
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ ഒരു വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിളവൂർക്കൽ പൊറ്റയിൽ അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ട ഇവാന (അന്ന)യുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ക്രിസ്റ്റി (29) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിളവൂർക്കൽ ഗവ. ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ ക്രിസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യംചെയ്തതിനു ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ.
ഭർത്താവ് അഭിജിത്തുമായും ഭർത്താവിന്റെ കുടുംബാംഗങ്ങളുമായുമുണ്ടായിരുന്ന പ്രശ്നങ്ങളാണ് മകളെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് ക്രിസ്റ്റി പൊലീസിന് നൽകിയ പ്രാഥമിക മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു തീരുമാനമെന്നും മൊഴിയിലുണ്ട്. അതേസമയം, മൊഴിയുടെ വിശ്വാസ്യത ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
ക്രിസ്റ്റിക്ക് നേരത്തെ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കും. ഇതിനായി ആവശ്യമായ വൈദ്യപരിശോധനകളും നടത്തും. കൊലപാതകം നടന്ന വീട്ടിൽ ഫൊറൻസിക് പരിശോധനയും ഉടൻ ആരംഭിക്കും.
ഇന്നലെ വൈകിട്ട് 3.30ഓടെയാണ് വിളവൂർക്കൽ പൊറ്റയിൽ ദാരുണ സംഭവം നടന്നത്. സംഭവസമയത്ത് ക്രിസ്റ്റിയും മകൾ ഇവാനയും കൂടാതെ അഭിജിത്തിന്റെ ബന്ധുക്കളായ നേശമ്മയും ജസീന്തയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ക്രിസ്റ്റിയുടെ അസാധാരണമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നേശമ്മയും ജസീന്തയും മുറിയിൽ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവാനയെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ കുട്ടിയെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്ത് ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. സംഭവദിവസം തന്നെ ഇവരുടേത് നാലാം വിവാഹവാർഷികവുമായിരുന്നു.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ക്രിസ്റ്റി പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുളിക കഴിച്ചതായാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ചികിത്സ പൂർത്തിയായ ശേഷം വിശദമായ ചോദ്യംചെയ്യലിലൂടെ സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും കൂടുതൽ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.










