10:26am 17 August 2026
NEWS
പൊതുസ്ഥലങ്ങളിലെ അനധികൃത കൊടികളും ബാനറുകളും: ഖജനാവ് ചോർത്തി അധികാരികളുടെ മൗനാനുവാദം; ഹൈക്കോടതിയുടെ ചാട്ടയടി
17/08/2026  08:21 AM IST
നിയമകാര്യ ലേഖകൻ
പൊതുസ്ഥലങ്ങളിലെ അനധികൃത കൊടികളും ബാനറുകളും: ഖജനാവ് ചോർത്തി അധികാരികളുടെ മൗനാനുവാദം; ഹൈക്കോടതിയുടെ ചാട്ടയടി

​കൊച്ചി: പൊതുസ്ഥലങ്ങൾ കയ്യേറി റോഡരികുകളിലും നടപ്പാതകളിലും കൊടികളും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഒരു നിത്യസംഭവമാണ്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ഈ അനധികൃത പ്രകടനങ്ങൾ കാഴ്ചാസുഖം കെടുത്തുക മാത്രമല്ല, പൊതുജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. എന്നാൽ, നിയമവിരുദ്ധമായ ഈ പ്രവണത തടയുന്നതിലും, അതിലൂടെ സർക്കാരിന് ലഭിക്കേണ്ട കോടികളുടെ വരുമാനം ഉറപ്പാക്കുന്നതിലും അധികാരികൾ കാണിക്കുന്ന അലംഭാവത്തിനെതിരെ ഒടുവിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിരിക്കുന്നു.
​കഴിഞ്ഞ വെള്ളിയാഴ്ച ഒരു അവലോകന ഹർജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന അധികാരികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾക്കും കൊടികൾക്കും എതിരെ ഫലപ്രദമായ പിഴയീടാക്കൽ സംവിധാനം സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
​റോഡരികുകൾ കയ്യേറി എണ്ണമറ്റ ബോർഡുകളും കൊടികളും ദിനംപ്രതി ഉയരുമ്പോഴും, അവയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക വളരെ തുച്ഛമാണ്. നിയമലംസ്ഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തത് വഴി സർക്കാരിന് നഷ്ടപ്പെടുന്നത് കോടിക്കണക്കിന് രൂപയുടെ പൊതുവരുമാനമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നിയമം നടപ്പാക്കേണ്ട ചുമതലയുള്ളവർ കണ്ണടയ്ക്കുമ്പോൾ അത് വലിയൊരു സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിവെക്കുന്നത്.
​പൊതുസ്ഥലങ്ങൾ സുരക്ഷിതമായി സംരക്ഷിക്കാനും നിയമം ശക്തമായി നടപ്പാക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും എൻഫോഴ്സ്മെന്റ് ഏജൻസികളും ഇനിയെങ്കിലും തയ്യാറാകണമെന്നാണ് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അനധികൃത ബോർഡുകൾക്കെതിരെയുള്ള നിയമലംസ്ഘനങ്ങൾ ഇനിമുതൽ ഗൗരവമായി കാണുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ അധികാരികളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തം പ്രതീക്ഷിക്കുന്ന ഹൈക്കോടതിയുടെ ഈ ഇടപെടൽ, പൊതുസ്ഥലങ്ങളുടെ കയ്യേറ്റങ്ങൾക്ക് കടിഞ്ഞാണിടുമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img