
ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. തെരഞ്ഞെടുത്ത റൂട്ടുകളിലെ വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവാണ് എയർലൈൻ ലഭ്യമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 8 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ഈ ആനുകൂല്യത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഓഗസ്റ്റ് 15 മുതൽ 2027 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക ഉൾപ്പെടെ ലോകമെമ്പാടുമുള്ള 160-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേസിന്റെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി യാത്ര ആസൂത്രണം ചെയ്യാൻ യാത്രക്കാർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ടിക്കറ്റ് നിരക്കിലെ ഇളവിനു പുറമെ, മുൻകൂട്ടി ഓൺലൈനായി അധിക ലഗേജ് (Extra Baggage) ബുക്ക് ചെയ്യുന്നവർക്ക് 55 ശതമാനം വരെ സാമ്പത്തിക ലാഭവും ലഭിക്കും.
ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് ഓഗസ്റ്റ് 8 മുതൽ 15 വരെയുള്ള തീയതികളിൽ 'QRINPC' എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ഇരട്ടി വരെ അവിയോസ് (Avios) നേടാനും അവസരമുണ്ട്. വിമാനങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള സൗജന്യ സ്റ്റാർലിങ്ക് വൈഫൈ സേവനവും സ്വാതന്ത്ര്യദിന കാമ്പയിന്റെ ഭാഗമായി ഖത്തർ എയർവേസ് മുന്നോട്ടുവെക്കുന്നു. ഓഫറുകൾ ലഭ്യതയ്ക്ക് വിധേയമാണെന്നും എയർലൈൻ വ്യക്തമാക്കി











