
ജീവനക്കാരുടെ ഘടനയിൽ വൻ മാറ്റത്തിന് തയ്യാറായി ഇന്ത്യൻ റെയിൽവേ. ഈ വർഷം ഏകദേശം 30,000ത്തോളം തസ്തികകൾ ഒഴിവാക്കാനുള്ള നിർദേശമാണ് റയിൽവെ ബോർഡ് രാജ്യത്തെ വിവിധ റെയിൽവേ സോണുകൾക്ക് നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്നിലെ അംഗീകൃത ജീവനക്കാരുടെ എണ്ണത്തിൽ നിന്ന് രണ്ടുശതമാനം കുറയ്ക്കാനാണ് റയിൽവെ ലക്ഷ്യമിടുന്നത്. ഇത് നടപ്പാകുന്നതോടെ ഉത്തര റെയിൽവേയിൽ 3,303 തസ്തികകളും ദക്ഷിണ റെയിൽവേയിൽ 1,906 തസ്തികകളും ഉൾപ്പെടെ മൊത്തം 29,906 തസ്തികകളാണ് ഇല്ലാതാകുക. നോൺ-സേഫ്റ്റി മേഖലയിലാകും തസ്തിക വെട്ടിക്കുറയ്ക്കൽ പ്രധാനമായും നടപ്പാക്കുക എന്നാണ് പുറത്തുവരുന്ന വിവരം.
നിലവിലുള്ള സ്ഥിരം ജീവനക്കാരെ പിരിച്ചുവിടില്ല എന്നാണ് റയിൽവെ വ്യക്തമാക്കുന്നത്. എന്നാൽ, വിരമിക്കുന്ന തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ ഉണ്ടാകില്ല. ആവശ്യമില്ലാത്ത തസ്തികകളായി കണക്കാക്കുന്ന ജോലികളിൽ നിന്നുള്ള ജീവനക്കാരെ മറ്റു തസ്തികകളിലേക്ക് മാറ്റി വിന്യസിക്കാനാണ് തീരുമാനം. പുനഃക്രമീകരണം, സ്ഥലംമാറ്റം, തസ്തികമാറ്റം എന്നിവയിലൂടെ ലക്ഷ്യം കൈവരിക്കും.
തസ്തിക വെട്ടിക്കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ രംഗത്തെത്തി. ഇതിനകം തന്നെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പുതിയ തസ്തികകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നത് സേവനത്തെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. റെയിൽവേ സേവനങ്ങൾ വികസിപ്പിക്കുന്ന ഘട്ടത്തിൽ നിയമനം വർധിപ്പിക്കേണ്ടതിനുപകരം തസ്തികകൾ കുറയ്ക്കുന്നത് സ്വകാര്യവത്കരണ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു.
റെയിൽവേയിൽ ഇപ്പോൾ മൂന്നരലക്ഷത്തിലേറെ ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യവും ചർച്ചയാകുന്നു. ദക്ഷിണ റെയിൽവേയിലൊന്നിൽ മാത്രം ഏകദേശം 20,000 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രി, ഹൗസ് കീപ്പിംഗ്, എസി മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ കൂടുതലായി ഉള്ളത്. ഈ ഒഴിവുകൾ നികത്താതെ ‘സറണ്ടർ’ ചെയ്യുന്നതാണ് പതിവ്.
സുരക്ഷാ വിഭാഗത്തിൽ നേരിട്ടുള്ള കുറവ് നടപ്പാക്കുന്നില്ലെങ്കിലും, വിരമിക്കുന്നവർക്കു പകരം നിയമനം നൽകാത്തത് ആശങ്കയ്ക്കിടയാക്കുന്നു. എല്ലാ പുനർവിന്യാസങ്ങളും ഒഴിവാക്കലുകളും ഇനി മുതൽ എച്ച്.ആർ.എം.എസ് പോർട്ടൽ വഴിയാണ് നടപ്പാക്കുക എന്ന നിർദേശവും നൽകിയിട്ടുണ്ട്.










