11:57am 24 November 2026
NEWS
കർണാടകയിലെ ആശാ വർക്കർമാരുടെ അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക്; 20 പേർ ആശുപത്രിയിൽ.
24/11/2026  11:11 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകയിലെ ആശാ വർക്കർമാരുടെ അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക്; 20 പേർ ആശുപത്രിയിൽ


ബെംഗളൂരു:   മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർണാടകയിലെ ആശാ (ASHA) വർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ സമരവേദിയിൽ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സമരം നടത്തുന്ന 20 ആശാ പ്രവർത്തകരെ വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത പനി, ശ്വാസതടസ്സം, ആസ്ത് മ , ഓക്കാനം, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെയാണ് മല്ലേശ്വരത്തെ കെ.സി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് സെന്ററിന്റെ (AIUTUC) കീഴിലുള്ള ആശാ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാമ ടി.സി.യാണ് ഇക്കാര്യം അറിയിച്ചത്.
ദീർഘകാലമായി ഉന്നയിക്കുന്ന വേതനവർധന ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് നവംബർ 17ന് ആശാ വർക്കർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം നൽകുക, കുടിശ്ശികയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, മറ്റ് ക്ഷേമപദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
2025 ജനുവരിയിൽ നാല് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിമാസ ഓണറേറിയം 10,000 രൂപയായി ഉയർത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സമരം പിൻവലിച്ചത്. എന്നാൽ വാഗ്ദാനം പൂർണമായി നടപ്പാക്കിയില്ലെന്നാണ് ആശാ പ്രവർത്തകരുടെ ആരോപണം.
ആരോഗ്യമന്ത്രി യു.ടി. ഖാദറുമായി നടത്തിയ ചർച്ചയിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ആവശ്യങ്ങൾ മന്ത്രിസഭയിൽ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സമരം അവസാനിപ്പിക്കണമെന്ന് തൊഴിലാളികളോട് അഭ്യർഥിച്ചു.
എന്നാൽ വ്യക്തമായ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യരംഗത്ത് നിർണായക പങ്കുവഹിക്കുന്ന ആയിരക്കണക്കിന് ആശാ പ്രവർത്തകരുടെ സമരം നീളുന്നത് ആരോഗ്യവകുപ്പിനും സർക്കാരിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img