10:22pm 18 April 2026
NEWS
ΔO_BSOH>0 ⇒ f(f(O))>f(O): അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ നി​ഗൂഢ സമവാക്യം
13/04/2026  12:18 PM IST
nila
ΔO_BSOH>0 ⇒ f(f(O))>f(O): അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ നി​ഗൂഢ സമവാക്യം

ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് രംഗത്തെത്തി. സാധാരണ രാഷ്ട്രീയ വിമർശനങ്ങളിലൊതുങ്ങാതെ, ഒരു ‘ഗണിത സമവാക്യം’ ആണ് മുഹമ്മദ് ബാഗെർ ഘാലിബാഫ് ഇക്കുറി അമേരിക്കക്കെതിരെ ആയുധമാക്കിയത്.

ΔO_BSOH>0 ⇒ f(f(O))>f(O) എന്ന സമവാക്യമാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എക്സിൽ കുറിച്ചത്. തൊട്ടുപിന്നാലെ തന്നെ ഈ സമവാക്യത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി. ‘സ്യൂഡോ-മാത്തമാറ്റിക്കൽ’ ശൈലിയിലുള്ള ഈ സമവാക്യം, ട്രോളുകളും ടെക് സമൂഹങ്ങളും ഉപയോഗിക്കുന്ന ഒരു പരിഹാസഭാഷയായി പലരും വ്യാഖ്യാനിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്ന വൻ തകർച്ചയെകുറിച്ച് മുഹമ്മദ് ബാഗെർ ഘാലിബാഫ് നൽകുന്ന മുന്നറിയിപ്പാണ് ഈ സമവാക്യമെന്നും ചൂണ്ടിക്കാട്ടുന്നു. 

എന്താണ് ഈ നി​ഗൂഢ സമവാക്യം

ΔO_BSOH>0 ⇒ f(f(O))>f(O) എന്താണെന്ന ചർച്ചകളാണ് ഇപ്പോൾ സൈബറിടങ്ങളിൽ നടക്കുന്നത്. 'മണ്ടത്തരം കൂടുന്തോറും കൂടുതൽ കുഴപ്പത്തിലാകുന്നു' എന്നോ അല്ലെങ്കിൽ സമാനമായ തമാശകൾ പറയാനോ ചില ട്രോൾ ഗ്രൂപ്പുകളിലും ടെക് സൗഹൃദ കൂട്ടായ്മകളിലും ഇത്തരം "സ്യൂഡോ-മാത്തമാറ്റിക്കൽ" കോഡുകൾ ഉപയോഗിക്കാറുണ്ടത്രെ.

ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ തീവ്രത വർദ്ധിച്ചാൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ സാധാരണ വർദ്ധനവിനേക്കാൾ ഉപരിയായി ഒരു 'കോംപൗണ്ടിങ് ഇഫക്റ്റ്' അഥവാ അതിവേഗത്തിലുള്ള വർദ്ധനവ് ($f(f(O))$) ഉണ്ടാക്കുമെന്നാണ് ഇതിനർഥം എന്ന് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. വിതരണ ശൃംഖല തടസ്സപ്പെടുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്നും, ആദ്യത്തെ ആഘാതം രണ്ടാമതൊരു വലിയ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ ഇതിലൂടെ മുന്നറിയിപ്പ് നൽകുന്നു.

'ഈ വില ഇനി സ്വപ്നങ്ങളിൽ മാത്രം' വൈറ്റ് ഹൗസിന് സമീപമുള്ള പെട്രോൾ പമ്പുകളിലെ നിലവിലെ നിരക്കുകളുടെ സ്ക്രീൻഷോട് പങ്കുവെച്ചുകൊണ്ടായിരുന്നു ഘാലിബാഫിന്റെ പോസ്റ്റ്. നിലവിൽ ഗാലന് 4 മുതൽ 5 ഡോളർ വരെയാണ് അമേരിക്കയിലെ ഇന്ധനവില.'നിലവിലെ പമ്പ് നിരക്കുകൾ ആസ്വദിച്ചോളൂ. ഈ ഉപരോധം തുടങ്ങുന്നതോടെ 4-5 ഡോളർ നിരക്കിനെ നിങ്ങൾ മിസ് ചെയ്യാൻ തുടങ്ങും. ആ പഴയ വിലയോർത്ത് നിങ്ങൾ നൊസ്റ്റാൾജിക് ആകും,' ഘാലിബാഫ് കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img