
ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. അൽ ജസീറ ചാനലിലെ 'വാട്ട് ഈസ് ഹിഡൻ ഈസ് ഗ്രേറ്റർ' എന്ന ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിലൂടെയാണ് ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഖത്തറിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 'ഓൺ ദി ഫ്രണ്ട് ലൈൻ' (On the Front Line) എന്ന പേരിൽ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്.ഖത്തറിലെ വിവിധ താമസ മേഖലകളിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ നീക്കമെന്ന് ഇത് വ്യക്തമാക്കുന്നു.ഖത്തറിൻ്റെ അതിവേഗ മുന്നറിയിപ്പ് സംവിധാനത്തിൻ്റെ (Early Warning System) ഭാഗമായ തന്ത്രപ്രധാന റഡാർ ആസ്ഥാനം ഇറാനിയൻ ഡ്രോണുകൾ തകർത്തതിൻ്റെ ദൃശ്യങ്ങളും റിപ്പോർട്ടിലുണ്ട്. രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനത്തെ തളർത്താനായിരുന്നു ഈ നീക്കം.അൽ ഉദൈദ് വ്യോമതാവളത്തിൽ ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതിൻ്റെ ദൃശ്യങ്ങളും അൽ ജസീറ പുറത്തുവിട്ടു. എന്നാൽ ഈ താവളത്തിൽ നിന്ന് ഇറാനെതിരെ അമേരിക്കൻ സൈന്യം യാതൊരുവിധ പോരാട്ടമോ ലോജിസ്റ്റിക്സ് സഹായമോ നൽകിയിട്ടില്ലെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഖത്തറിൻ്റെ ഊർജ്ജ മേഖലയുടെ ഹൃദയഭാഗമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവന്നു. ഈ ആക്രമണം കാരണം രാജ്യത്തിൻ്റെ കയറ്റുമതി ശേഷിയിൽ 17 ശതമാനത്തിൻ്റെ കുറവുണ്ടാവുകയും വൻ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു.ഇറാൻ്റെ ആക്രമണങ്ങളിൽ 90 ശതമാനത്തിലധികവും ഖത്തറിൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുവെന്ന് സായുധ സേനാ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് മിസ്ഫർ അൽ ഹജ്രി അറിയിച്ചു.
ഇറാൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്നും ഖത്തറിനെ ലക്ഷ്യമിടാൻ അവർ കണ്ടെത്തിയ ന്യായങ്ങൾ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ആവർത്തിച്ചു. ഊർജ്ജ മേഖലയ്ക്ക് വലിയ ആഘാതം നേരിട്ടിട്ടുണ്ടെങ്കിലും അത് രാഷ്ട്രീയ സമ്മർദ്ദത്തിന് ഖത്തർ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.











