10:58pm 02 July 2026
NEWS
കോൺഗ്രസ്സ് അഭിരമിക്കുന്നത് സൗജന്യങ്ങളുടെ ക്ഷണികതയിലോ?
02/07/2026  12:50 PM IST
വിഷ്ണുമംഗലം കുമാർ, ബംഗളൂരു
കോൺഗ്രസ്സ് അഭിരമിക്കുന്നത് സൗജന്യങ്ങളുടെ ക്ഷണികതയിലോ?
HIGHLIGHTS

കർണാടത്തിലെ ശക്തി, ഗൃഹലക്ഷ്മി സൗജന്യ പദ്ധതികൾ സ്ത്രീമുന്നേറ്റം സാധ്യമാക്കിയിട്ടുണ്ടെങ്കിലും,  പൊതുവികസനത്തെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രതിയോഗികൾ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിച്ചുകൊണ്ട് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനാണ് തെരഞ്ഞെടുപ്പ് വേളകളിൽ കോൺഗ്രസ്സ് വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേന്ദ്രഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് പന്ത്രണ്ട് വർഷം കടന്നുപോയതിന്റെ ക്ഷീണം കോൺഗ്രസിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാനങ്ങൾ ഓരോന്നായി കയ്യടക്കുകയും  ചെറുപാർട്ടികളെ ഒന്നിനുപുറകെ ഒന്നായി തന്ത്രപൂർവ്വം പിളർത്തി കേന്ദ്രത്തിൽ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിന് കേന്ദ്രഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങുകയാണ്. പാർട്ടി സംവിധാനം ശക്തമായ സംസ്ഥാന ങ്ങളിലെങ്കിലും ഭരണം നിലനിർത്താനോ പിടിച്ചെടുക്കാനോ ഉള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസ്സ് വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത്. അത് നല്ല പ്രവണതയല്ലെന്ന വാദം നിലനിൽക്കുമ്പോഴും അധികാരം പിടിക്കാൻ കോൺഗ്രസിന് മറ്റു പോംവഴികളില്ല എന്നതാണ് യാഥാർഥ്യം. രാഹുൽ ഗാന്ധിയാണ് കോൺഗ്രസ്സിന്റെ സ്റ്റാർ പ്രചാരകനും നയരൂപീകരണ സ്രോതസ്സും. എന്നാൽ അദ്ദേഹത്തിന് ദൗർബ്ബല്യങ്ങളേറെയുണ്ട്. അത് കോൺഗ്രസ്സിനെയും ആ പാർട്ടി നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയെയും ദോഷമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. 

അധികാരം കിട്ടുമെന്ന് ഏറെക്കുറെ വ്യക്തമായിരുന്ന കേരളത്തിൽ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് അറിയാമായിരുന്നിട്ടും യു ഡി എഫിനെ നയിക്കുന്ന കോൺഗ്രസ്സിന്റെ ഹൈക്കമാണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ വോട്ടർമാർക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു.കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയതാണ് അതിൽ പ്രധാനപ്പെട്ടത്. വി ഡി സതീശൻ ഗവണ്മെന്റ് ജൂൺ പതിനഞ്ചിന് പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രിയദർശിനി പദ്ധതി സ്ത്രീകൾ ഏറ്റെടുത്തുകഴിഞ്ഞു എന്നത് വസ്തുതയാണ്. ഓർഡിനറി ബസ്സുകളിലേ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുള്ളുവെങ്കിലും ശരാശരി ഏഴുലക്ഷം സ്ത്രീകൾ ആ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് ചില്ലറ കാര്യമല്ല. ഏറെയും സാധാരണക്കാരായ സ്ത്രീകൾക്കാണ് പ്രിയദർശിനി സൗജന്യം പ്രയോജനപ്പെടുന്നത്. അത് സംസ്ഥാനത്തിന്റെ പലഭാഗത്തും സമൂഹത്തെ തട്ടിയുണർത്തുന്ന തരംഗമായിമാറിയിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളുടെ എതിർപ്പ് സ്ത്രീജനങ്ങളുടെ ചെറുത്തുനിൽപ്പ് മൂലം അലിഞ്ഞില്ലാതായതിൽ നിന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. 

സൗജന്യങ്ങൾ അടിത്തറയാകുമ്പോൾ 

കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് കോൺഗ്രസ്സ് അധികാരത്തിലേറിയത്. ജാർഖന്ധിലും ജെ എം എമ്മുമായി ഒത്തുചേർന്ന് കോൺഗ്രസ്സ് ആ പാത പിന്തുടർന്നു. കർണാടകത്തിൽ ശക്തി, ഗൃഹലക്ഷ്മി, ഗൃഹജ്യോതി, അന്നഭാഗ്യ, യുവശക്തി എന്നീ പഞ്ച സൗജന്യങ്ങളാണ് നൽകുന്നത്. തെലങ്കാനയിൽ മഹാലക്ഷ്മി, ഗൃഹജ്യോതി, ഇന്ദിരമ്മ ഇൻഡലു, റൈത്ത ബരോസ, ചെയ്യത്ത, യുവവികാസം എന്നീ ആറു സൗജന്യങ്ങൾ രേവന്ത് റെഡ്ഡി ഗവണ്മെന്റ് നൽകുന്നുണ്ട്. സുഖ് വിന്ദർസിംഗ് സുഖു മുഖ്യമന്ത്രിയായ ഹിമാചൽ പ്രദേശിലും ആറോളം സൗജന്യങ്ങൾ സ്ത്രീകൾക്കും മറ്റും നൽകുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാനമായതിനാൽ സൗജന്യങ്ങൾക്ക് ഇവിടെ പരിമിതികളുണ്ട്. 

ശക്തിയും ഗൃഹലക്ഷ്മിയും സ്ത്രീമുന്നേറ്റവും 

2023 മേയിൽ അധികാരത്തിൽ വന്ന കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റ് ആ വർഷം ജൂൺ പതിനൊന്നിനാണ് പഞ്ചസൗജന്യ വാഗ്ദാനങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും പോപ്പുലറായതും ഗവണ്മെന്റ് ബസ്സുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജൻഡർമാർക്കും സൗജന്യയാത്ര അനുവദിച്ച ശക്തിപദ്ധതിയാണ്. ആരംഭിച്ചതുമുതൽ ഈ സൗജന്യ പദ്ധതി സംസ്ഥാനത്തിനകത്തും പുറത്തും പ്രചുരപ്രചാരം നേടി. മൂന്നു വർഷം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ പഞ്ച സൗജന്യങ്ങൾ മുടങ്ങാതെ തുടർന്നു. അതിനു ശേഷം മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറും, ഹൈക്കമാണ്ടും സംസ്ഥാന നേതൃത്വവും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന പഞ്ച സൗജന്യങ്ങൾ മുടക്കമോ തടസ്സമോ കൂടാതെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ ഭരണനാളുകളിൽ ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികൾക്ക് ചില തടസ്സങ്ങളും കുഴപ്പങ്ങളും നേരിട്ടിരുന്നു. മരിച്ചവർ, ആദായ നികുതി അടക്കുന്നവർ, വ്യാജരേഖ ചമച്ചവർ തുടങ്ങിയവരൊക്കെ ഗുണ ഭോക്താക്കളുടെ പട്ടികയിൽ കയറിപ്പറ്റിയത് ഗവണ്മെന്റിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. അത്തരക്കാരെ ഒഴിവാക്കുന്ന ശുദ്ധീകരണ പ്രക്രിയയിൽ അർഹതയുള്ളവരും പെട്ടുപോയിരുന്നു. അവർ വീണ്ടും അപേക്ഷിക്കണമെന്ന് ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ശക്തി പദ്ധതിയിൽ അത്തരം പ്രശ്‌നങ്ങളില്ല. കർണാടകത്തിലെ വിലാസത്തിൽ ആധാർ കാർഡുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കുന്നുണ്ട്. ശക്തി പദ്ധതിയ്ക്കായി ഗവണ്മെന്റ് പ്രത്യേകം സ്മാർട്ട് കാർഡുകൾ തയ്യാറാക്കി വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.

 സംസ്ഥാനത്ത് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(കെഎസ്ആർ ടിസി), ബംഗളുരു മെട്രോ റോഡ് കോർപറേഷൻ (ബിഎംടിസി),നോർത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ ഡബ്ലിയു ആർടിസി), കല്യാണ കർണാടക റോഡ് ട്രാസ്പോർട്ട് കോർപറേഷൻ (കെ കെ ആർ ടി സി ) എന്നിങ്ങനെ  നാലു കോർപറേഷനുകളിലായി 26,000 ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. അതിൽ എസി, സ്പെഷൽ, അന്തർസംസ്ഥാന സർവീസ് എന്നിവ ഒഴികെയുള്ള ഇരുപതിനായിരം ബസ്സുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജൻഡർമാർക്കും യാത്ര സൗജന്യമാണ്. ഒരു കോടി സ്ത്രീകൾ സൗജന്യ യാത്ര നടത്തിയ ദിവസങ്ങൾ കർണാടകത്തിലുണ്ട്. ശരാശരി എഴുപത് ലക്ഷം സ്ത്രീകളാണ് ദിവസേന സൗജന്യ യാത്ര ചെയ്യുന്നത്. 2023 ജൂൺ പതിനൊന്നിന് ശക്തി സ്‌കീം ഉദ്ഘാടനം ചെയ്തതുമുതൽ ഈ വർഷം ജൂൺ ആറുവരെ 753.7 കോടി സൗജന്യ സ്ത്രീയാത്രകൾ നടന്നിട്ടുണ്ട്. നാലു കോർപറേഷനുകളും കൂടി 19771 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. മേൽപ്പറഞ്ഞ കാലയളവിലെ 1227 കോടി ബസ് യാത്രകളിൽ 61 ശതമാനം സ്ത്രീകളുടെ സൗജന്യ യാത്രയായിരുന്നു. നാലു കോർപറേഷനുകളിൽ കെ എസ് ആർ ടിസി യിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സൗജന്യയാത്രകൾ നടത്തിയത്.7502.5 കോടി വിലമതിപ്പുള്ള 238.2 കോടി സൗജന്യ ടിക്കറ്റുകളാണ് കെ എസ് ആർ ടി സി ചെലവിട്ടത്. 379.8 കോടി യാത്രക്കാരെ ഈ കാലയളവിൽ കെ എസ് ആർ ടി സി കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ ഏതാണ്ട് അറുപത് ശതമാനം സൗജന്യ യാത്രക്കാരായ സ്ത്രീകളായിരുന്നു. ഇതുവരെ യായി ഏറ്റവും കൂടുതൽ സ്ത്രീകൾ സൗജന്യ യാത്ര ചെയ്തത് ബി എം ടി സി യിലാണ്, 242.7 കോടി. ഈ കാലയളവിൽ 392കോടി യാത്രക്കാരെ ബി എം ടി സി കൈകാര്യം ചെയ്തതിൽ മൂന്നിൽ രണ്ടുഭാഗം സ്ത്രീകളാണ്. 3513 കോടി രൂപയാണ് സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി ബി എം ടി സി ചെലവിട്ടത്. 

 ബി എം ടി സി യ്ക്ക് ഏഴായിരത്തോളം ബസ്സുകളുണ്ട്. അതിൽ എസി, വജ്ര, സ്പെഷൽ എന്നിവയൊഴികെയുള്ള എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദനീയമാണ്. ബംഗളുരുവിലെ ബസുകളിൽ സ്ത്രീകളുടെ വൻതിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. വിദ്യാർഥിനികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ചെറുകിട കച്ചവടക്കാർ, തെരുവ് വ്യാപാരികൾ, വീട്ടമ്മമാർ എന്നിവരാണ് പതിവായി ബസ് യാത്രാ സൗജന്യം ഉപയോഗപ്പെടുത്തുന്നത്. നഗരത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേക്കും തിരിച്ചും അതിരാവിലെ മുതൽ രാത്രി വൈകുന്നതുവരെ ബസുകൾ സർവീസ് നടത്തുന്നതിനാൽ സൗജന്യയാത്ര സ്ത്രീകൾക്ക് നന്നായി പ്രയോജനപ്പെടുന്നുണ്ട്. 

ശക്തിപദ്ധതി മൂലം സ്ത്രീകളുടെ യാത്രാചെലവിൽ സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൊഴിൽവിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയുടെ സങ്കേതങ്ങളിൽ ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും യാത്രാ സ്വാതന്ത്യവും മെച്ചപ്പെട്ടതായി ഗവണ്മെന്റ് വിലയിരുത്തുന്നു. നഗരവും ഗ്രാമങ്ങളുമായുള്ള ബന്ധം വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾ വളരെയേറെ വർധിച്ചിട്ടുണ്ട്.ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് ഗവണ്മെന്റ് ഓരോ മാസവും സൗജന്യ ടിക്കറ്റുകളുടെ വില ധനസഹായമായി നൽകുകയാണ് ചെയ്യുന്നത്. അത് വൈകുകയോ മുടങ്ങുകയോ ചെയ്താൽ കോർപറേഷനുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. 

ഗൃഹനായികമാർക്ക് മാസന്തോറും രണ്ടായിരം രൂപ നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി. ഒരു കോടി ഇരുപത് ലക്ഷം സ്ത്രീകൾക്ക് ഓരോ മാസവും ഈ ആനുകൂല്യം നൽകുന്നുണ്ടെന്നാണ് ഗവണ്മെന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പാവപ്പെട്ട സ്ത്രീകൾക്കാണ് ഈ ആനുകൂല്യം പ്രധാനമായും ലഭിക്കുന്നത്. സ്ത്രീകൾ കൂട്ടംകൂട്ടമായി ആരാധനാലയങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ടൂറിസ്റ്റ് സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്ന പ്രവണത വിപുലമായിട്ടുണ്ട്. ബസ്സ് യാത്ര സൗജന്യമാണെന്നത് മാത്രമല്ല വഴിചെലവിനുള്ള പണം ഗൃഹലക്ഷ്മിയിലൂടെ ലഭിക്കുന്നതുമാണ് സ്ത്രീകളെ ഉത്സാഹഭരിതരാക്കുന്നത്. യാത്രചെലവിനുള്ള പണത്തിനായി ഭർത്താവിനോടോ മക്കളോടോ അവർക്ക് യാചിക്കേണ്ടിവരുന്നില്ല. ശക്തി, ഗൃഹലക്ഷ്മി സൗജന്യപദ്ധതികൾ നടപ്പിലായതുമുതൽ സ്ത്രീകളിൽ, പ്രത്യേകിച്ചും നിരുദ്യോഗികളും ഗ്രാമീണരുമായ സ്ത്രീകളിൽ ഒരു പുത്തനുണർവ്വ് പ്രകടമാണ്. അമിതമായ ആഗ്രഹങ്ങളി ല്ലാത്ത സ്ത്രീസമൂഹം സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് കുറെയൊക്കെ മോചിതരായിട്ടുണ്ടെന്ന് പറയാം. 

52000 കോടി രൂപയോളമാണ് വിവിധ സൗജന്യപദ്ധതികൾക്കായി കർണാടകം ചെലവിടുന്നത്. സ്ത്രീജനങ്ങളിൽ മുന്നേറ്റം പ്രകടമാണെങ്കിലും പൊതുവിലുള്ള വികസനത്തെ സൗജനപദ്ധതികൾ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നുതന്നെയല്ല സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർധിക്കുന്നുണ്ട്. അതായത് വൻസാമ്പത്തിക സാധ്യതകൾ വരുത്തിവെക്കുന്ന സൗജന്യ പദ്ധതികൾ ഏറെക്കാലം തുടരാൻ ഒരു ഗവണ്മെന്റിനും സാധിക്കുകയില്ല. അധികാരം നിലനിർത്താനും പിടിക്കാനും കോൺഗ്രസ്സ് മറ്റുവഴികൾ തേടേണ്ടതുണ്ട്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img