11:52am 02 September 2026
NEWS
അഞ്ചുവയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
01/09/2026  07:37 PM IST
nila
അഞ്ചുവയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പൊലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പാനൂരിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആസാദ്, കുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ തക്കംനോക്കി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മ തിരിച്ചെത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു. അമ്മ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തേക്ക് എത്തിയെങ്കിലും ഇതിനിടെ പ്രതി രക്ഷപ്പെട്ടു.

തുടർന്ന് കുട്ടിയുടെ അമ്മ പാനൂർ പൊലീസിൽ പരാതി നൽകി. പ്രദേശവാസികൾക്ക് പ്രതിയെ നേരത്തെ പരിചയമുണ്ടായിരുന്നതിനാൽ ലഭിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

അന്വേഷണത്തിനിടെ ആസാദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ട്രെയിൻ മാർഗം ഇയാൾ കേരളം വിട്ടതായി വ്യക്തമായതോടെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

രത്നഗിരിയിൽ ഇറങ്ങിയതായി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നതിനാൽ പ്രതിയുടെ നീക്കം കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. ഒടുവിൽ രത്നഗിരിയിലെത്തിയ പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസാദ് പിടിയിലായത്.

പ്രതിയെ പാനൂരിലെത്തിച്ച് തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img