06:49pm 20 July 2026
NEWS
ജോർദാനിലെ യു.എസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു
19/07/2026  07:19 AM IST
nila
ജോർദാനിലെ യു.എസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായതായും നാല് പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഇറാന്റെ മിസൈലുകളും ഡ്രോണുകളും തടയാനുള്ള പ്രതിരോധ നടപടികളിൽ ഏർപ്പെട്ടിരിക്കെയാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് യു.എസ് സൈന്യം വ്യക്തമാക്കുന്നത്. പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുകളില്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചിലർക്ക് സൈനിക താവളത്തിൽ തന്നെ ചികിത്സ നൽകി.

മരിച്ച സൈനികരുടെ പേരുവിവരങ്ങൾ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ച ശേഷമേ പുറത്തുവിടുകയുള്ളൂവെന്ന് യു.എസ് സൈന്യം അറിയിച്ചു.

ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം, ജൂൺ 27 മുതൽ ജൂലൈ 18 വരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.

ജോർദാനിലെ യു.എസ് താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും നശിപ്പിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ അവകാശവാദം യു.എസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img