
ലാഹോർ: ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിന് നേരെ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാന്റെ സ്ഥിരീകരണം. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ആക്രമണത്തെ തുടർന്ന് സൈനിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചുവെന്നും താവളത്തിൽ ഉണ്ടായിരുന്ന ചില സൈനികർക്ക് പരുക്കേറ്റുവെന്നും വർഷാവസാന വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
36 മണിക്കൂറിനിടെ ഇന്ത്യ പാകിസ്ഥാനിലേക്ക് വലിയ തോതിൽ ഡ്രോണുകൾ അയച്ചതായും, അതിർത്തി കടന്നെത്തിയ കുറഞ്ഞത് 80 ഡ്രോണുകളിൽ 79 എണ്ണം പാകിസ്ഥാൻ സൈന്യം തടഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഒരു ഡ്രോൺ സുരക്ഷാവലയം ഭേദിച്ച് സൈനിക കേന്ദ്രത്തിൽ പതിച്ചതായും അതാണ് പരുക്കുകൾക്ക് കാരണമായതെന്നും ദാർ കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ മേയ് 9-ന് രാത്രി അടിയന്തര യോഗം ചേർന്നതായി ഇഷാഖ് ദാർ അറിയിച്ചു. നൂർ ഖാൻ വ്യോമതാവളത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇന്ത്യയുടെ ഗുരുതരമായ പിഴവാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണം നടന്നുവെന്ന കാര്യം ഷഹബാസ് ഷെരീഫിന്റെ പ്രതികരണവും സ്ഥിരീകരിക്കുന്നതാണെന്ന് ദാർ പറഞ്ഞു.











