
വാഷിങ്ടൻ / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അവസാനിക്കുന്നു. അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ഒപ്പുവച്ചു. ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടന്ന അത്താഴവിരുന്നിനിടെയാണ് കരാറിൽ ഒപ്പുവെച്ചതെന്ന് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥരും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സമാധാന കരാർ നിലവിൽ വന്നതായി സ്ഥിരീകരിച്ചു.
കരാർ ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ കരാർ പൂർണമായി മാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇറാൻ നേതൃത്വം വിവേകത്തോടെ പ്രവർത്തിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാറിന്റെ അന്തിമരേഖയിൽ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവെച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ അറിയിച്ചു. ഇനി കരാറിലെ വ്യവസ്ഥകൾ എത്രത്തോളം ഫലപ്രദമായി നടപ്പിലാകുന്നുവെന്ന് വിലയിരുത്തേണ്ട ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച ജനീവയിൽ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ചർച്ചകൾ മുൻ നിശ്ചയപ്രകാരം തുടരും. കരാർ ഒപ്പുവെച്ചതിനെ തുടർന്ന് അടുത്ത 60 ദിവസത്തിനകം അന്തിമ വ്യവസ്ഥകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി നടപ്പാക്കൽ നടപടികൾക്ക് രൂപം നൽകാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇതിനുമുമ്പ് കരാറിലെ പ്രധാന വ്യവസ്ഥകൾ യുഎസ് പരസ്യപ്പെടുത്തിയിരുന്നു.
കരാറിലെ പ്രധാന വ്യവസ്ഥകൾ:
- ലബനനടക്കം എല്ലാ വിഭാഗങ്ങളും സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കും.
- 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം.
- ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും.
- ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം.
- ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
- ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
- ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും.










