04:17am 16 July 2026
NEWS
കേരളം ഭരിക്കുന്നത് ബി.ജെ.പിയോ? കെ.സി. വേണുഗോപാലിന്റെ ചോദ്യം ആരോട്?
14/07/2026  12:36 PM IST
അഡ്വ.എം. മനോഹരൻപിള്ള
കേരളം ഭരിക്കുന്നത് ബി.ജെ.പിയോ? കെ.സി. വേണുഗോപാലിന്റെ ചോദ്യം ആരോട്?

എ.ഐ.സി.സിയുടെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദാനി വിഷയത്തിൽ ഉന്നയിച്ച ചോദ്യം യു.ഡി.എഫിനെ 102 സീറ്റ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച കേരളത്തിലെ ജനങ്ങളോടാണ്. പിന്നെ അതിന്റെ ഉള്ളടക്കം ചെന്നുതറയ്ക്കുന്നത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേർക്കാണ്. തന്റെ വിശദീകരണമല്ലത്രെ വിഴിഞ്ഞം വിഷയത്തിൽ കേരളം കേൾക്കാൻ താൽപ്പര്യപ്പെടുന്നത്. രാഹുൽഗാന്ധിയോടൊപ്പം നിന്ന് അദാനിക്കെതിരെ പോരാടിയതിന്റെ ഫലമായി കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട നീറുന്ന മനസ്സാണ് കെ.സിയുടേത്.

കെ.പി.സി.സി ജനറൽ സെക്രട്ടറിയായ പി.എം. നിവാസ് എ.ഐ.സി.സി ജനറൽ സെക്രട്ടരി ദീപക് ദാസ്മുൻഷിക്ക് നൽകിയ ഇലക്ഷൻ കമ്മീഷണർ എൻ. ശേഷാദ്രിനാഥന്റെ നിയമനം, പി.എം ശ്രീ പദ്ധതിയുടെ പുനരാവിഷ്‌ക്കാരം തുടങ്ങിയ പരാതികൾക്ക് പിന്നാലെ.
ഇതൊക്കെ വച്ചുനോക്കുമ്പോൾ  പിണറായിയുടെ മകൾ വീണയുടെ കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട എക്‌സാലോജിക് ആരോപണം ഒരു ഈർക്കിൽ കേസ്സായേ കോൺഗ്രസ് ജനങ്ങൾ കാണുന്നുള്ളൂ.
സി.പി.എമ്മിനെതിരെ യു.ഡി.എഫിനെ പിന്തുണയ്ക്കുകയും, പാർട്ടി വോട്ടുകൾ ദിശ തിരിച്ചുവിടുകയും ചെയ്ത ജി. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും എല്ലാം പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന അവസ്ഥയിലായിരിക്കുന്നു.

ആനുകാലിക പശ്ചാത്തലം

വിഴിഞ്ഞം തുറമുഖത്ത് ആയിരം ചരക്കുകപ്പലുകൾ നങ്കൂരമിട്ടതിന്റെ ക്ലാസ് ക്ലബ്ബ് ആഘോഷിച്ചപ്പോൾ മലയാളമനോരമ ഓർത്തില്ല ആയിരം കപ്പലുകളിൽ 900 വും എം.എസ്.സി എന്ന ഷിപ്പിംഗ് കമ്പനി വകയായിരുന്നു എന്ന സത്യം.
കേരളത്തിന്റെ മംഗലാപുരം മുതൽ കന്യാകുമാരി വരെ നീളുന്ന തീരക്കടലിൽ കടലാസ് കപ്പലുകൾ ഓടിച്ചുകളിക്കുന്ന വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമ്മിപ്പിച്ച സ്വപ്നപദ്ധതി ഈ സമുദ്ര മിഷൻ ആയിരുന്നോ?
വിമാനത്താവള പരിപാലനത്തിന് കേരളത്തിലെത്തിയ അദാനി സമുദ്ര ഖനനത്തിനും പര്യവേഷണത്തിനും ഇറങ്ങും മുമ്പ് സാർവ്വത്രികമായി ഡീലുകൾ ഉറപ്പിച്ചു ആന്റമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ മുതൽ പോർബന്തർ, ദാമൻ ഡ്യൂ, ഗോവ മുതൽ ബോംബെ തീരം വരെ നീളുന്ന ബൃഹത്തായ സമുദ്രമേഖലകളിലെ ഖനനവും പര്യവേക്ഷണവുമാണ് അദാനി ലക്ഷ്യമിടുന്നത്.
അതിന്റെ തെക്കേ അറ്റത്ത് മംഗലാപുരം മുതൽ കന്യാകുമാരി വരെ നീളുന്ന സമുദ്രമേഖലകളും തീരദേശ ഇക്കോടൂറിസവും കൊണ്ട് നക്കാപ്പിച്ച ഉണ്ടാക്കാൻ വന്ന ആളല്ല അദാനി.

കച്ചവടം തുടങ്ങും മുമ്പ് ഡീലുറപ്പിക്കുന്ന സമ്പ്രദായം പുലർത്തുന്നവരാണ് അദാനി ഗ്രൂപ്പുകാർ. ഉമ്മൻചാണ്ടിയുടെ അവസാന 2016 ലെ ഭരണകാലയളവൽ പെട്ടികളുടെ അകമ്പടിയോടെ തിരുവനന്തപുരത്തെ ഒരു ഇടതുപക്ഷ പത്രപ്രവർത്തകന്റെ അകമ്പടിയിൽ പിണറായിയെയും കോടിയേരിയെയും കാണാൻ വന്ന അദാനിയുടെ മകൻ കിരണെ ഞാൻ കണ്ടതാണ്. അതുകൊണ്ട് അദാനി ഗ്രൂപ്പിന്റെ പ്രതിനിധി മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന വി.ഡി. സതീശനെ  കാണാനോ അദ്ദേഹത്തിന്  വിമാനം ചാർട്ട് ചെയ്തുകൊടുത്തതുകൊണ്ടോ കുറ്റം പറയാനില്ല. ഡീൽ നേരത്തെ ഉറപ്പിക്കുന്നതവരുടെ പാരമ്പര്യം.

എങ്കിൽ ഷെയർ കൈമാറ്റം മറച്ചുവച്ചുകാണുമോ? മുഖ്യമന്ത്രിയുടെ അതൃപ്തിയോ മനോരമയിൽ കണ്ട നിഷേധക്കുറിപ്പോ കേരളം മുഖവിലക്കെടുക്കണ്ട. അദാനിക്കുവേണ്ടി അന്തർദേശീയ മദ്ധ്യസ്ഥന്മാർ ഇറങ്ങി; ശശിതരൂരിനെപ്പോലുള്ളവർ. 1327 കോടി രൂപയുടെ ഷെയർ മൂല്യവുമായി അദാനി പോകും. അല്ലെങ്കിൽ വിഴിഞ്ഞം പൂജ്യമാകും. കേരളത്തിലെ ബുദ്ധിജീവികൾ ഗോപിവരയ്ക്കും.

ആലപ്പുഴയിലെ കരിമണൽ ചരിത്രം

1997 ൽ ഹരിപ്പാട് എം.എൽ.എ ആയിരുന്ന എ.വി. താമരാക്ഷനാണ് ആലുവയിലെ ശശിധരൻ കർത്താ തൃക്കുന്നപ്പുഴയിൽ കരിമണൽ ഖനനവും സംസ്‌ക്കരണവും നടത്തുന്ന ഫാക്ടറി തുടങ്ങുന്നെന്നും 450 പേർക്ക് ഉടൻ ജോലി എന്നും പ്രഖ്യാപിച്ചത്. പിന്നാലെ ധീവരസഭ സംഘടിപ്പിച്ച യോഗത്തിൽ വി. ദിനകരൻ കടപ്പുറത്തിന് വില പ്രഖ്യാപിച്ചു.

കാർത്തികപ്പള്ളി- അമ്പലപ്പുഴ താലൂക്കുകളിലെ കടൽത്തീരപ്രദേശത്തുനിന്നും തോറിയവും ഇൽമനൈറ്റും സംസ്‌ക്കരിച്ച് ബാക്കി മണ്ണ് അവിടെത്തന്നെ നിറയ്ക്കുന്നതായിരുന്നു പദ്ധതി. 400 വർഷത്തേക്കുള്ളശേഖരം ആ പ്രദേശത്തുണ്ടെന്ന് ശാസ്ത്രപഠനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
അദാനി കണ്ണുവച്ചിരിക്കുന്ന അറേബ്യൻ കടലിനെ മൊത്തത്തിലാണെങ്കിൽ, കർത്തായുടേത് തോട്ടപ്പള്ളിയിലെ ഇട്ടാവട്ടം മാത്രമായിരുന്നു.
കരിമണൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വം വി.എം. സുധീരൻ ഏറ്റെടുത്തതോടെ ഇപ്പോൾ ഒരു വിഭാഗം കോൺഗ്രസ്സുകാർ സാമൂഹ്യമാധ്യമവേഷത്തിൽ ഇറങ്ങിയപോലെ അന്ന് വലിയൊരു വിഭാഗത്തോളം കോൺഗ്രസ്സും മുസ്ലീം ലീഗും ചേർന്ന യു.ഡി.എഫ് സംഘം കർത്തായ്ക്ക് ഒപ്പം കൂടി.

സി.പി.എമ്മിലും കോളിളക്കം സൃഷ്ടിച്ചു കരിമണൽ. 2002 ൽ ഹരിപ്പാട് എം.എൽ.എ ആയ ടി.കെ. ദേവകുമാർ ആദ്യമൊക്കെ ചാഞ്ചാടിയെങ്കിലും ജില്ല സെക്രട്ടറിയായി എം.എ. ബേബി ചാർജ്ജടുത്തപ്പോൾ വി.എം. സുധീരൻ എം.പി, ആലപ്പുഴ എം.എൽ.എ ആയിരുന്ന കെ.സി. വേണുഗോപാൽ, എം.എ. ബേബി എന്നിവർക്കൊപ്പം കരിമണൽ വിരുദ്ധ സമരത്തിൽ ദേവകുമാറും ഭാഗമായി. ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ നേതാവ് ശ്യാം സുന്ദറിന് പാർട്ടിവിട്ട് മുസ്ലീം ലീഗിൽ ചേരേണ്ടി വന്നു.

കരിമണൽ വിഷയം  2001 ൽ ഏറ്റെടുത്തു യു.ഡി.എഫ്

2001 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോൾ കരിമണൽ വിഷയം കൂടുതൽ സജീവമായി. കാരണം അന്നും വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ മുസ്ലീംലീഗ് ഘടകങ്ങളുടെ പിന്തുണ ശശിധരൻ കർത്തായ്ക്കുണ്ടായിരുന്നു.
ആന്റണി കോൺഗ്രസ്സിന്റെ സർവ്വസൈന്യാധിപൻ ഉമ്മൻചാണ്ടിയായിരുന്നു. എന്നാൽ എ.കെയുടെ മനസ്സറിയുന്ന ആൾ വി.എം. സുധീരനായിരുന്നു. ഉമ്മൻചാണ്ടിയുടെ വേർപാടിനുശേഷം രണ്ട് സ്ഥാനവും വി.എം. സുധീരൻ വഹിക്കുന്നു. അതുകൊണ്ട് സതീശന്റെ കൂലിപ്പട്ടാളങ്ങളായ കോൺഗ്രസ്സിലെ സാമൂഹ്യമാധ്യമങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാനാവില്ല.

തന്നെ തോൽപ്പിച്ച കർത്തായോടും വെള്ളാപ്പള്ളിയോടും പകയുമായി സുധീരൻ

95 ലെ തന്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി വി.എം. സുധീരനെ നിയോഗിച്ച എ.കെ. ആന്റണി തന്നെയാണ് ആലപ്പുഴയിൽ എം.പിയാക്കിയത്. എ.കെയുടെ മനസ്സിൽ കരിമണലിന്റെ കനലുകൾ ബാക്കിയുണ്ടായിരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയ വിഷയത്തിൽ കെ. മുരളീധരനെയും വി.എം. സുധീരനെയും ദൽഹിക്ക് വിളിച്ച് അഭിപ്രായം തേടാൻ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത് എ.കെ. ആന്റണിയുടെ ഇടപെടലിന്റെ ഫലമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
വയലാർ രവിയും കെ. കരുണാകരനും ആലപ്പുഴ സീറ്റിനുവേണ്ടി ആഞ്ഞുപിടിച്ചത് എസ്. കൃഷ്ണകുമാറിനുവേണ്ടിയാണ്. കൃഷ്ണകുമാറിന് കൊല്ലത്തേയ്ക്ക് മടങ്ങേണ്ടി വന്നു, എൻ.കെ. പ്രേമചന്ദ്രന്റെ കന്നിവിജയത്തിൽ തോറ്റുകൊടുക്കാൻ വേണ്ടി.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഒരു അപരനെ നിർത്തി വി.എം. സുധീരനെ 1009 വോട്ടിന് തോൽപ്പിച്ചത്. ആളും അർത്ഥവും മുടക്കിയത് കരിമണൽ കർത്തായാണെങ്കിൽ പ്രത്യക്ഷത്തിൽ ഫീൽഡിൽ കണ്ടത് വെള്ളാപ്പള്ളിയേയും എസ്.എൻ.ഡി.പി ശാഖാ യോഗങ്ങളേയുമാണ്.

കരിമണൽ ഖനനത്തിലും വീര്യം കുറഞ്ഞ മദ്യവിഷയത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകളെ ശക്തമായി എതിർക്കുന്ന വി.എം. സുധീരന്റെ നിലപാട് തന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന പ്രതികാരത്തിന്റെ ബഹിർസ്ഫുരണമായി കാണുന്നവരും കോൺഗ്രസിലുണ്ട്.

2015 ൽ കരിമണൽ വിഷയം എൽ.ഡി.എഫ് ഏറ്റെടുത്തു

2016 ൽ ഭരണത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എ.കെ.ജി സെന്ററിൽ ഒരു നവകേരള സെമിനാർ സംഘടിപ്പിച്ചു സി.പി.എം ബുദ്ധിജീവികൾ. ഭരണം തുടങ്ങാനുള്ള ഉത്സാഹത്തിൽ ഉമ്മൻചാണ്ടിയെ ചുരുട്ടിക്കൂട്ടാനുള്ള ആസൂത്രണത്തിന്റെ ഭാഗമായി മെനഞ്ഞെടുത്ത ചെങ്ങന്നൂർകാരി സരിതനായരെ മുന്നിൽ നിർത്തി ആർ. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ്‌കുമാറും പിന്നെ കെ.എം. മാണി സാറിനെതിരെയുള്ള 24 മണിക്കൂറിലെ രാപ്പകൽ സമരത്തിന്റെ കാഴ്ചകൾ തിരുവനന്തപുരം നഗരം ഒരിക്കലും മറക്കില്ല. തോളേൽ തോർത്തും ഇട്ട് കാരണവന്മാരെപ്പോലെ ജില്ലാ കമ്മിറ്റി-ലോക്കൽ കമ്മിറ്റി- ബ്രാഞ്ച് കമ്മിറ്റിക്കാരും താൽക്കാലിക ഷെഡ്ഡുകളിൽ കല്യാണപ്പന്തൽ കണക്കെ കാലിന്മേൽകാൽകേറ്റി ഇരിക്കുന്നു. പെൺസഖാക്കൾ ചമ്രം പിടിച്ചിരുന്നു പച്ചക്കറി അരിഞ്ഞുതള്ളുന്നു.  പാർട്ടിയിലെ തമ്പ്രാക്കന്മാർ നേര്യതും പുതച്ച് ഭാര്യമാരെയും കുടുംബങ്ങളുമൊക്കെ നഗരപാതകളിലൂടെ ഉലാത്തുന്നത് ചാനൽ കാഴ്ചകളായിരുന്നു.

അതിനിടയിൽ സമരം നീണ്ടാൽ ഇത്രയും പേർക്ക് ഒന്നിച്ചു മലമൂത്രവിസർജ്ജനം നടത്താനുള്ള സൗകര്യം ആലോചിച്ചപ്പോൾ സമരം തീർക്കാനുള്ള വെപ്രാളമായി. സമരക്കാരുടെ മലമൂത്രവിസർജ്ജന സൗകര്യങ്ങളുണ്ടാക്കുക പാർട്ടിയുടെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. കൃത്രിമകക്കൂസുകൾക്ക് താങ്ങാവുന്നതിനപ്പുറമായി. ആളുകളെ നെടുമങ്ങാട്, പാലോട്, അഗസ്ത്യാർകൂടം പ്രദേശങ്ങളിലേക്ക് കൊണ്ടുപോകേണ്ട ഗതികേടിലായി.
സമരം പെട്ടെന്ന് പിൻവലിച്ചപ്പോൾ ബാക്കിവന്ന സാധനങ്ങളും മാറ്റം ഒരു പ്രശ്‌നമായി. കുറച്ച് കുഴിച്ചുമൂടി. കുറെ സഖാക്കൾ വീടുകളിൽ കൊണ്ടുപോയി. എന്റെ വീട്ടിലും രണ്ട് കിറ്റുകൾ കിട്ടി. മീനും ഇറച്ചിയും കുഴിച്ചുമൂടിയത് തെരുവുപട്ടികൾ മാന്തിപ്പുറത്തിട്ടു. പാർട്ടി പ്രതിജ്ഞ എടുത്തുകാണും ഇനി ഈ നൂറ്റാണ്ടിൽ ഇതുപോലെ സമരം ഉണ്ടാകില്ലെന്ന്.

കരിമണൽ കച്ചവടം പാളി

2016 നുള്ള ഒരുക്കത്തിനുവേണ്ടി എൽ.ഡി.എഫിനുവേണ്ടി സി.പി.എം നടത്തിയ ദേശീയ നവകേരള സെമിനാർ സ്‌പോൺസർ ചെയ്തത് ആലുവയിലെ ശശിധരൻ കർത്ത എം.ഡിയായ കരിമണൽ കമ്പനിയാണ്. നൂറ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 1 ലക്ഷം കണക്കിൽ 1 കോടി സി.പി.എംന് തെരഞ്ഞെടുപ്പ് സംഭാവനയായി കർത്ത നൽകി. പ്രത്യുപകാരമെന്ന നിലയിൽ കർത്താകുടുംബത്തിന്റെ പ്രതീക്ഷിച്ച അടിസ്ഥാനമാക്കി പ്രൊഫ. കെ. രവീന്ദ്രനാഥിനെ പൊതുവിദ്യാഭ്യാസ മന്ത്രിയാക്കി. അതൊരു ഈർക്കിൽ കാര്യമായേ കർത്താ കുടുംബം കണ്ടുള്ളൂ. പക്ഷേ രവീന്ദ്രനാഥ് ഒരു മാന്യനായ അദ്ധ്യാപകനാണ്. തൃശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്‌സ് പ്രൊഫസറാണ്. 2026 ലെ എൽ.ഡി.എഫിന്റെ തോൽവിയുടെ മഴവെള്ളപ്പാച്ചിലിലും പ്രൊഫ. രവീന്ദ്രനാഥ് ജയിച്ച് സി.പി.എം എം.എൽ.എ ആയിട്ടുണ്ട്. പിണറായിയുടെ രണ്ടാം ടേമിൽ പ്രൊഫ. രവീന്ദ്രനാഥിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെ പാർട്ടിയുടെ കരിമണൽ കമ്പനിയുമായുള്ള ബന്ധം അവസാനിച്ചു.

പിന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശിധരൻ കർത്തയ്ക്ക് നേരിട്ട് ബന്ധമായി. തുടർന്ന് കുടുംബവുമായിട്ടായി. മകൾ വീണയുടെ എക്‌സാലോജിക്കുമായി ബിസിനസ്സിന്റെ ബന്ധം അവസാനം ആദായനികുതിവകുപ്പിന്റെ ഊരാക്കുടുക്കിലായി. ഇപ്പോൾ ഇ.ഡിയുടെ ഫുൾ നിരീക്ഷണത്തിലാണ്; പിണറായി പ്രതിപക്ഷ നേതാവ് എന്ന കവചത്തിന്റെ തണലിലും.

വീണ്ടും വിഴിഞ്ഞം വിശേഷങ്ങളിലേക്ക്

1000 കപ്പലുകൾ ഇറക്കിയതിൽ 900 വും എം.എസ്.സി എന്ന ഷിപ്പിംഗ് കമ്പനിയുടേതാണെങ്കിൽ അതിന്റെ ക്രെഡിറ്റ് അദാനിക്ക് മാത്രമുള്ളതാണ്. മന്ത്രിയായിരുന്ന വാസവന്റെയോ എം.ഡി ആയിരുന്ന ദിവ്യ എസ്. അയ്യരുടെ മിടുക്കല്ല.  അദാനിയുടെ ഉദ്യോഗസ്ഥന്മാർക്ക് ദിവ്യാ എസ്. അയ്യരുടെ പല നടപടികളെയും പറ്റി  പരാതികളുണ്ടായിരുന്നു. അതിനെ തങ്ങൾ പരിഗണിച്ചിട്ടില്ല എന്ന് എത്ര മിടുക്കോടെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും ആയ രത്തൻ കെൽക്കറാണ്. അദാനി പറഞ്ഞിട്ടാണ് രത്തൻ കെൽക്കറെ വച്ചതെന്ന ആരോപണം സംഘിരൂപത്തിൽ എന്തായാലും ഇറങ്ങിയില്ല. ദിവ്യാ എസ്. അയ്യരെ തദ്ദേശ വകുപ്പിലേക്ക് മാറ്റിയത് അദാനി പറഞ്ഞിട്ടാണ് എന്ന് പറയാതെ പറയുക ആയിരുന്നു പിണറായി.
കടപ്പുറത്തുനിന്നും മണ്ണുശേഖരിച്ചു സംസ്‌ക്കരണം നടത്തുന്നതുവഴി ധാതുക്കൾ ശേഖരിച്ചു ശാസ്ത്രീയമായി ഉപയോഗിക്കുന്ന കരിമണൽ ഖനനമാണ് ശശിധരൻ കർത്തായുടേത്.

അന്താരാഷ്ട്ര സമുദ്രമേഖലകളിൽ ഇറങ്ങി സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഖനനത്തിനുവേണ്ടി ഊളിയിട്ടിറങ്ങുന്ന ശാസ്ത്രസാങ്കേതിക മേഖലകളിൽ വ്യാപരിക്കുന്ന അദാനി തുറമുഖങ്ങളെയും കപ്പലുകളെയും എടുത്ത് അമ്മാനമാടുന്നു.
അതുകൊണ്ടുതന്നെ വി.ഡി. സതീശൻ പറവൂരിലെ വീട്ടിൽ കിടന്നുറങ്ങിയപ്പോൾ സ്വപ്നം കണ്ടതല്ല ആ സമുദ്രമിഷൻ. പുതുയുഗപ്പിറവി ജാഥയിൽ പ്രസംഗിച്ച സതീശന്റെ മനസ്സിൽ ഈ ആശയത്തിന്റെ വിത്തുപാകിയത് ബുദ്ധിരാക്ഷസന്മാരായ ഏതെങ്കിലും അദാനിമാരുടെ പ്രഭാവമായിരിക്കും.
മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻപോയ വി.ഡി. സതീശന് വിമാനം ചാർട്ടർ ചെയ്തുകൊടുത്തതും, അദാനി പോർട്ടിന്റെ പ്രതിനിധി മംഗലാപുരത്തു വന്നുകണ്ടതും സമുദ്രമിഷന്റെ ബഡ്ജറ്റ് പ്രഖ്യാപനവും എല്ലാം യാദൃച്ഛികമായോ നിമിത്തമായോ നിലനിർത്താം; മുഖ്യമന്ത്രി വി.ഡി. സതീശൻ എല്ലാ സത്യങ്ങളും തുറന്നുപറയുന്നതുവരെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img