായിരുന്നു. ചാരപോലീസിലെ ഒരാൾ വാടക കൊലയാളിയായി അഭിനയിച്ച് മർച്ചന്റിനെ സമീപിക്കുകയും, കരാറിൽ ഏർപ്പെടുകയും ചെയ്തതിന്റെ തെളിവുകളുമായാണ് അയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ആസിഫ് പോലീസ് വലയത്തിൽ നിന്ന് മുങ്ങി. അയാൾ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് കടന്നെന്നാണ് വിശ്വസിക്കുന്നത്.

ട്രംപിനെ കൊല്ലാനുള്ള പദ്ധതിയുമായി രണ്ട് അമേരിക്കൻ പൗരന്മാരുമായി ഗൂഢാലോചന നടത്തിയെന്ന പേരിൽ അഫ്ഗാൻ വംശജനായ ഫർഹാദ് ഷക്കീരി എന്നയാൾക്കെതിരെ ഈയിടെ അമേരിക്കൻ പോലീസ് കേസ് ചാർജ് ചെയ്തിരുന്നു. ഇപ്പോൾ ഇറാനിലുണ്ടെന്ന് വിശ്വസിക്കുന്ന ഷക്കീരി പിന്നിൽ ഇറാൻ റവല്യൂഷണറി ഗാർഡാണെന്നാണ് ആരോപണം. ഇയാളുടെ വലയിൽ വീണ ബ്രൂക്ക്‌ലിൻ നിവാസിയായ കാർലൈൽ റവീര, സ്റ്റേറ്റൻ ദ്വീപിലെ നാട്ടുകാരനായ ജോനതാൻ ലോഡോൾട്ട് എന്നീ രണ്ട് പേർ അമേരിക്കൻ കസ്റ്റഡിയിലാണ്. അഫ്ഗാൻ വംശജനായ ഷക്കീരി വർഷങ്ങളോളം അമേരിക്കയിൽ താമസിച്ച ആളാണ്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അഭയാർത്ഥിയായി അമേരിക്കയിലെത്തിയ ഷക്കീരി കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും പതിനാല് വർഷത്തെ ജയിൽവാസത്തിന് ശേഷം 2008 ൽ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത ആളാണ്. ഈ ഭീഷണികൾക്ക് പുറമെ ട്രംപിന് നേരെ നേരിട്ട് നടന്ന രണ്ട് ആക്രമണസംഭവങ്ങളും ഈയിടെയുണ്ടായിരുന്നു. പെൻസിൽവാനിയായിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ട്രംപിന്  നേരെ വെടിവയ്പ് ഉണ്ടായത് 2025 ജൂലൈയിലാണ്. ചെവി തുളച്ചുകടന്നുപോയ വെടിയുണ്ടയിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് മുടിനാരിഴയ്ക്കാണ്. 2025 സെപ്റ്റംബറിൽ തന്നെ ട്രംപിനെതിരെ തോക്ക് ചൂണ്ടിയ മറ്റൊരാളെ അമേരിക്കൻ പോലീസ് കീഴ്‌പ്പെടുത്തിയിരുന്നു. വെസ്റ്റ്പാം ബീച്ചിൽ ഗോൾഫ് കളിച്ചുകൊണ്ടിരുന്ന ട്രംപിന് നേരെയാണ് ആക്രമണകാരി പതിയിരുന്ന് തോക്ക് ചൂണ്ടിയത്.

ടർക്കിയിലെ അങ്കാറയിൽ വച്ച് ജൂലൈ 8 ന് നടന്ന ട്രംപിന്റെ വിമാനകള്ളക്കളി അമേരിക്കൻ പ്രസിഡന്റുമാരുടെ സുരക്ഷാചരിത്രത്തിൽ ആദ്യസംഭവമല്ല. മാർച്ച് 2000-മാണ്ടിൽ ഇൻഡ്യൻ സന്ദർശനത്തിനെത്തിയ ബിൽക്ലിന്റൺ ഇങ്ങനെ വിമാനം മാറിക്കയറിയാണ് പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോയത്. അന്ന് ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ ഉം ക്ലിന്റനെ അനുഗമിച്ചിരുന്നു. മൂന്നു വർഷങ്ങൾക്കുശേഷം പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു ബുഷ് താങ്ക്‌സ്, ഗിവിംഗ് ആഘോഷത്തിന് ടെക്‌സാസിൽ ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് വിനിമയബന്ധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ എയർഫോഴ്‌സ് വൺ-ൽ യാത്ര ചെയ്താണ് ബാഗ്ദാദിലേക്ക് പോയത്. മുൻപ്രസിഡന്റായിരുന്ന ജോർജ് ബൈഡൻ 2023 ൽ യുക്രൈനിലേക്ക് യാത്ര ചെയ്തത് മാധ്യമപ്രതിനിധികളെ ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കി രഹസ്യമായിട്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന മോട്ടോർ വ്യൂഹത്തിൽ ഒരേതരത്തിലുള്ള രണ്ട് പ്രസിഡൻഷ്യൽ വാഹനങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതൊക്കെ പതിവാണ്. ഇടയ്ക്കുവച്ച് ആരുമറിയാതെ പ്രസിഡന്റ് വാഹനങ്ങൾ മാറിക്കയറും. ഹൈവേയിലെ ടണലുകളിലും മറ്റും വച്ചാണ് ഈ മാറിക്കയറ്റം. പ്രസിഡന്റിന്റെ ഹെലികോപ്റ്റർ യാത്രകളിൽ ഒരേ തരത്തിലുള്ള മൂന്ന് കോപ്റ്ററുകൾ ഉപയോഗിക്കുകയും, അത് യാത്രാവേളയിൽ സ്ഥാനങ്ങൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് സുരക്ഷാ സംവിധാനങ്ങളുടെ പതിവാണ്. പല പ്രസിഡന്റുമാരുടെയും മുൻപ് നടന്ന തന്ത്രപരമായ യാത്രാരീതികൾ പിന്നീട് ഔദ്യോഗികമായി വെളിവാക്കപ്പെടാറുണ്ട്. എന്നാൽ ട്രംപിന്റെ ജൂലൈ 8 ലെ അങ്കാറ യാത്ര പരമരഹസ്യമായി വച്ചിരിക്കുകയായിരുന്നു. ഒടുവിൽ അതെടുത്ത് പുറത്തിട്ടത് മാധ്യമ പ്രവർത്തകരായിരുന്നു.

ഇറാന്റെ മിസൈലാക്രമണ സാധ്യത കണക്കിലെടുത്തായിരുന്നു ട്രംപിന്റെ വിമാന നാടകമെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും, അത് സമ്മതിച്ച് കൊടുക്കാൻ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല. ഏതായാലും ഇറാന് നേരെയുള്ള അമേരിക്കൻ ആക്രമണം ട്രംപിന് വലിയ സുരക്ഷാഭീഷണിയായി വളർന്നിട്ടുണ്ട്. എവിടെവച്ച് ഏത് തരത്തിലും ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത ട്രംപിനെ ഉടനീളം പിന്തുടരുമെന്നതിന് സംശയമില്ല.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img