
ടെഹ്റാൻ: അമേരിക്കയുടെ ഭാഗത്തുനിന്ന് ആണവാക്രമണമുണ്ടായേക്കുമെന്ന ആശങ്കകൾക്കിടെ രാജ്യത്തെ പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടം. ആണവസ്ഫോടനമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും വിശദീകരിക്കുന്ന നിർദ്ദേശങ്ങൾ ദേശീയ ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തു.
സ്ഫോടനത്തിന്റെ അതിശക്തമായ വെളിച്ചത്തിലേക്ക് നേരിട്ട് നോക്കരുതെന്നാണ് പ്രധാന നിർദ്ദേശം. സ്ഫോടനം അനുഭവപ്പെട്ടാൽ ഉടൻതന്നെ സമീപത്തുള്ള മറവിനു പിന്നിൽ തലയും മുഖവും സംരക്ഷിച്ച് നിലത്ത് കമിഴ്ന്നു കിടക്കണം. സ്ഫോടനത്തെ തുടർന്നുണ്ടാകുന്ന ആഘാതതരംഗം കടന്നുപോയശേഷം അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്. വാഹനങ്ങൾ, ജനാലകൾ, കെട്ടിടങ്ങളുടെ പുറംചുവരുകൾ എന്നിവയ്ക്ക് സമീപം അഭയം തേടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്ഫോടനത്തിനു പിന്നാലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കാതെ ശരീരത്തിലെ തുറന്നുകാണുന്ന ഭാഗങ്ങൾ സോപ്പും ചെറുചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നനഞ്ഞ വൈപ്പുകളോ വെള്ളമോ ഉപയോഗിച്ച് ചർമ്മഭാഗങ്ങൾ തുടയ്ക്കാം. കുടിവെള്ളവും പായ്ക്കറ്റ് ഭക്ഷണവും മുൻകൂട്ടി കരുതണമെന്നും കുറഞ്ഞത് 24 മണിക്കൂറെങ്കിലും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 24 മണിക്കൂർ പിന്നിട്ടതുകൊണ്ടുമാത്രം അപകടം ഒഴിഞ്ഞെന്ന് കരുതരുത്. ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നതുവരെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു.
ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മർദത്തെത്തുടർന്ന് വരും ദിവസങ്ങളിൽ അമേരിക്ക ഇറാനെതിരെ ആണവാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുതിർന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ എക്സിൽ കുറിച്ചിരുന്നു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചതായി ആരോപിക്കപ്പെടുന്ന ആക്സ് പർവ്വതനിരയാണ് ആക്രമണത്തിന്റെ ലക്ഷ്യമാകാൻ സാധ്യതയെന്നും ഏകദേശം 100 മീറ്റർ ഉയരമുള്ള ഈ കേന്ദ്രത്തിന്റെ പ്രതിരോധം തകർക്കാൻ ആണവാക്രമണം മാത്രമാണ് മാർഗമെന്നും കാൾസൺ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത്തരമൊരു ആക്രമണപദ്ധതിക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
അതിനിടെ, നയതന്ത്ര ചർച്ചകൾക്കും സാധ്യത നിലനിൽക്കുന്നുണ്ട്. സമാധാന കരാറിലെത്തുന്നതിനായി ദോഹയിൽ ഖത്തറുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. എന്നാൽ, ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.










