12:04pm 06 November 2026
NEWS
തടവുശിക്ഷ രാഷ്ട്രീയ ക്രിമിനലുകളുടെ സുഖവാസത്തിനോ?
17/02/2025  08:58 PM IST
ചെറുകര സണ്ണീലൂക്കോസ്
തടവുശിക്ഷ രാഷ്ട്രീയ ക്രിമിനലുകളുടെ സുഖവാസത്തിനോ?

'ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ജയിൽ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ' എന്ന വാർത്ത കണ്ട് അമ്പരപ്പ് തോന്നാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ ആഭ്യന്തരവകുപ്പ് ഇത്ര നീതിപൂർവ്വകമായൊക്കെ നടപടിയെടുക്കുമോ എന്നായിരുന്നു എല്ലാവർക്കും അതിശയം. ആഭ്യന്തര വകുപ്പിൽ അധികാരമുള്ള രാഷ്ട്രീയപ്പാർട്ടിയുടെ ഗുഡ്ബുക്കിലുള്ള പണക്കാരനല്ല ബോബി ചെമ്മണ്ണൂർ എന്നത് പ്രത്യേകിച്ച് ആഭ്യന്തര ഭരണത്തിന്റെ മേലാളർക്ക് പണ്ടേ ഈ സ്വർണ്ണക്കടക്കാരന്റെ ചേഷ്ടകളൊന്നും ഇഷ്ടമല്ലെന്നത് നാട്ടുകാർക്കറിയില്ലല്ലോ. പോരെങ്കിൽ പരാതിക്കാരി  അറിയപ്പെടുന്ന ഒരു സിനിമാനടിയായതുകൊണ്ട് കർശനനടപടിയെടുത്താൽ മറ്റുപല വിഷയങ്ങളിലും പരാതിയും പരിഭവവുമുള്ള സിനിമാനടിമാരെ കുറച്ചെങ്കിലും ആശ്വസിപ്പിക്കാം എന്നും കരുതിയിട്ടുണ്ടാവണം.

എന്തായാലും ചെയ്ത നടപടി അഭിനന്ദനാർഹം തന്നെ. നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപക്കേസിൽ ബോബി എറണാകുളം ജില്ലാ ജയിലിലായിരുന്നപ്പോൾ മധ്യമേഖലാ ജയിൽ ഡി.ഐ.ജി പി. അജയകുമാറും ജയിൽ സൂപ്രണ്ട് രാജു എബ്രഹാമും വഴിവിട്ട് സഹായം ചെയ്തതായി ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജി എം.കെ. വിനോദ്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ റിപ്പോർട്ട് ജയിൽവകുപ്പ് മേധാവി ആഭ്യന്തരവകുപ്പു സെക്രട്ടറിക്ക് കൈമാറിയതിനെ തുടർന്നായിരുന്നു നടപടി.

ബോബി റിമാൻഡിലായിരുന്നപ്പോൾ ബോബിയുടെ സുഹൃത്തുക്കളേയും കൂട്ടി മധ്യമേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ ജയിലിലെത്തി. അപേക്ഷ നൽകാതെയും, ഗേറ്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്താതെയും സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചുവരുത്തി. ജയിൽചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ട് മണിക്കൂർ കൂട്ടുകാരുമൊത്ത് സൂപ്രണ്ടിന്റെ മുറിയിൽ ചെലവഴിക്കാൻ അവസരം നൽകി. ജയിലിൽ നിന്ന് ഫോൺ വിളിക്കുന്നതിന് ഡി.ഐ.ജി ചട്ടവിരുദ്ധമായി 200 രൂപ ബോബിക്ക് കൈമാറി. ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തി. സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരന് ശുചിമുറി സൗകര്യം നൽകി. ഇക്കാര്യങ്ങളെല്ലാം വിനോദ്കുമാർ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.

ഡി.ഐ.ജി എത്തിയത് ബോബി ചെമ്മണ്ണൂരിന്റെ കാറിൽ. ഒപ്പമുണ്ടായിരുന്നവരിലൊരാൾ തൃശൂരിലെ പവ്വർ ബ്രോക്കർ. ഈ വാഹനത്തിലിരുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓൺ ലൈൻ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തത്രേ. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചതെങ്കിൽ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാജയിലിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്ന് സംഘം വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.

എന്തുകൊണ്ട് ഇത്ര ഉയർന്ന ഉദ്യോഗസ്ഥനും മറ്റും ഇത്ര മറയില്ലാതെ പെരുമാറി എന്ന് കേൾക്കുന്നവർക്ക് തോന്നാം. ഇങ്ങനെയൊക്കെ നടക്കുന്നത് കേരളത്തിലെ ജയിലുകളിൽ പതിവായതുകൊണ്ട് എന്നതുമാത്രമാണതിന് ഉത്തരം.

2024 ജൂണിൽ ചില ജയിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നേരിട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് 2024 ജൂൺ 17 ന് മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തത്. 90 ദിവസത്തിനപ്പുറം സസ്‌പെൻഷൻ നീട്ടാറില്ലെന്നിരിക്കെ 6 മാസമായിട്ടും തിരിച്ചെടുക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ ജയിൽ വകുപ്പുമേധാവിക്ക് തിരിച്ചെടുക്കണമെന്നഭ്യർത്ഥിച്ച് അപേക്ഷ സമർപ്പിച്ചു. ജയിൽ ഡി.ജി.പി ഈ അപേക്ഷ സർക്കാരിന് കൈമാറി.

ആഭ്യന്തരവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അഭിപ്രായം തേടി. പിന്നെ സംഭവിച്ചത്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയിൽ ഡി.ഐ.ജി ബൽറാം കുമാർ ഉപാധ്യായയ്ക്ക് ഇവർക്കെതിരെ കൂടുതൽ കടുത്ത ശിക്ഷാനടപടിയെടുത്തു റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടു കത്തുനൽകി എന്നതായിരുന്നു. അങ്ങനെ ഇവരുടെ ഇൻക്രിമെന്റും സ്ഥാനക്കയറ്റവും എല്ലാം വെള്ളത്തിലായി. ഇതിനുമാത്രം കടുത്ത മഹാപരാധം അവരെന്താണ് ചെയ്തതെന്ന് അറിയുമ്പോഴാണ് നമ്മുടെ ജയിലുകൾ ആരുടെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാവുക.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തായതിന്റെ പേരിൽ മാത്രമാണ് ഈ ഉദ്യോഗസ്ഥർ സർക്കാരിന്റെ പ്രതികാരനടപടികൾ നേരിടുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ അർഹരായവർക്ക് 15 ദിവസം മുതൽ ഒരു വർഷം വരെ പ്രത്യേക ഇളവു നൽകാൻ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കി നൽകാൻ 2024 ജൂൺ 3 ന് ആഭ്യന്തരവകുപ്പ് ജയിൽ വകുപ്പിന് കത്ത് നൽകി. കണ്ണൂർ ജയിലിലാണ് പട്ടിക തയ്യാറാക്കിയത്. 188 പേരുടെ പട്ടിക ജൂൺ 13 ന് കമ്മീഷണർക്ക് അയച്ചു.

ഈ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സജിത്ത് എന്നിവരുടെ പേരുകൾ തിരുകിക്കയറ്റി. തുടർന്ന് പട്ടികയിൽ പോലീസ് റിപ്പോർട്ട് തേടി സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകി. അഡീഷണൽ ലോ സെക്രട്ടറി ചെയർമാനും, ആഭ്യന്തര അണ്ടർ സെക്രട്ടറി കൺവീനറും ജയിൽ ഡി.ഐ.ജി അംഗവുമായുള്ള 2 പരിശോധനാ സമിതികളെയാണ് ശിക്ഷാ ഇളവ് പരിശോധിക്കാൻ ചുതമലപ്പെടുത്തിയിരുന്നത്.

14 വർഷത്തിലധികം ശിക്ഷ അനുഭവിച്ചാൽ ജീപര്യന്തക്കാരെ വിട്ടയയ്ക്കാൻ സർക്കാരിനധികാരം ഉണ്ട്. നിലവിൽ 10 വർഷം ശിക്ഷയനുഭവിച്ച പ്രതികൾക്ക് ഒരു വർഷത്തെ ഇളവുകൂടി ലഭിച്ചാൽ ഈ ആനുകൂല്യത്തിൽ പുറത്തിറങ്ങാനാവും. എന്നാൽ ടി.പി കേസ് പ്രതികളായ രജീഷും, ഷാഫിയും, ഉൾപ്പെടെ 9 പ്രതികൾക്ക് 26 വർഷം ജയിൽ ശിക്ഷയനുഭവിക്കാതെ ഇളവ് അനുവദിക്കരുത് എന്ന് ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജീഷും ഷാഫിയും ഉൾപ്പെടെ 6 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയുമായിരുന്നു.

സാധാരണ നിലയ്ക്ക് കണ്ണൂർ ജയിൽ സൂപ്രണ്ട് പട്ടിക നേരെ മേലധികാരിക്ക് സമർപ്പിക്കുകയാണ് വേണ്ടത്. എന്നാൽ പട്ടികയിൽ അർഹതയില്ലാത്ത 3 പേരെ മുകളിൽ നിന്നുള്ള സമ്മർദ്ദത്താൽ ഉൾപ്പെടുത്തേണ്ടി വന്നതുകൊണ്ടാണ് ജയിലിൽ നിന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയതും റിപ്പോർട്ട് നേടിയതും.

ഇതിനിടെയാണ് പോലീസ് കമ്മീണർക്ക് നൽകിയ കത്തും പട്ടികയും പുറത്തായത്. ശിക്ഷായിളവ് നൽകാനുള്ളവരുടെ പട്ടികയിൽ പോലീസിന്റെ റിപ്പോർട്ട് തേടിയത് കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണെന്നായിരുന്നു ജയിൽവകുപ്പ് തലപ്പത്തുള്ളവരുടെ കുറ്റപ്പെടുത്തൽ. അതേപോലും അങ്ങനെ നൽകിയ കത്തും പട്ടികയും പുറത്തായതിലുള്ള ഭരണത്തിലെ രാഷ്ട്രീയനേതൃത്വത്തിന്റെ അമർഷവും പ്രതികാര നടപടിയുമാണ് ജയിൽ ഉദ്യോഗസ്ഥർ അനുഭവിക്കേണ്ടി വന്നത്.

ലോക്‌സഭാ ഇലക്ഷനിലുണ്ടായ കനത്ത പരാജയത്തിന് ശേഷം പരാജയത്തിനിടയാക്കിയ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ച് 48 മണിക്കൂർ തികയുന്നതിന് മുമ്പാണ് ടി.പി. കേസ് പ്രതികൾക്ക് വളഞ്ഞവഴിയിൽ ശിക്ഷാ ഇളവുനൽകാനുള്ള നീക്കം പുറത്തുവന്നത്.

നീക്കം വൻവിവാദമായതിനെത്തുടർന്ന്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് അർഹരായ തടവുകാർക്ക് പ്രത്യേക ഇളവ് നൽകാനുള്ള സമിതികളുടെ പ്രവർത്തനം തന്നെ സർക്കാർ മരവിപ്പിച്ചിരുന്നു. ആയിരത്തിലധികം അർഹരായ തടവുകാർക്കാണ് നിഷേധിക്കപ്പെട്ടത്.

ടി.പി കേസിലെ തടവുകാർ സർക്കാരിനും സി.പി.എം നും ഏറ്റവും വേണ്ടപ്പെട്ടവരാണെന്നാണ് ജയിൽ വകുപ്പിലെ മിക്കവാറും ഉന്നത ഉദ്യോഗസ്ഥർ കരുതുന്നത്. വഴിവിട്ട് ശിക്ഷ ഇളവിന് നടത്തിയ നീക്കം പരാജയപ്പെട്ടെങ്കിലും സി.പി.എംനുവേണ്ടി കൊലപാതകം നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന പ്രതികൾക്ക് വാരിക്കോരി പരോളുനൽകുന്നതും നിരന്തരം വാർത്തയാണ്. ജയിലിൽ ആവശ്യത്തിന് സ്വാതന്ത്ര്യവും ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം സി.പി.എം അനുഭാവികളായ പ്രതികൾക്ക് എപ്പോഴും ലഭ്യമായിരുന്നു.

അടുത്തിടെ പരോൾ ലഭിച്ച കൊടി സുനി 2018 ൽ പരോൾ ലഭിച്ചപ്പോൾ സ്വർണ്ണക്കടത്തുമായി വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെ തവണ കൊടിസുനി പ്രശ്‌നങ്ങൾ ഉണ്ടാക്കി. 2018 ൽ 60 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചത്. പരോളിനിടെയാണ് കിർമാണി മനോജിനെ ലഹരി പാർട്ടി നടത്തിയതിന് പിടികൂടിയത്. കൊടി സുനി ഒഴികെ ടി.പി. കേസിലെ മറ്റ് പ്രതികൾക്ക് എല്ലാം 2020 ൽ അനുവദിച്ച സ്‌പെഷ്യൽ കൊറോണ അവധി 290 ദിവസം ലഭിച്ചിരുന്നു.

2013 നവംബർ അഞ്ചിന് വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷ ബ്ലോക്കിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തെ കാട്ടുണ്ണി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായി. പ്രിസൺ ഓഫീസർ അടക്കം മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ഗാർഡ് ഓഫീസിലെ മേശ, കസേര, ജയിൽവളപ്പിലെ ടെലിഫോൺ ബൂത്ത് തുടങ്ങിയവയെല്ലാം തകരുകയും ചെയ്തു. സംഭവത്തിൽ ജയിലധികൃതർ വിയ്യൂർ പോലീസിന് പരാതി നൽകി. കൊടി സുനിയടക്കം 10 പേരെ പ്രതി ചേർത്ത് കലാപശ്രമം അടക്കം വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. അതോടെ ജയിൽ വകുപ്പും പോലീസും സംഭവത്തിൽ തുടർനടപടികളൊന്നുമില്ലാതെ കേസ് പൂഴ്ത്തി.

സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ നടന്ന കലാപം ആകുമ്പോൾ പിന്നീട് എന്ത് തുടർനടപടി. മലബാർ മേഖലയിലെ ജയിലിലേക്ക് മാറ്റം ലഭിക്കാനായിരുന്നു സുനിയുടെ നീക്കം. തവനൂർ ജയിലിലേക്ക് ഉടൻ മാറ്റവും കിട്ടി. കൊടി സുനിയെ വിയ്യൂർ സെൻട്രൽ ജയിലിൽ കൊലപ്പെടുത്താൻ നീക്കമുണ്ടെന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യാജറിപ്പോർട്ട് ഉണ്ടാക്കി മുകളിലേക്കയച്ചത് ജയിൽ മാറ്റാനുദ്ദേശിച്ചായിരുന്നു. ആയിരത്തോളം ഫോൺവിളികൾ കൊടി സുനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താനുള്ള സൗകര്യം ലഭിച്ചെന്ന വിവരം പുറത്തുവന്നിരുന്നു. കൊടി സുനിയിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് തൃശൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിന് പിന്നീടുണ്ടായത് വലിയ പീഡാനുഭവങ്ങളാണ്. ഒരു ആരോപണം ഉണ്ടാക്കി ആദ്യം സ്ഥലം മാറ്റി പിന്നീട് സസ്‌പെൻഷനും. ഇദ്ദേഹം വിരമിച്ചതും സസ്‌പെൻഷനിലിരിക്കുമ്പോഴാണ്.

30 ദിവസത്തെ പരോൾ ലഭിച്ച് 2024 ഡിസംബർ 28 ന് കൊടി സുനി തവനൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ജയിലിൽ നിന്ന് പരോൾ ലഭിച്ച ഘട്ടങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സുനിക്ക് പരോൾ നൽകരുതെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ പ്രൊബേഷൻ ഓഫീസറും പരോൾ അനുവദിക്കുന്നതിനെ എതിർത്തിരുന്നു. ഈ രണ്ട് റിപ്പോർട്ടുകളും അനുകൂലമല്ലാതിരുന്നിട്ടും കൊടിസുനിയുടെ അമ്മ മനുഷ്യാവകാശകമ്മീഷന് നൽകിയ അപേക്ഷയുടെ പേരിലാണ് മുകളിൽ നിന്നുള്ള നിർദ്ദേശാനുസരണം ജയിൽമേധാവി പരോൾ അനുവദിച്ച് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിക്കുവേണ്ടി പൊളിറ്റിക്കൽ സെക്രട്ടറിയാണ് ജയിൽ ഡി.ഐ.ജിമാരുടേയും സൂപ്രണ്ടുമാരുടേയും യോഗം വിളിച്ചു നിർദ്ദേശങ്ങൾ നൽകാറുള്ളത്.

ടി.പി കേസിലെ പ്രതികളുടെ കാര്യത്തിൽ മാത്രമല്ല. സമാനമായ മറ്റ് രാഷ്ട്രീയ കൊലപാതകക്കേസുകളിലും ഇരകളുടെ കുടുംബത്തിനൊപ്പം നിൽക്കാതെ കൊലപാതകികളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ഭൂഷണമായേക്കാമെങ്കിലും മുഴുവൻ ജനങ്ങളേയും നീതിബോധത്തോടെ കാണേണ്ടുന്ന സർക്കാരിന് ഭൂഷണമല്ല.      

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img