
കാലഘട്ടത്തിന്റെ മാറ്റത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അനുഭവത്തിൽ സ്ത്രീകൾക്കിന്ന് സൗന്ദര്യസംരക്ഷണത്തിന് ഒരു ബ്യൂട്ടീഷ്യൻ, അല്ലെങ്കിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സേവനം കൂടിയേ തീരൂ.
നേപ്പാൾ സ്വദേശിയും കോസ്‌മെറ്റോളജിസ്റ്റുമായ സദിക്ച്ച സിഗ്ദൾ സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ സംസാരിക്കുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കോസ്‌മെറ്റോളജി കോഴ്‌സ് പഠിച്ച സദിക്ച്ച സിഗ്ദൾ ബ്രൈഡൽ മേക്കപ്പിന്റെ ആധുനിക രീതികൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
യുവത്വത്തിൽ നിൽക്കുന്ന പെൺകുട്ടികളും വീട്ടമ്മമാരും പ്രധാനമായും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രായം ഒരു പ്രധാന കാര്യമാണ്. ഓരോരുത്തരുടെയും ചർമ്മവും ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥയാണ് മറ്റൊരു പ്രധാന കാര്യം. കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥ സൗന്ദര്യസംരക്ഷണത്തെ പലരീതിയിൽ ബാധിക്കാം. എന്റെ സ്വന്തം നാട് നേപ്പാളാണ്. ഞങ്ങൾക്ക് ദുബായിൽ ഒരു പാർലറുണ്ട്. ഇപ്പോൾ ഞാനുള്ളത് കണ്ണൂരിലാണ്. ഈ മൂന്ന് ദേശങ്ങളിലെയും ക്ലൈമറ്റിനെക്കുറിച്ച് എനിക്കറിയാം. കണ്ണൂർ കോസ്റ്റൽ ഏരിയ ആണല്ലോ. അതുകൊണ്ടുതന്നെ ഈ ദേശക്കാർ ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ടീനേജ് പ്രായക്കാർക്ക് സൺ പ്രൊട്ടക്ഷൻ മുഖ്യമാണ്. സൺസ്‌ക്രീൻ ഉപയോഗിക്കുക എന്നത് പ്രധാന കാര്യംതന്നെ. മെച്വർ ആയിട്ടുള്ള, അല്ലെങ്കിൽ കുറച്ച് പ്രായമായ വീട്ടമ്മമാർക്ക്, പ്രത്യേകിച്ചും ഡ്രൈ സ്‌കിൻ ഉള്ളവർക്ക് മോയ്ചറൈസേഷൻ ഒരവശ്യ ഘടകം തന്നെ. ഡയറ്റ് ബാലൻസ് ചെയ്യുക, വെള്ളം നന്നായി കുടിക്കുക, മുഖവും ശരീരവും സദാ വൃത്തിയായി സൂക്ഷിക്കുക, മോയ്ചറൈസിംഗ് നന്നായി ശ്രദ്ധയോടെ ചെയ്യുക.
പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും ഇപ്പോഴുള്ള ലേറ്റസ്റ്റ് ട്രീറ്റ്‌മെന്റ്‌സ് എന്തൊക്കെയാണ്?
കേരളത്തിൽ മലയാളികളുടെ നാടൻ ട്രീറ്റ്‌മെന്റുകൾ അന്നും ഇന്നുമുണ്ട്. വീട്ടമ്മമാർക്ക് അതൊക്കെയും സുപരിചിതമാണെങ്കിലും ഇന്നത്തെ ടീനേജ് പ്രായക്കാർക്ക് അതൊന്നും അത്രകണ്ട് പരിചിതമല്ല. അവർക്ക് അതൊന്നും വലിയ താൽപ്പര്യവും ഇല്ലാത്ത കാലമാണ്.
ഓർഗാനിക് ഫേഷ്യൽ ട്രീറ്റ്‌മെന്റ്, മഞ്ഞൾ, ചന്ദനം, പായ്ക്കുകൾ, ചെറുപയർപൊടി, നാരങ്ങാനീര്, തൈര്, പാൽപാട തുടങ്ങിയവ കൊണ്ടുള്ള നാടൻ ട്രീറ്റ്‌മെന്റുകൾ പലതുണ്ട്.
കൂടാതെ മൈക്രോ ഡെർമാബ്രേഷൻ, ഹൈഡ്രേറ്റിംഗ് ഫേഷ്യൽ, ബ്രൈറ്റ്‌നിംഗ് ട്രീറ്റ്‌മെന്റ്‌സ്... തുടങ്ങിയവ ടീനേജ് പ്രായക്കാർക്ക് സുപരിചിതമായിരിക്കും. എങ്കിലും നാടൻ ഇലകളുടെ ഫെയ്‌സ്പായ്ക്കും വെളിച്ചെണ്ണയിലുള്ള മസാജും ചെയ്യുന്നതിൽ താൽപ്പര്യം കാണിക്കുന്ന പെൺകുട്ടികളുമുണ്ട്.
തലമുടി ഭംഗിയാകാൻ ഷാമ്പൂ ഉപയോഗിക്കുന്നത് എങ്ങനെയാണ് വേണ്ടത്?
ഷാമ്പൂ തലയിൽ ഉപയോഗിക്കുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മതിയാകും. എന്നാൽ, കെമിക്കൽ ഫ്രീയായിട്ടുള്ളതും ഹെർബൽ ഷാമ്പുവും ഉപയോഗിച്ചാൽ നന്നായിരിക്കും. നല്ല നാടൻ വെളിച്ചെണ്ണ മുടിയിൽ തേച്ച് കുളിച്ച് മുടിക്ക് നല്ല മൃദുലതയും കറുപ്പുനിറവും ഉണ്ടാകുന്ന ഒരു പഴയകാലരീതിയെക്കുറിച്ച് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്നത്തെ യുവതലമുറയിലെ പെൺകുട്ടികളും ആ രീതി തുടർന്നാൽ വളരെ നന്നായിരിക്കും.
മുടിക്ക് ഹെന്ന വളരെ പ്രയോജനപ്രദമാണ്. നാച്ച്വറൽ ആയിട്ടുള്ള തിളക്കം കൊടുക്കുന്നു. ഹെന്ന നല്ല ക്വാളിറ്റിയുള്ളതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഉപയോഗിക്കുക. മായമില്ലാത്ത നല്ല വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് എപ്പോഴും ഉത്തമമാണ്. മുടിയിൽ കളർ കൊടുക്കുന്നത് ഇപ്പോൾ ഒരു ഫാഷനാണല്ലോ. അതിന് ക്വാളിറ്റിയുള്ള ഗുണനിലവാരമുള്ള നല്ല പ്രോഡക്ട് തെരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം.
ഒരു ബ്രൈഡിന്റെ ഒരുക്കത്തിൽ ഏറ്റവും ലേറ്റസ്റ്റായിട്ടുള്ള ട്രീറ്റ്‌മെന്റ് എന്തൊക്കെയാണ്?
ഒരു ബ്രൈഡൽ മേക്കപ്പ് പോലും കസ്റ്റമൈസ്ഡാണ്. ഗോൾഡൻ ഗ്ലോഫേഷ്യൽസ്, ഹെയർ സ്പാ ട്രീറ്റ്‌മെന്റ്‌സ് എല്ലാം ഇപ്പോൾ ട്രെന്റി ആണ്. പ്രീ-ബ്രൈഡൽ സ്‌കിൻ കെയർ മിനിമം മൂന്നുമാസം മുൻപ് സ്റ്റാർട്ട് ചെയ്യണം. സ്‌കിൻ പോളിഷിംഗ്, ബോഡി വാക്‌സിംഗ്, ത്രെഡിംഗ്, ഒക്കെ മുൻകൂട്ടി ചെയ്തതിനുശേഷം വധു കതിർമണ്ഡപത്തിലേക്ക് കടക്കുക. ഇതിനായി നേരത്തെതന്നെ ഒരു ബ്യൂട്ടീഷ്യന്റെ സഹായവും അഭിപ്രായങ്ങളും തേടുന്നത് നന്നായിരിക്കും.
മഞ്ഞൾ കല്യാണം ഇന്ന് മിക്കവർക്കിടയിലും ഒരു ചടങ്ങാണല്ലോ. ഇതിനുവേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം?
മഞ്ഞൾ കല്ല്യാണത്തിന് സ്വാഭാവികമായ റെമഡീസാണ് മുഖ്യം. മഞ്ഞൾ ഫെയ്‌സ് പായ്ക്ക്, പരിശുദ്ധമായ വെളിച്ചെണ്ണയിലെ മസാജ്, സാൻഡൽവുഡ് പൗഡർ ഇവ ഉപയോഗിക്കാം. സിംപിൾ എലിഗൻസാണ് മഞ്ഞൾ കല്ല്യാണത്തിന്റെ ബ്യൂട്ടി എന്നുപറയുന്നത്.
സ്വദേശം നേപ്പാൾ ആണല്ലോ. ഇന്ത്യയോട് ചേർന്നുകിടക്കുന്ന ഒരു നാട്. ഇപ്പോൾ കണ്ണൂരിൽ തളാപ്പിലും ഇരിട്ടിയിലും പിന്നെ ദുബായിലും ബ്യൂട്ടിപാർലർ സ്വന്തമായി നടത്തുന്നു. അവിടുത്തെയും ഇവിടുത്തെയും സൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ച്...?
നോർത്ത് ഇന്ത്യൻ പെൺകുട്ടികൾ ഗ്ലാം ലുക്ക്‌സ് പരിഗണിക്കും. കേരളത്തിൽ മലയാളികൾ പക്ഷേ, സിംപിളായ, സ്വാഭാവികതയുള്ള സ്റ്റൈലിനാണ് മുൻതൂക്കം കൊടുക്കുന്നത്.
ജി.കെ
മോഡൽ: റിയ മാട്ടൂസ്