11:00pm 02 July 2026
NEWS
സ്വർണവില കൂപ്പുകുത്തുമോ എന്ന് ആശങ്ക; സ്വർണം വിറ്റ് കാശാക്കാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം; മൂന്നു മാസത്തിനിടെ വിപണിയിലെത്തിയത് 50 ടൺ പഴയ സ്വർണം
02/07/2026  08:47 AM IST
nila
സ്വർണവില കൂപ്പുകുത്തുമോ എന്ന് ആശങ്ക; സ്വർണം വിറ്റ് കാശാക്കാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം; മൂന്നു മാസത്തിനിടെ വിപണിയിലെത്തിയത് 50 ടൺ പഴയ സ്വർണം

കൊച്ചി: സ്വർണവിലയിലെ ചാഞ്ചാട്ടം രാജ്യത്തെ സ്വർണവിപണിയിൽ പുതിയ പ്രവണതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വില വീണ്ടും താഴെയിറങ്ങുമെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ പഴയ സ്വർണാഭരണങ്ങൾ വിറ്റഴിച്ച് ലാഭം ഉറപ്പാക്കുകയാണ്. ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ (ഐ.ബി.ജെ.എ.) കണക്കുകൾ പ്രകാരം, 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് ഏകദേശം 50 ടൺ പഴയ സ്വർണം വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 43 ശതമാനം കൂടുതലാണ്.

2024-ൽ പവൻവില 50,000 രൂപയ്ക്ക് താഴെയായിരുന്ന സാഹചര്യത്തിൽ വാങ്ങിയ ആഭരണങ്ങളാണ് ഇപ്പോൾ പല കുടുംബങ്ങൾക്കും മികച്ച ലാഭം സമ്മാനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും മൂലം 2026 ജനുവരി 9-ന് പവൻവില 1,31,160 രൂപ എന്ന റെക്കോർഡിലെത്തിയിരുന്നു. ഇതോടെ വർഷങ്ങളായി കൈവശം സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ മൂല്യം കുത്തനെ ഉയർന്നു.

എന്നാൽ അടുത്തിടെ സ്വർണവിലയിൽ ഉണ്ടായ ഇടിവ് വിൽപ്പനയ്ക്ക് കൂടുതൽ ആക്കം കൂട്ടി. മേയ് 31-ന് 1,15,160 രൂപയായിരുന്ന പവൻവില ജൂലൈ ഒന്നിന് 1,04,320 രൂപയായി കുറഞ്ഞു. ഒരുമാസത്തിനിടെ 10,840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാൻ–അമേരിക്ക സംഘർഷം, അന്താരാഷ്ട്ര സ്വർണവിപണിയിലെ ചാഞ്ചാട്ടം, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ എന്നിവയാണ് വിലയിലെ മാറ്റങ്ങൾക്ക് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ.

പവൻവില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് താഴെയെത്താൻ സാധ്യതയുണ്ടെന്ന ആശങ്കയും പഴയ ആഭരണങ്ങൾ വിറ്റഴിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം, റെക്കോർഡ് ഉയർച്ചയ്ക്കുശേഷമുള്ള സ്വാഭാവിക വിലതിരുത്തലാണ് ഇപ്പോഴത്തെ ഇടിവെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ഇതിനിടെ, രാജ്യത്തെ സ്വർണ ഇറക്കുമതിയിലും കുറവ് രേഖപ്പെടുത്തി. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം മേയ് മാസത്തിൽ 1,200 കോടി ഡോളർ മൂല്യമുള്ള സ്വർണമാണ് ഇറക്കുമതി ചെയ്തത്. തുടർച്ചയായ മൂന്നാം മാസമാണ് ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യ 7,240 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. പഴയ സ്വർണം വീണ്ടും വിപണിയിലെത്തുന്നത് ഇറക്കുമതി ആശ്രയം കുറയ്ക്കാനും വിദേശനാണയച്ചെലവ് നിയന്ത്രിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img