
ന്യൂയോർക്ക്:നിലവിലുള്ള ഇറാൻ യുദ്ധം ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇത് 30 ദശലക്ഷത്തിലധികം (3 കോടി) ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുദ്ധം മൂലം ഇന്ധന-വള വിതരണത്തിലുണ്ടായ തടസ്സം വരും മാസങ്ങളിൽ ലോകമെമ്പാടും കടുത്ത ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് യുഎൻ വികസന ഏജൻസി മേധാവി അലക്സാണ്ടർ ഡി ക്രൂ വ്യാഴാഴ്ച വ്യക്തമാക്കി.
ആഗോള വളം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാർഷിക മേഖലയെ തകർത്തു. ഇത് ഈ വർഷത്തെ വിളവെടുപ്പിനെ സാരമായി ബാധിക്കും.
എട്ടു ആഴ്ച നീണ്ട യുദ്ധം ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 0.5 മുതൽ 0.8 ശതമാനം വരെ ഇല്ലാതാക്കി കഴിഞ്ഞു. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത നേട്ടങ്ങൾ വെറും എട്ടു ആഴ്ച കൊണ്ട് തകർന്നടിയുകയാണെന്ന് ഡി ക്രൂ ചൂണ്ടിക്കാട്ടി.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത്, സൊമാലിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിൽ മുന്നിലുള്ളതെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) അറിയിച്ചു. കാരണം പല രാജ്യങ്ങളിലും മരുന്നുകളുടെ വില നാലിരട്ടിയോളം വർദ്ധിച്ചു. ഇന്ധനക്ഷാമം വിമാന യാത്രാ മേഖലയെയും വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യുദ്ധം നാളെ അവസാനിച്ചാൽ പോലും ഇതിനോടകം ഉണ്ടായ ആഘാതം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിടുമെന്നും, മാനുഷിക സഹായ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നും യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.










