
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പൗരന്മാർക്കും 8,000 രൂപ വീതം ക്യാഷ് ആനുകൂല്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. പ്രധാനമന്ത്രി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആനുകൂല്യം ലഭിക്കാൻ സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് പ്രചാരണം. ഞാൻ ഇതിനകം തന്നെ എന്റെ ആനുകൂല്യം സ്വന്തമാക്കിയെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇത്തരമൊരു സാമ്പത്തിക സഹായ പദ്ധതി നിലവിലില്ലെന്നും സന്ദേശം തട്ടിപ്പിന്റെ ഭാഗമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉത്സവകാലത്തെ ആനുകൂല്യങ്ങളോടുള്ള ജനങ്ങളുടെ താൽപര്യം മുതലെടുത്ത് സൈബർ തട്ടിപ്പുകാർ ഔദ്യോഗിക പദ്ധതിയെന്ന വ്യാജേന ആളുകളെ കെണിയിൽപ്പെടുത്തുകയാണെന്ന് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ അറിയിച്ചു. നേരത്തെയും സമാനമായ വ്യാജ സന്ദേശങ്ങൾ ഉത്സവകാലങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സന്ദേശത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്താനുള്ള വ്യാജ വെബ്സൈറ്റുകളിലേക്ക് നയിച്ചേക്കാം. ഇതിലൂടെ മൊബൈൽ ഫോണിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കാനും അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
അപരിചിതമായ നമ്പറുകളിൽ നിന്നോ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നോ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ തുറക്കരുത്. അവ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുന്നതും ഒഴിവാക്കണം. ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപി എന്നിവ സ്ഥിരീകരിക്കാത്ത വെബ്സൈറ്റുകളിൽ പങ്കുവയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു.
സർക്കാർ ആനുകൂല്യം ലഭിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് മുൻകൂർ ഫീസോ മറ്റ് പണമോ അടയ്ക്കരുത്. സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ വൈകാതെ ബാങ്കുമായി ബന്ധപ്പെടുകയും അധികൃതർക്ക് പരാതി നൽകുകയും വേണം.










